തൃശൂർ :
യുവ ദളിത് കവി കലേഷിന്റെ കവിത സര്‍വീസ് മാഗസിനില്‍ ദീപ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ യു.ജി.സി നടപടികൾ ആരംഭിച്ചു. വിശദമായ റിപ്പോർട്ട് സമർപ്പിക്കണം എന്നാവശ്യപ്പെട്ട് ദീപ നിശാന്ത് മലയാളം അധ്യാപികയായി ജോലി ചെയ്യുന്ന തൃശൂരിലെ കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പളിന് യു.ജി.സി. നോട്ടീസയച്ചു.
കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും മോഷണവിവാദത്തില്‍ കോളേജ് മാനേജ്മെന്റിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും യു.ജി.സിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കവിതാമോഷണവുമായി ബന്ധപ്പെട്ട് കോളേജ് തലത്തില്‍ അന്വേഷണം വല്ലതും നടന്നിട്ടുണ്ടോയെന്ന് കത്തില്‍ ആരാഞ്ഞിട്ടുണ്ട്. അന്വേഷണം നടന്നെങ്കില്‍ ആ റിപ്പോര്‍ട്ട് യു.ജി.സിക്ക് ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.
തൃശൂർ സ്വദേശി സി.ആര്‍. സുകുവാണ് കവിതാമോഷണ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്ത് യു.ജി.സിക്ക് പരാതി നല്‍കിയത്.
നേരത്തെ കവിത മോഷണം കയ്യോടെ പിടി കൂടിയപ്പോൾ ആദ്യം കലേഷ് ആണ് കോപ്പിയടിച്ചതെന്ന ധ്വനിയോടെ പ്രതികരിക്കുകയും, പിന്നീട് പ്രസ്തുത കവിത സുഹൃത്തായ ശ്രീചിത്രൻ തന്നതായിരുന്നു എന്ന് പറഞ്ഞു വിവാദങ്ങളിൽ നിന്നും തടിയൂരാനും ദീപ നിശാന്ത് ശ്രമിച്ചിരുന്നു. എന്നാൽ സാമൂഹികമാധ്യമങ്ങളിൽ ഉയർന്ന ശക്തമായ പ്രതിഷേധം മൂലം അവർക്കു കലേഷിനോട് മാപ്പു പറയേണ്ടി വന്നിരുന്നു.
തുടർന്ന് കുറച്ചു നാൾ നിശബ്ദമായിരുന്ന ദീപ നിശാന്ത് സി.പി.എമ്മിനെ പിന്തുണച്ചു കൊണ്ട് ശക്തമായി തിരിച്ചു വന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ സൈബർ സഖാക്കളെ വെല്ലുന്ന രീതിയിൽ സി.പി എമ്മിന് വേണ്ടി ന്യായീകരണങ്ങൾ നടത്തുകയും ചെയ്തു. ആലത്തൂരിലെ യു.ഡി.എഫിന്റെ ദളിത് വനിത സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെ അപഹസിക്കുന്ന പ്രതികരണങ്ങൾ നടത്തിയതിനു ദീപ കടുത്ത പ്രതിഷേധം നേരിട്ടിരുന്നു.
കവിത മോഷണ വിവാദത്തിൽ സി.പി.എമ്മിന്റെ സഹായം ലഭിക്കുവാനും, തുടർന്ന് വരുന്ന തിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റ് തരപ്പെടുത്തുകയുമാണ് സി.പി.എമ്മിനെ പിന്തുണയ്ക്കുന്നതിലൂടെ ദീപ നിശാന്ത് ഉന്നം വെക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു.