ന്യൂഡൽഹി:
നടിയെ ആക്രമിച്ച കേസില്‍ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉൾകൊള്ളുന്ന മെമ്മറി കാർഡ് തൊണ്ടിമുതലാണോ രേഖയാണോ എന്ന് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് വിചാരണ സ്റ്റേ ചെയ്യാൻ സുപ്രിം കോടതി തീരുമാനിച്ചത്. മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി വേനലവധിക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും. ജൂലൈ മൂന്നാം വാരമാകും ഹർജി വീണ്ടും പരിഗണിക്കുക.
രേഖയാണെങ്കില്‍ ദൃശ്യങ്ങള്‍ ദിലീപിനു കൈമാറണമോയെന്നു വിചാരണക്കോടതിക്കു തീരുമാനിക്കാമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. മെമ്മറി കാര്‍ഡ് തൊണ്ടിമുതലല്ല രേഖയാണെന്നാണ് ദിലീപിന്‍റെ വാദം. അതിനാല്‍ പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരേ വ്യാജ തെളിവുകൾ ഉണ്ടാക്കി പോലീസ് കേസെടുക്കുകയായിരുന്നുവെന്നും പോലീസിന്‍റെ കൈവശമുള്ള ദൃശ്യങ്ങളിൽ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിച്ചിരുന്നു.
എന്നാൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നൽകിയാൽ ഇരയുടെ സ്വകാര്യത നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്‍റെ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. വിചാരണയ്ക്ക് സ്റ്റേ വന്നതോടെ കേസ് വീണ്ടും നീണ്ടുപോകുമെന്ന് ഉറപ്പായിരിക്കുകയാണ്.