Mon. Dec 23rd, 2024

ടൂൾ കിറ്റ് കേസിൽ ഡെൽഹി പൊലീസ് അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവർത്തക ദിശ രവി ജയിലിൽ നിന്ന് പുറത്തിറങ്ങി. സർക്കാർ നയങ്ങളോട് വിയോജിക്കുന്നവരെയെല്ലാം ജയിലിൽ അടയ്ക്കാനാവില്ലെന്ന് ഡെൽഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞു. കർഷക സമരത്തിൽ ഗൂഢാലോചന ആരോപിച്ച് ടൂൾകിറ്റ് കേസിൽ ജയിലിലടച്ച ദിശ രവിക്കെതിരെ തെളിവിൻ്റെ കണിക പോലുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജാമ്യം അനുവദിച്ചുകൊണ്ട് പാട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ നടത്തിയ നിരീക്ഷണങ്ങൾക്ക് അതീവ പ്രാധാന്യമുണ്ട്. ഇതായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍:

ഒരു ജനാധിപത്യ സംവിധാനത്തിൽ പൗരന്മാർ സർക്കാരിൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരാണ്. സർക്കാർ നയങ്ങളോട് വിയോജിക്കാൻ പൗരന് ഭരണഘടന അവകാശം നൽകുന്നുണ്ട്. അങ്ങനെ വിയോജിക്കുന്നതിൻ്റെ പേരിൽ ഒരാളെ ജയിലിൽ അടയ്ക്കാനാവില്ല.

വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതും ടൂൾകിറ്റ് തയ്യാറാക്കുന്നതും കുറ്റകരമല്ല. ടൂൾ കിറ്റിൽ ഒരു തരത്തിലും അക്രമത്തിന് ആഹ്വാനമില്ല. ഗ്രേറ്റ തുന്‍ബര്‍ഗിന് ദിശ രവി അയച്ച ടൂൾ കിറ്റ് വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ എന്ന് വ്യക്തമല്ല. ആഗോളതലത്തിൽ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണ്. നിയമപരമായ ആശയ വിനിമയങ്ങൾക്ക് അതിർത്തി നിർണയിക്കാൻ കഴിയില്ല.

കർഷക പ്രക്ഷോഭത്തിൻ്റെ മറവിൽ വിദേശ രാജ്യങ്ങളിലെ എംബസികൾ ആക്രമിക്കാൻ ദിശയും കൂട്ടുകാരും പദ്ധതിയിട്ടുവെന്ന ഡെല്‍ഹി പൊലീസിന്‍റെ ആരോപണങ്ങള്‍ക്കും തെളിവില്ല. ഭാവിയിൽ തെളിവ് കിട്ടുമെന്ന പ്രതീക്ഷയിൽ പൊലീസിന് പൗരൻ്റെ സ്വാതന്ത്ര്യം തടയാനാവില്ല. അപര്യാപ്തവും അപൂർണവുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 23 വയസുള്ള ഒരു പെൺകുട്ടിയെ കസ്റ്റഡിയിൽ വെക്കാനാവില്ല.

സർക്കാരിനോട് വിയോജിക്കുന്നതിൻ്റെയും വിമർശിക്കുന്നതിൻ്റെയും പേരിൽ നിരവധി പേര്‍ രാജ്യത്തെ ജയിലുകളിൽ കഴിയുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് റാണയുടെ നിരീക്ഷണങ്ങള്‍ക്ക് പ്രാധാന്യമേറുന്നത്. ഭീമ കൊറേഗാവ് മുംബൈയിലെ തലോജ ജയിലിൽ കഴിയുന്ന 82 വയസുകാരനായ കവി വരവര റാവുവിന് ചികിത്സക്ക് വേണ്ടി കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. ഓർമ്മക്കുറവും ഹൃദ്രോഗവും ഉള്ള അദ്ദേഹത്തിന് ജയിലില്‍ വച്ച് കോവിഡും ബാധിച്ചിരുന്നു. അദ്ദേഹത്തിന് ചികിത്സക്ക് വേണ്ടി ജാമ്യം കിട്ടാൻ നീണ്ട നിയമയുദ്ധം വേണ്ടിവന്നു.

പാർക്കിൻസൺ രോഗിയായ 83 വയസുള്ള ഫാദർ സ്റ്റാൻ സ്വാമിക്ക് ജയിലിൽ വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പറും ലഭിക്കാനും വലിയ നിയമയുദ്ധങ്ങൾ വേണ്ടിവന്നു. ചികിത്സക്ക് വേണ്ടി ജാമ്യം വേണമെന്ന അദ്ദേഹത്തിന്‍റെ ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. ഹൃദ്രോഗിയായ സുധ ഭരദ്വാജിനും ജാമ്യം ലഭിച്ചിട്ടില്ല. 16 പേരാണ് ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്നത്. അഭിഭാഷകർ, അധ്യാപകർ, പൗരാവകാശ പ്രവർത്തകർ ഒക്കെയാണ്. പലരും രണ്ട് വർഷമായി വിചാരണ തടവുകാരാണ്.

ഡെൽഹി കലാപ കേസിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത 21 പേരാണ് ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്നത്. കലാപത്തിന് ഗൂഢാലോചന നടത്തിയതായി ആരോപിച്ചാണ് അവരെ കേസിൽ പെടുത്തിയത്. ഗർഭിണിയായ സഫൂറ സർഗാറിനെ പോലും ജയിലിൽ അടച്ചു. എന്നാൽ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നതിന് വീഡിയോ തെളിവുകളുള്ള ബിജെപി നേതാവ് കപിൽ മിശ്രയെ പോലുള്ളവർ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നു.

കർഷക സമരത്തിൽ പങ്കെടുത്തതിനും പിന്തുണച്ചതിനും നിരവധി പേരെ അറസ്റ്റ് ചെയ്തു. തൊഴിലാളി നേതാവായ ദലിത് സത്രീ നവദീപ് കൗർ അതിൽ ഉൾപ്പെടുന്നു. 23 വയസ് മാത്രമാണ് അവരുടെ പ്രായം, ദിശാ രവിയുടെ അതേ പ്രായം. കൊലപാതക ശ്രമം ഉൾപ്പെടെയാണ് അവർക്കെതിരെ ചുമത്തപ്പെട്ടത്. പൊലീസ് കസ്റ്റഡിയിൽ അവർ മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അവർ ഇപ്പോൾ ഹരിയാനയിലെ കർണാൽ ജയിലിലാണ്.

ഇങ്ങനെ നൂറ് കണക്കിന് പേർ യുഎപിഎ ചുമത്തപ്പെട്ടും രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടും ജയിലുകളിൽ കഴിയുകയാണ്. ഇവരെല്ലാം ചെയ്ത കുറ്റം ഭരണകൂട നയങ്ങളോട് വിയോജിക്കുകയും വിമർശിക്കുകയും എതിർക്കുകയും ചെയ്തു എന്നതാണ്. ഇവരാരും ഒരു കേസിലും ശിക്ഷിക്കപ്പെട്ടവരല്ല, മറിച്ച് ദീര്‍ഘകാലമായി വിചാരണ തടവുകാരാണ്.

ജയിലല്ല ബെയിലാണ് നിയമമെന്ന് സുപ്രീം കോടതി പല തവണ പറഞ്ഞിട്ടുണ്ട്‌. അപൂർവ സാഹചര്യത്തിലേ ജയലിലേക്ക് അയക്കാവൂ. എന്നാൽ നമ്മുടെ കാലത്ത് ജയിലാണ് നിയമം, ജാമ്യം അപൂർവമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. യുഎപിഎ ചുമത്തപ്പെടുന്ന കേസുകളില്‍ ജാമ്യം ലഭിക്കുകയെന്നത് അസാധാരണമാണ്.

ഗുരുതരമായ കുറ്റങ്ങൾ ആരോപിക്കപ്പെട്ടത് കൊണ്ട് മാത്രം വിചാരണ തടവുകാർ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ ജീവിക്കണോ എന്നാണ് വരവര റാവുവിന് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ചോദിച്ചത്. ഈ ചോദ്യം അകാരണമായി കുറ്റങ്ങള്‍ ചുമത്തപ്പെട്ട അനേകം പേരുടെ കാര്യത്തിലും പ്രസക്തമാണ്.