Fri. Nov 22nd, 2024

ആറ് എംഎൽഎമാർ കാലുമാറിയതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട പുതുച്ചേരിയിലെ വി നാരായണ സ്വാമി സർക്കാർ നിലംപതിച്ചു. ഒരു മാസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് നാരായണ സ്വാമി രാജിവെച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ ഒന്നോ രണ്ടോ മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് ഈ നാടകം അരങ്ങേറുന്നത്.

33 അംഗ സഭയിൽ 19 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷം കോൺഗ്രസ്- ഡിഎംകെ മന്ത്രിസഭക്ക് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസം രണ്ട് മന്ത്രിമാർ ഉൾപ്പെടെ ആറ് പേർ രാജിവെച്ചതോടെയാണ് ഭൂരിപക്ഷം നഷ്ടമായത്. ഒരാളെ നേരത്തെ അയോഗ്യനാക്കിയിരുന്നു. ഇതോടെ 26 അംഗങ്ങളായി കുറഞ്ഞ സഭയിൽ എൻ രംഗസ്വാമി നയിക്കുന്ന ആൾ ഇന്ത്യ എൻആർ കോൺഗ്രസ്, എഐ ഡിഎംകെ, ബിജെപി സഖ്യത്തിന് 14 സീറ്റുകളോടെ ഭൂരിപക്ഷം നേടാൻ കഴിഞ്ഞു.

പുതുച്ചേരി നിയമസഭയിൽ ബിജെപിക്ക് ജനങ്ങൾ തെരഞ്ഞെടുത്ത ഒറ്റ എംഎൽഎ പോലുമില്ല എന്നതാണ് വിചിത്രമായ കാര്യം. 2017ൽ കേന്ദ്ര സർക്കാർ നോമിനേറ്റ് ചെയ്ത മൂന്ന് പേരാണ് സഭയിലെ ബിജെപി എംഎൽഎമാർ. സംസ്ഥാനത്ത് ബിജെപി എന്ന പാർട്ടിക്കും താരതമ്യേന സ്വാധീനം കുറവാണ്. 20l6 ലെ തെരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി പരാജയപ്പെടുകയായിരുന്നു. 19304 വോട്ടുകൾ മാത്രം നേടിയ ബി ജെ പി ക്ക് 2.4 ശതമാനം മാത്രമാണ് ലഭിച്ചത്.

നോമിനേറ്റ് ചെയ്യപ്പെട്ട മൂന്ന് എംഎല്‍എമാരുടെ കൂടി പിന്തുണയോടെയാണ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രം നോമിനേറ്റ് ചെയ്ത എംഎൽഎമാർക്ക് വോട്ടവകാശം നൽകുന്നത് അംഗീകരിക്കാനാകുമോ?

നേരത്തെ തന്നെ സർക്കാരിൻ്റെ പ്രവർത്തനങ്ങളെ നിരന്തരം തടസപ്പെടുത്താൻ ലെഫ്റ്റൻ്റ് ഗവർണറായിരുന്ന കിരൺ ബേദി ശ്രമിച്ചിരുന്നു എന്ന ആരോപണമുണ്ട്. വിമർശനങ്ങൾ നേരിട്ട കിരൺ ബേദിയെ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി പകരം തമിളിസൈ സൗന്ദരരാജന് ചുമതല നൽകി. എംഎൽഎമാരുടെ രാജിക്ക് പിന്നിലും കിരൺ ബേദി പ്രവർത്തിച്ചിരുന്നു.

കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഭരണം നിലനിൽക്കുന്ന പുതുച്ചേരി പിടിക്കുന്നതോടെ ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന ലക്ഷ്യത്തിൽ ഒരു പടി മുന്നോട്ട് പോകാന്‍ ബിജെപിക്ക് കഴിഞ്ഞു. എന്നാൽ പുതുച്ചേരി മാത്രമല്ല തമിഴ്നാട് കൂടിയാണ് ബിജെപിയുടെ ലക്ഷ്യം. പുതുച്ചേരിയിൽ നാരായണ സ്വാമി സര്‍ക്കാരിന്‍റെ പതനം കോൺഗ്രസിന് മാത്രമല്ല ഡിഎംകെക്കും തിരിച്ചടിയാണ്. തമിഴ്നാട് നിയമസഭ തെര‍ഞ്ഞെടുപ്പില്‍ അതിന്‍റെ സ്വാധീനമുണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

കർണാടകത്തിലും മധ്യപ്രദേശിലും വിജയിക്കുകയും രാജസ്ഥാനിൽ പരാജയപ്പെടുകയും ചെയ്ത അതേ അട്ടിമറി തന്ത്രമാണ് ബിജെപി പുതുച്ചേരിയിലും പ്രയോഗിച്ചത്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകൾ മാത്രമല്ല ജനാധിപത്യം തന്നെയാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. ജനവിധിയെ പരിഹാസ്യമാക്കുകയാണ് സ്വയം വിൽക്കുന്ന എംഎൽഎമാരും എന്ത് വില കൊടുത്ത് വാങ്ങാൻ തയ്യാറാകുന്ന പാർട്ടികളും ചെയ്യുന്നത്.