Wed. Nov 6th, 2024

ഡിഎംആർസിയുടെ ഉപദേഷ്ടാവും സാങ്കേതിക വിദഗ്ധനുമായ ഏലാറ്റുവളപ്പിൽ ശ്രീധരൻ ബിജെപിയിൽ ചേരുന്നതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് അറിയിച്ചത്. കാസർകോട് നിന്ന് തുടങ്ങുന്ന ബിജെപിയുടെ വിജയ യാത്രയിൽ അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകും. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് കെ സുരേന്ദ്രനും ശ്രീധരനും സ്ഥിരീകരിച്ചിട്ടുണ്ട്.

ബിജെപിയിൽ ചേരുന്നത് നാടിനെ സേവിക്കാനാണ് എന്നാണ് ‘മെട്രോ മാന്‍’ അവകാശപ്പെടുന്നത്. തൻ്റെ പിന്നാലെ ബിജെപിയിലേക്ക് ആളുകൾ ഒഴുകിയെത്തുമെന്നാണ് ശ്രീധരന്‍റെ അവകാശവാദം. ഇതോടെ സംസ്ഥാനത്ത് ബി ജെ പിയുടെ വോട്ട് ഇരട്ടിയാകും. മോദി അധികാരത്തിൽ എത്തിയത് മുതൽ ബിജെപി അനുഭാവിയാണ് അദ്ദേഹം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹവുമായി അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്.

സാങ്കേതിക വിദഗ്ധനായ എഞ്ചിനീയര്‍ എന്ന നിലയില്‍ കേരളത്തിലും പുറത്തും അംഗീകാരം പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് ശ്രീധരന്‍. കൊങ്കൺ റെയിൽവെ, ഡെൽഹി മെട്രോ, കൊച്ചി മെട്രോ, കൊൽക്കത്ത മെട്രോ, കൊച്ചി ഷിപ്യാഡ് എന്നിവിടങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ സാങ്കേതിക വൈദഗ്ധ്യത്തിൻ്റെ മുദ്ര പതിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സേവനങ്ങളുടെ അംഗീകാരമെന്ന നിലയില്‍ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

അകന്നുനില്‍ക്കുന്ന മനുഷ്യരെയും പ്രദേശങ്ങളെയും അടുപ്പിക്കുന്നതിനുള്ള പാലങ്ങളും റെയില്‍വെയും റോഡുകളും എല്ലാം നിര്‍മ്മിക്കുന്നതിലാണ് ശ്രീധരന് വൈദഗ്ധ്യമുള്ളത്. അതിനാണ് ജനങ്ങള്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. അതേ സമയം രാജ്യത്തെ ഭിന്നിപ്പിക്കുകയും കലാപങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിലാണ് ബിജെപിയും സംഘപരിവാറും ഏര്‍പ്പെട്ടിട്ടുള്ളത്. ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിന്‍റെ സോഷ്യല്‍- പൊളിറ്റിക്കല്‍ എഞ്ചിനീയറിംഗ് ആണ് അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ബിജെപിയില്‍ ചേരുന്നതോടെ സംഘപരിവാര്‍ നടപ്പാക്കുന്ന രാഷ്ട്രത്തെയും ജനങ്ങളെയും ശിഥിലീകരിക്കുന്ന ദൗത്യമാണ് ശ്രീധരന് നിര്‍വഹിക്കാനുള്ളത്. ജനങ്ങളെ വർഗീയമായി വിഭജിക്കുകയും കലാപങ്ങൾ സൃഷ്ടിക്കുകയും കോർപ്പറേറ്റ് താൽപര്യങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന ബിജെപിയിലൂടെ എന്ത് രാഷ്ട്ര സേവനമാണ് ശ്രീധരൻ നിർവഹിക്കാൻ പോകുന്നത്?