Fri. Nov 22nd, 2024

കേന്ദ്ര സർക്കാരിൻ്റെ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പറയുന്നു. നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പറഞ്ഞാൽ നടപ്പാക്കില്ല എന്നാണ് അർത്ഥമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് എൽഡിഎഫ് കാസർകോട് നിന്നാരംഭിച്ച വടക്കൻ മേഖല ജാഥയുടെ ഉദ്ഘാടന ചടങ്ങിലാണ്.

കർഷക സമരത്തിന് മുമ്പ് മോദി സർക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം ആയിരുന്നു. നിയമത്തിനെതിരെ കേരളത്തിലും വ്യാപക സമരങ്ങൾ നടന്നു
നിരവധി സംഘടനകൾ സമരത്തിൽ പങ്കെടുത്തു. റാലികൾ, സമ്മേളനങ്ങൾ, ഉപരോധങ്ങൾ, സത്യഗ്രഹങ്ങൾ, ബഹിഷ്കരണ ആഹ്വാനങ്ങൾ എല്ലാം നടന്നു. കേരള നിയമസഭ നിയമത്തിനെതിരെ പ്രമേയം പാസാക്കി. കേരളം നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്തവര്‍ക്കെതിരേ കേസെടുക്കില്ലെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നുമായിരുന്നു മുഖ്യമന്ത്രി 2020 ഫെബ്രുവരി 3ന് നിയമസഭയില്‍ പറഞ്ഞത്. ഡി ജി പി ലോകനാഥ് ബെഹറയും ഇത് ആവർത്തിച്ചു. അതേസമയം സംസ്ഥാനത്ത് 519 കേസുകളാണ് പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ തുടരുന്നത്.

2019 ഡിസംബര്‍ 17ന് പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ് പി, പോരാട്ടം, ഡിഎച്ച്ആര്‍എം, തുടങ്ങിയ സംഘടനകള്‍ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.അതിനെ പിന്തുണച്ചുകൊണ്ട് എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ഒരു പ്രസ്താവന ഇറക്കി.

കേസെടുക്കില്ലെന്ന പ്രഖ്യാപനം നിലവിലുള്ളപ്പോഴാണ് ഹര്‍ത്താലിന് ആഹാനം ചെയ്യുകയും പ്രസ്താവനയില്‍ ഒപ്പുവെക്കുകയും ചെയ്ത 46 പേര്‍ക്ക് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് 46 പേര്‍ക്ക് സമന്‍സ് അയച്ചത്. ജെ ദേവിക, ടി ടി ശ്രീകുമാര്‍, കെ അംബുജാക്ഷന്‍, കെ കെ ബാബുരാജ്, എൻ പി ചെക്കുട്ടി, എ വാസു തുടങ്ങിയവർ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ പലരും ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രകടനങ്ങളിലോ സമ്മേളനങ്ങളിലോ ഒന്നും പങ്കെടുത്തിട്ടില്ല.

ഒരു വശത്ത് കേസെടുക്കില്ല എന്ന് പറയുകയും മറ്റുവശത്ത് കേസെടുത്ത്
കോടതിയിലേക്ക് അയക്കുകയും ചെയ്യുന്നത് പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണ് എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.