Wed. Jan 22nd, 2025

പബ്ളിക് സർവീസ് കമ്മീഷൻ തയ്യാറാക്കിയ വിവിധ റാങ്ക് ലിസ്റ്റുകളിൽ പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ തുടങ്ങിയ സമരം 22 ദിവസം പിന്നിട്ടു.  സമരം ചർച്ചയിലൂടെ ഒത്തുതീർക്കാൻ സർക്കാർ ഇനിയും തയ്യാറായിട്ടല്ല. മഞ്ഞും വെയിലും വകവെക്കാതെയാണ് അവര്‍ രാവും പകലും സമരം നടത്തുന്നത്.

നിലവിലുള്ള റാങ്ക്ലിസ്റ്റുകളിൽ നിന്ന് ഊര്‍ജിതമായി നിയമനം നടത്തണമെന്നും കോവിഡ് കാലത്ത് ജൂണിൽ കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റുകൾ പുനസ്ഥാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഒപ്പം  പിൻവാതിൽ നിയമനങ്ങളും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതും അവസാനിപ്പിക്കണം.

മുട്ടിലിഴഞ്ഞും ശവമഞ്ചമേന്തിയും പ്രതീകാത്മക സമരങ്ങൾ നടത്തുന്നു. ആത്മാഹുതി ശ്രമവും ആത്മഹത്യാ ശ്രമവും സമരത്തിൻ്റെ ഭാഗമായി നടന്നു. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കി പ്രയോഗവും നടത്തി. തലസ്ഥാന നഗരം സംഘര്‍ഷഭൂമിയായി മാറിയിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ യുവജന വിദ്യാര്‍ത്ഥി സംഘടനകളും സമരത്തിന് പിന്തുണ നല്‍കി രംഗത്തുണ്ട്.

എന്നാല്‍ സമരം ചെയ്യുന്ന സംഘടനകളുമായോ നേതൃത്വവുമായോ ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും സമരം അവസാനിപ്പിക്കേണ്ടത് നേതൃത്വം നല്‍കേണ്ടവരാണ് എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട്. സമരത്തിന് പിന്നില്‍ രാഷ്ടീയ ഗൂഢാലോചനയുണ്ടെന്നും നുഴഞ്ഞുകയറി കലാപം സൃഷ്ടിക്കാന്‍ ശ്രമമുണ്ടെന്നും മന്ത്രിമാരും സിപിഎം നേതാക്കളും പറയുന്നു.

കര്‍ഷക സമരത്തെക്കുറിച്ച് സമാനമായ നിലപാടാണ് നരേന്ദ്ര മോദി സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. സമരത്തിന് പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഗൂഢാലോചനയുണ്ടെന്നും കലാപമുണ്ടാക്കാൻ ഖലിസ്ഥാൻ വാദികളും അർബൻ നക്സലൈറ്റുകളും ശ്രമിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു.

കർഷക സമരത്തോട് നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്ന സമീപനമാണോ പിണറായി വിജയൻ യുവാക്കളുടെ സമരത്തോട് സ്വീകരിക്കേണ്ടത്?