രാജന്‍റെ മക്കള്‍ക്ക് വസ്തു വിട്ടുനല്‍കില്ലെന്ന് അയല്‍ക്കാരി വസന്ത

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് വസന്തയെ വീട്ടില്‍ നിന്ന് മാറ്റി.

0
168
Reading Time: < 1 minute

തിരുവനന്തപുരം:

നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച രാജന്‍- അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് വസ്തു വിട്ടുനില്‍കില്ലെന്ന് അയല്‍വാസി വസന്ത. നിയമത്തിന്‍റെ മുന്നില്‍ തന്നെ മുട്ടുകുത്തിച്ചിട്ട് വേണമെങ്കില്‍ വസ്തു ഏറ്റെടുക്കാമെന്ന് വസന്ത മാധ്യമങ്ങളോട് പറഞ്ഞു.

മക്കള്‍ക്ക് ഭൂമി എഴുതികൊടുക്കണമെങ്കില്‍ തന്‍റെ കഴുത്തറത്ത് കൊല്ലണം അല്ലെങ്കില്‍ തൂക്കിലേറ്റണം എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് വസന്തയുടെ അറത്ത് മുറിച്ചുള്ള മറുപടി.

എന്നാല്‍ വസന്ത ഇത്തരത്തില്‍ പ്രതികരിക്കുമ്പോള്‍ കോളനിവാസികള്‍ കൂവി വിളിക്കുന്ന ഒരു കാഴ്ചയും ഉണ്ടായിരുന്നു. കൊലയാളിയായ വസന്തയെ അറസ്റ്റ് ചെയ്യുക എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധം ശക്തമായതോടെ പൊലീസ് വസന്തയെ മറ്റൊരിടത്തേക്ക് മാറ്റി.

അറസ്റ്റ് ചെയ്ത് ജയിലില്‍ പോകേണ്ടി വന്നാലും ഇത് എന്‍റെ വസ്തു ആണെന്ന് തെളിയിക്കും വരെ നിയമ പോരാട്ടം തുടരുമെന്നാണ് വസന്ത പറയുന്നത്.

താന്‍ ക്ഷമിച്ചേനെ, പക്ഷേ കോളനിക്കാര്‍ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചെന്ന് വസന്ത വാദിച്ചു. പാവങ്ങള്‍ക്ക് വസ്തുവിട്ടുകൊടുക്കും. പക്ഷേ തന്‍റെ വസ്തുവില്‍ കയറി കുടില്‍ കെട്ടി ഗുണ്ടായിസം കാട്ടിയവര്‍ക്ക് വസ്തു വിട്ടുകൊടുക്കില്ലയെന്നാണ് ഇവര്‍ ആവര്‍ത്തിക്കുന്നത്.

രണ്ട് ജീവന്‍ പോയല്ലോ ഇനിയെങ്കിലും ക്ഷമിച്ചൂടെ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ ക്ഷമിച്ചത് കൊണ്ടല്ലെ അവിടെ മൃതദേഹം സംസ്കരിക്കാന്‍ തയ്യാറായത് എന്നായിരുന്നു വസന്തയുടെ മറുപടി.ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ആരെയും ദ്രോഹിച്ചിട്ടില്ലെന്നും വസന്ത മാധ്യമങ്ങളോട് പറഞ്ഞു.

Advertisement