രണ്ട് മക്കളുമൊത്ത് ജീവിച്ചിരുന്ന വീട്ടില്‍ നിന്ന് കുടിയിറക്കാന്‍ നടന്ന ശ്രമത്തെ പ്രതിരോധിക്കുന്നതിന് ആത്മഹത്യ ഭീഷണി പ്രയോഗിക്കുന്നതിനിടയിലാണ് നെയ്യാറ്റിന്‍കര പോങ്ങിൽ സ്വദേശി രാജനും (47) ഭാര്യ അമ്പിളി(40)യും പൊള്ളലേറ്റ് മരിച്ചത്. അയല്‍വാസി നല്‍കിയ കേസില്‍ കോടതിയുടെ ഉത്തരവുമായെത്തിയ പോലീസിനും അഭിഭാഷകകമ്മിഷനും മുന്‍പില്‍ വെച്ചാണ് രാജൻ തീ കൊളുത്തിയത്. കുടിയിറക്കാനെത്തിയവര്‍ക്കു മുമ്പില്‍ കരുണയ്ക്കു യാചിച്ച് നടക്കാതെ വന്നപ്പോള്‍ ഭാര്യ അമ്പിളിയെ ചേർത്തുപിടിച്ച് സിഗററ്റ് ലൈറ്റര്‍ കത്തിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെയാണ് ദാരുണമായ സംഭവം.
ചികിത്സയിലായിരുന്ന രാജന്‍ തിങ്കളാഴ്ച പകലും അമ്പിളി സന്ധ്യയോടെയുമാണ് മരിച്ചത്. ലൈറ്റര്‍ തട്ടിപ്പറിക്കാന്‍ പോലിസ് ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ കൈതട്ടി പൊള്ളലേറ്റുവെന്നാണ് ഔദ്യോഗികഭാഷ്യം. എന്നാലിത് അബദ്ധമല്ലെന്നും മനപൂര്‍വ്വമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.വാദങ്ങളും വിവാദങ്ങളും എന്തായാലും രണ്ടു പറക്കമുറ്റാത്ത ദരിദ്രരായ കുട്ടികള്‍ അനാഥരായി എന്നതാണ് വസ്തുത. എന്നാല്‍ രാജന്‍റെയും അമ്പിളിയുടെയും മരണം കോടതി ഉത്തരവ് നടപ്പാക്കാന്‍ പൊലിസ് കാട്ടിയ അനാവശ്യ തിടുക്കം കൊണ്ട് മാത്രമുണ്ടായതല്ലെന്ന് ദളിത് മഹാസഭയുടെ സംസ്ഥാന പ്രസിഡന്‍റും സര്‍ഫാസി വിരുദ്ധ ജനകീയ സമിതി നേതാവുമായ സിഎസ് മുരളി പറയുന്നു.
”നെയ്യാറ്റിന്‍കരയില്‍ പുറമ്പോക്ക് ഭൂമിയില്‍ അനധികൃതമായി താമസിച്ചവരെ കോടതിയുത്തരവ് പ്രകാരം നടന്ന കുടിയൊഴിപ്പിക്കലാണെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ഏറ്റവും ദരിദ്രരായ ഭൂമിയില്ലാത്ത മനുഷ്യരാണ് റോഡിന്‍റെയും തോടിന്‍റെയും പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസിക്കുന്നതെന്നു നാം മനസിലാക്കണം. എന്തെങ്കിലും നിവൃത്തിയുള്ളവര്‍ അഭിമാനം സംരക്ഷിക്കാന്‍ വാടകവീട്ടുകളിലേക്കെങ്കിലും മാറും. ഇവരെങ്ങനെ ഭൂമിയില്ലാത്തവരായി എന്നു പരിശോധിച്ചാല്‍ സര്‍ക്കാരുകള്‍ മുമ്പ് നടത്തിയ ഭൂപരിഷ്കരണങ്ങളുടെയെല്ലാം ഭാഗമായി മിച്ചം വന്ന മനുഷ്യരാണെന്നു മനസിലാകും. 56,000 ഏക്കര്‍ ഭൂമി ഹാരിസണിന്‍റെയും ടാറ്റയുടെയും കൈയിലുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ്. അവരെയൊന്നും കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കാതെ, പരമദരിദ്രരെ കുടിയൊഴിപ്പിക്കാത്തതിലെ വൈരുദ്ധ്യമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. യഥാര്‍ത്ഥ വിഷയത്തെ പലരും അഭിമുഖീകരിക്കുന്നില്ല ആരും. കൈയേറ്റക്കാര്‍ എന്ന് ഇവരെ ചിത്രീകരിക്കുന്ന സമൂഹമാധ്യമങ്ങളിലെ ‘ശുദ്ധഗതിക്കാര്‍’ ആരാധനാലയങ്ങളും തദ്ദേശ സ്ഥാപനങ്ങളും കച്ചവടക്കാരും കൈയേറിയ റോഡുകളെയും തോടുകളെയും കനാലുകളെയും പറ്റി മൗനം പാലിക്കുന്നു. ഇവിടെ വലിയ ഷോപ്പിംഗ് മാളുകളുടെയും തിയെറ്ററുകളുടെയും അടിയില്‍ കൂടി റോഡുകളും തോടുകളും പോകുന്നുണ്ട്. ഇതൊക്കെയാണ് ചോദ്യം സമൂഹം ചെയ്യേണ്ടത്”
വീടും ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ട നിരവധി പേര്‍ പുറമ്പോക്കുകളില്‍ കുടില്‍ കെട്ടി താമസിക്കുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ളവരുടെ പേടി സ്വപ്നമാണ് ഒരു സുപ്രഭാതത്തില്‍ നിയമത്തിന്‍റെ കരം തങ്ങളെ വലിച്ചു പുറത്തിറങ്ങുന്നത്. തന്നെ ആശ്രയിച്ചു കഴിയുന്ന കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും മുന്നില്‍ കുറ്റവാളിയെപ്പോലെ ചൂളി നില്‍ക്കുന്നതു പലരുടെയും മനസ്സാന്നിധ്യം തകര്‍ക്കും. മറ്റൊരു ആശ്രയവുമില്ലാതെ വരുമ്പോഴാണ് ഒരാള്‍ തലചായ്ക്കാന്‍ അനധികൃതമായി കൈയേറിയ തുണ്ടു ഭൂമിയില്‍ കൂരകെട്ടുന്നത്. ഇങ്ങനെ താമസിക്കുന്നവര്‍ക്ക് തന്നെ അറിയാം ഏതു സമയവും നിയമം തങ്ങളെ കുടിയിറക്കുമെന്ന്. എന്നാല്‍ നിയമത്തിന്‍റെ കണ്ണ് ഭൂതദയയുള്ളതായിരിക്കണം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ പാവപ്പെട്ടവരോട് നിയമത്തിനും അധികൃതര്‍ക്കും എന്നും ചിറ്റമ്മനയമായിരുന്നു.
നിയമം മനുഷ്യത്വരഹിതമായി പെരുമാറുമ്പോള്‍ അവര്‍ വൈകാരികമായി ജീവന്‍റെയും മണ്ണിന്‍റയും നിലനില്‍പ്പ് അപകടത്തിലാകുമ്പോഴാണ് ആത്മഹത്യാശ്രമം ഒരു സമ്മര്‍ദ്ദ തന്ത്രമായി മാറുന്നത്. പ്രധാനമായും ഭൂവിതരണത്തിലെ അപാകതകളും ഈട് വെച്ച ഭൂസ്വത്തും നഷ്ടമാകുമെന്ന ഭീതിയും കക്ഷികളെ പരിഭ്രാന്തരാക്കുന്നതിനൊപ്പം പോലിസിന്‍റെയും ഉദ്യോഗസ്ഥരുടെയും നിലപാടുകളാണ് അവരെ വൈകാരികമായി ഇത്തരമൊരു പ്രതികരണത്തിലേക്ക് നയിക്കുന്നത്. പതിനായിരക്കണക്കിനു പേര്‍ ജപ്തി ഭീഷണി നേരിടുന്ന കേരളത്തില്‍ ആത്മഹത്യാമുനമ്പിലാണ് പലരും. ജപ്തി നടപടിയില്‍ നിന്നു പോലിസിനെ പിന്തിരിപ്പിക്കാന്‍ ജീവന്‍ വെച്ചുള്ള ഏതു ഞാണിന്മേല്‍ക്കളിക്കും സാധാരണക്കാരന്‍ തയാറാകും. നിരവധി പേര്‍ കുടിയിറക്കു ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യാമുനമ്പിലാണെന്ന വാസ്തവത്തിനു മുമ്പിലാണ് സംസ്ഥാനം ഇന്നു നില്‍ക്കുന്നത്. കോവിഡ് ഇളവുകള്‍ തീരുമ്പോഴുണ്ടാകുന്ന വായ്പാ മോറട്ടോറിയവും ജപ്തി നടപടികളും സംസ്ഥാനത്തെ വലിയൊരു വിഭാഗത്തെ എന്തു കടുംകൈക്കും പ്രേരിപ്പിക്കുന്ന സാഹചര്യമാണ്.
ഇവിടെ തിരിച്ചറിയേണ്ടത് നീതിന്യായങ്ങള്‍ക്കപ്പുറം നിയമത്തിന്‍റെ സാങ്കേതികത നോക്കിയാണ് പലപ്പോഴും പോലിസും നീതിപീഠവും ഇത്തരം കേസുകളില്‍ ഇടപെടാറുള്ളതെന്ന കാര്യമാണ്. തുല്യനീതിയെന്നതു പോകട്ടെ, പാവപ്പെട്ടവരെ ദ്രോഹിക്കാനാണ് അധികൃതര്‍ നടപടികളില്‍ കാണിക്കുന്ന അനാവശ്യ ധൃതിയെന്ന് ജനം വിശ്വസിക്കുന്ന നിലയിലാണ് കാര്യങ്ങളുടെ കിടപ്പ്. അനിയന്ത്രിതമായ കാലാവസ്ഥാവ്യതിയാനം മൂലം കര്‍ഷകര്‍ ദുരിതത്തിലാണ്. മറ്റു തൊഴില്‍ രംഗങ്ങളിലും പരമ്പരാഗത രംഗത്തും അവസരങ്ങള്‍ കുറഞ്ഞു. വരുമാനം കുറഞ്ഞതിനാലും സാമൂഹ്യ അകലം പാലിക്കല്‍ പോലുള്ള നിയന്ത്രണങ്ങളാലും ചെറുകിടക്കച്ചവടക്കാരും ബുദ്ധിമുട്ടിലാണ്. ഉപജീവനമാര്‍ഗം തുറക്കാന്‍ വായ്പയെടുക്കേണ്ടി വന്നവര്‍ നിത്യജീവിതം മുന്നോട്ടു കൊണ്ടു പോകാനും കടം വാങ്ങേണ്ട സ്ഥിതിയിലാണ്. അതിനു പുറമെയാണ് ബാങ്കുകളുടെ ജപ്തി നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന സര്‍ഫാസി പോലുള്ള കരിനിയമങ്ങള്‍.
സര്‍ഫാസി നിയമത്തിന്‍റെ പേരില്‍ പലയിടത്തും നടക്കുന്നത് പകല്‍ക്കൊള്ളയാണ്. സര്‍ഫാസി നിയമത്തിനിരയായി വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട സാധാരണക്കാരായ തൊഴിലാളികളും കൂലിപ്പണിക്കാരും ധാരാളമുള്ളയിടമാണ് കേരളം. കാര്‍ഷികവൃത്തിയിലൂടെ ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന അനവധി പേരുടെ വായ്പ തിരിച്ചടവുകള്‍ മുടങ്ങിപ്പോയി. എല്ലാവരും കുടിയിറക്ക് ഭീഷണിയിലുമായി. വയനാട്ടില്‍ മാത്രം ഇത്തരത്തില്‍ 8370 ആളുകളാണ് സര്‍ഫാസിനിയമത്തിന്‍റെ പേരില്‍ ഭവനരഹിതരായത്. തിരുവനന്തപുരത്ത് 1400ഓളവും ഇടുക്കിയില്‍ 808, പാലക്കാട്ട് 606 എന്നിങ്ങനെയും മാത്രമാണ് സര്‍ഫാസി ബാധിത കര്‍ഷകരുടെ എണ്ണം
സാധാരണ ഗതിയില്‍ ബാങ്കുകള്‍ വായ്പ നിഷേധിക്കുന്ന പിന്നാക്ക വിഭാഗങ്ങളാണ് അവിടെ നിന്നു തന്നെ വളഞ്ഞ മാര്‍ഗ്ഗത്തില്‍ ധനസഹായം ലഭ്യമാക്കാന്‍ നോക്കുന്നത്. അത് പലരെയും എത്തിക്കുന്നത് ചൂഷണത്തിന്‍റെ ചൂണ്ടക്കൊളുത്തിലേക്കാണ്. ഇത്തരത്തില്‍ ബാഹ്യ ഏജന്‍സികളുടെയും കൊള്ളപ്പലിശക്കാരുടെയും വലകളില്‍ വീഴുന്ന പാവപ്പെട്ടവരെ ബാങ്കുകള്‍ വലയ്ക്കുകയും പണം തിരിച്ചടയ്ക്കുന്നതിന് വേണ്ടി പീഡിപ്പിക്കുകയും ചെയ്യുന്നു. ചികിത്സ, വിവാഹം, വീടു നിര്‍മാണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കാണ് ആയുഷ്കാല സമ്പാദ്യം ചെലവാക്കാന്‍ ആളുകള്‍ തയാറാകുന്നത്.ആത്മഹത്യയെ നിരുത്സാഹപ്പെടുത്താന്‍ മനശാസ്ത്രജ്ഞരും മാധ്യമങ്ങളും ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും നമ്മുടെ നിയമസംവിധാനങ്ങളും നിയമപാലകരും എത്രമാത്രം അതിനെ പിന്തുണയ്ക്കുന്നുണ്ടെന്നു സംശയിക്കേണ്ടി വരുന്ന സംഭവങ്ങളാണ് നമുക്കു മുന്നിലുള്ളത്. തിരുവനന്തപുരത്ത് കുടിയിറക്കലിന് കോടതി നോട്ടിസ് ലഭിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യാഭീഷണി മുഴക്കിയ ദമ്പതികള്‍ തീപ്പൊള്ളലേറ്റ് മരിക്കാനിടയായ സംഭവം കേവലം ഒറ്റപ്പെട്ടതെന്നു കരുതാനാകില്ല, മറിച്ച് നിയമത്തിന്‍റെയും സര്‍ക്കാരിന്‍റെയും കണ്ണു തുറപ്പിക്കേണ്ടതാണ്.
ജപ്തി നടപടികളില്‍ പോലിസിന്‍റെ മനുഷ്യത്വരാഹിത്യത്തേക്കാള്‍ ബാങ്കുകളുടെ നിലപാടുകള്‍ തന്നെയാണ് പൊതു സമൂഹം വിലയിരുത്തേണ്ടതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. മധുസൂദനന്‍ പറയുന്നു.
” പോലിസ് ഇടപെടല്‍ ഏതു രംഗത്തും പരുഷമായരീതിയിലാണ്, ജപ്തി വിഷയങ്ങളില്‍ അവര്‍ക്കു മുകളില്‍ നിയമവകുപ്പ് ഉദ്യോഗസ്ഥരും മറ്റുമുള്ളതിനാല്‍ കടിഞ്ഞാണില്ലാത്ത പെരുമാറ്റം അത്ര കണ്ട് ഉണ്ടാകാറില്ല. സംയമനം പാലിക്കണമെന്ന് പറയാമെന്നല്ലാതെ അതൊന്നും ഇവിടെ പാലിക്കപ്പെടാന്‍ പോകുന്നില്ല. കാരണം, ബാങ്കുകളാണ് അവരെ പിന്തുണയ്ക്കുന്നത്. ബാങ്കുകള്‍ സാധാരണക്കാരെ വ്യാമോഹിപ്പിക്കുന്ന രീതിയിലാണ് വായ്പകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ബാങ്കുകള്‍ക്ക് വലിയ വായ്പകള്‍ കൊടുക്കാനാണ് താതാപര്യം. ഒരുപാട് ജനങ്ങളെ സഹായിക്കുക എന്നതിനേക്കാള്‍ ചുരുക്കം വ്യക്തികള്‍ക്ക് വന്‍തുക നല്‍കുന്നതിലാണ് ബാങ്കുകള്‍ക്കു താത്പര്യം. കൊച്ചി പോലുള്ള നഗരങ്ങളില്‍ ചെറുകിട കച്ചവടക്കാരാണ് വായ്പ വാങ്ങി ബാങ്കുകളുടെ കടക്കാരായി മാറുന്നത്. കൊവിഡ‍് കഴിയുന്നതോടെ ഇത്തരം കൂടുതല്‍ സംഭവങ്ങളുണ്ടാകും. വന്‍കിട കുത്തകകളുടെ കടം എഴുതിത്തള്ളാനും ബാങ്കുകള്‍ക്ക് മടിയില്ല. അതേ സമയം കാര്‍ഷിക വായ്പകളെല്ലാം എഴുതിത്തള്ളുന്നത് ഒരു ലക്ഷം വരെയുള്ള തുകകളാണ്. എന്നാല്‍ പലിശയും കൂട്ടുപലിശയും കുമിഞ്ഞു കൂടുന്നതിനാല്‍ പലര്‍ക്കും എഴുതിത്തള്ളുന്നതിന്‍റെ ഗുണം ലഭിക്കുന്നില്ലെന്നതാണ് വസ്തുത”
2002ല്‍ പാര്‍ലമെന്‍റ് പാസാക്കിയ സര്‍ഫാസി നിയമമാണ് ഇത്തരം റിക്കവറികള്‍ക്ക് വലിയ പിന്തുണയാകുന്നത്. മുന്‍ കാലങ്ങളില്‍ കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ സിവില്‍ കോടതികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ കോടതിനടപടികളുടെ കാലദൈര്‍ഘ്യം ആഗോളീകരണത്തിന്റെ കാലത്ത് ബാങ്കുകളുടെ മൽസരശേഷിയെ ബാധിക്കുമെന്നതിനാലാണ് സര്‍ക്കാര്‍ വിപുലമായ അധികാരം ബാങ്കുകള്‍ക്ക് നല്‍കിയത്. ഇതനുസരിച്ച് ബാങ്ക് വായ്പ തിരിച്ചടക്കുന്നതില്‍ 60 ദിവസത്തെ കാലതാമസം വരുത്തിയാല്‍ വായ്പക്ക് ഈടായി നല്‍കിയ വസ്തുവിന്മേല്‍ ബാങ്കിന് നടപടികള് സ്വീകരിക്കാം. മൂന്നു സാധ്യതകളാണ് ഇതുപ്രകാരം ബാങ്കിനുള്ളത്. ബാങ്കിന് നേരിട്ട് വസ്തു ഏറ്റെടുക്കാം അല്ലെങ്കില് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് വസ്തു ജപ്തി ചെയ്യാം അതുമല്ലെങ്കില്‍ ഡെബ്റ്റ് റിക്കവറി ട്രൈബ്യുണല്‍ വഴി നടപടികള് സ്വീകരിക്കാം. ഇതില്‍ എതായിരുന്നാലും പഴയ സിവില്‍ നടപടിക്രമങ്ങള്‍ പോലെ പരിശോധനകള്‍ ഒന്നുമില്ലാതെ വളരെ പെട്ടെന്ന് തന്നെ വസ്തു ജപ്തി ചെയ്ത് കടം തിരിച്ചു പിടിക്കാനാവുമെന്നതാണ് ബാങ്കുകളുടെ താത്പര്യമെന്ന് സിഎസ് മുരളി ചൂണ്ടിക്കാട്ടുന്നു.
” സര്‍ഫാസി നിയമമനുസരിച്ചാണ് ബാങ്ക് സര്‍വ്വ സന്നാഹങ്ങളുമായി ജപ്തിനടപടികള്‍ക്കെത്തിയത്. പത്രപ്പരസ്യം നല്‍കിയ ശേഷം മൂന്നു തവണത്തെ തിരിച്ചടവ് മുടങ്ങിയെങ്കില്‍ കോടതിയനുമതി ഇല്ലാതെ തന്നെ ബാങ്കിന് ജപ്തിനടപടികളുമായി മുന്നോട്ടു പോകുന്നു. ശരിക്കു പറഞ്ഞാല്‍ കടമെടുത്തവന്‍ വല്ല വിധേനയും പലിശ അടച്ചാല്‍ത്തന്നെ വലിയ കോലാഹലങ്ങളോടെ അവരെ കുറ്റക്കാരനാക്കി സമൂഹത്തിനു മിന്നില്‍ ചിത്രീകരിക്കുന്നു. പൊതു പണം നിക്ഷേപമായി സ്വീകരിക്കുന്ന ദേശസാല്‍കൃത ബാങ്കുകള്‍ പോലും പലിശക്കാരന്‍റെ ക്രൗര്യത്തോടെയാണ് അവര്‍ക്കു മേല്‍ ശിക്ഷ വിധിക്കുന്നത്. എക്സ് മിലിട്ടറിക്കാരും മുന്‍ പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന അതിശക്തരാണ് വീഴ്ച വരുത്തുമ്പോള്‍ ആദ്യത്തെ റിക്കവറി നടപടികള്‍ക്കെത്തുന്നത്. അവസാനം പോലിസും അഭിഭാഷകകമ്മിഷനുമെത്തുമ്പോള്‍ അവര്‍ അപമാനത്താല്‍ ചൂളിപ്പോയി ആത്മഹത്യയില്‍ അഭയം തേടുന്നു ”
ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ പ്രാദേശിക രാഷ്ട്രീയനേതാക്കള്‍ക്കോ മതസാമുദായികനേതാക്കള്‍ക്കോ കളക്റ്റര്‍ക്കോ ഇടപെടാന്‍ മുമ്പ് അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ സര്‍ഫാസി നിയമം വന്നതോടെ ഇക്കാര്യത്തില്‍ ഇടപെടാന്‍ അവര്‍ക്കു സാധ്യത ഇല്ലാതായി. ഇത്തരം സാഹചര്യങ്ങളിലാണ് ഗത്യന്തരമില്ലാതെ സാധാരണക്കാര്‍ പോലിസിനെ അകറ്റാന്‍ ആത്മഹത്യഭീഷണി പോലുള്ള മാര്‍ഗങ്ങളിലേക്കു തിരിയുന്നത്. യഥാര്‍ത്ഥത്തില്‍ അപ്പോഴത്തെ സന്ദിഗ്ദഘട്ടം ഒഴിവാക്കുന്നതിനുള്ള ഒരു തത്രപ്പാടായിരിക്കാമിത്. ജീവന്‍ നഷ്ടപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കില്‍ പോലും അത്തരമൊരു മുഹൂര്‍ത്തത്തില്‍ മാത്രമേ ബാങ്ക് അധികൃതരോ പലിശക്കാരോ തന്‍റെ കഴുത്തിലെ പിടി ഒന്ന് അയയ്ക്കുമെന്ന് ഇര ആശ്വസിക്കുന്നു. തീവ്ര വൈകാരികാവസ്ഥയില്‍ പെട്രോള്‍ പോലുള്ളവ ശരീരത്തില്‍ ഒഴിക്കുന്ന സന്ദര്‍ഭങ്ങള്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമരത്തിലും ആദിവാസികളുടെ ആറളം സമരത്തിലുമെല്ലാം നാം കണ്ടതാണ്. എന്നാല്‍ അതിലേക്കു നയിക്കുന്ന മാനസികാവസ്ഥയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.
ഇടപ്പള്ളിയില്‍ സര്‍ഫാസി നിയമപ്രകാരം കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിട്ട പ്രീത ഷാജി നടത്തിയ ചിതകൂട്ടല്‍ സമരം ഇത്തരത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു സമരമാണ്. ഭര്‍ത്താവിന്‍റെ സുഹൃത്ത് ചേരനല്ലൂര്‍ സ്വദേശി സാജന് വര്‍ക്ക് ഷോപ്പ് തുടങ്ങാനായി ലോഡ്കൃഷ്ണ ബാങ്കില്‍ നിന്ന് രണ്ടു ലക്ഷം രൂപ ലോണെടുക്കേണ്ടിവന്നു. ഷാജിയാണ് ജാമ്യം നിന്നത്. ലോണെടുത്തയാള്‍ അടച്ചില്ല, കടബാധ്യത പലിശസഹിതം പെരുകി രണ്ടരക്കോടിയോളമായി. സര്‍ഫാസി നിയമപ്രകാരം ഷാജിയുടെ വീടും പുരയിടവും ബാങ്കുകള് ലേലം ചെയ്തു. ബാങ്കിംഗ് പരിഷ്കരണ നയങ്ങളുടെ ഭാഗമായി ലോഡ് കൃഷ്ണ ബാങ്ക് എച്ച്ഡിഎഫ്‌സിയില്‍ ലയിച്ചതോടെ അവര്‍ വായ്പ തിരിച്ചടപ്പിക്കാനുള്ള നടപടിയെടുത്തതോടെയാണ് പ്രശ്നം രൂക്ഷമായത്. ഇതിനെതിരെയാണ് ഷാജിയുടെ ഭാര്യ പ്രീത വീട്ടുമുറ്റത്ത് ചിതയൊരുക്കി സമരം തുടങ്ങിയത്. പിന്നീട് സമരച്ചിത ബാങ്കിന്റെ മുന്നിലേക്ക് മാറ്റി. പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് സമരം അവസാനിപ്പിക്കുന്ന നിലയിലേക്ക് എത്തി.
ഇക്കാര്യത്തിലുള്ള ആശങ്ക മറച്ചു വെക്കുന്നില്ല വായ്പാതട്ടിപ്പിനിരയായി ജപ്തി ഭീഷണി നേരിട്ട എറണാകുളം പനമ്പുകാട് ആശാരുപറമ്പില്‍ മനോന്മണി. ” വായ്പയെടുത്ത തുക പിന്നീട് അടച്ചിട്ടില്ല. വീടിന്‍റെ ആധാരം വായ്പ സംഘടിപ്പിച്ചു തന്ന ആളുകളുടെ കൈയിലാണിപ്പോഴും. തങ്ങളില്‍ നിന്നു വാങ്ങിയ തുക തിരിച്ചു നല്‍കിയാല്‍ ആധാരവും തരാമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ബാങ്കില്‍ നിന്ന് ആധാരത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് ഭര്‍ത്താവ് എടുത്തു കൊണ്ടു വന്നിട്ടുണ്ട്. എന്നാല്‍ കേസ് കഴിയും വരെ ആധാരം തിരികെ കിട്ടില്ലെന്നു തോന്നുന്നു. ഇത് കൊണ്ട് നിയമപ്രശ്നങ്ങളുണ്ടാകുമോ എന്നുമറിയില്ല. ഇപ്പോള്‍ വാര്‍ധക്യപെന്‍ഷന്‍ മാത്രമാണ് കുടുംബത്തിന്‍റെ പ്രധാന വരുമാനം. മറ്റെന്തെങ്കിലും ആവശ്യത്തിന് ആധാരം വേണ്ടി വന്നാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല. വായ്പ തിരികെ അടക്കേണ്ടതില്ലെന്ന സര്‍ക്കാരിന്‍റെയും ജനകീയ സമിതിയുടെയും വാക്കു വിശ്വസിച്ചാണ് ഇപ്പോള്‍ ഇരിക്കുന്നത്. വായ്പ അടയ്ക്കുന്നതു സംബന്ധിച്ച് മറ്റ് നോട്ടിസുകളൊന്നും ആര്‍ക്കും വന്നിട്ടില്ല, അങ്ങനെയെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നു” അവര്‍ പറഞ്ഞു.