തിരുവനന്തപുരം:
ആത്മഹത്യ ഭീഷണിക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര നെല്ലിമൂട് വെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ ആണ് മരിച്ചത്. 47 വയസ്സായിരുന്നു.
70%ത്തോളം പൊള്ളലേറ്റ രാജൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഭാര്യ അമ്പിളി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കുടിയൊഴിപ്പിക്കല്‍ തടയാനാണ് രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രൊള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. പൊലീസ് ലെെറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീപടരുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് രാജന്‍റെ മക്കള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിനും അയല്‍വാസിയായ വസന്തയ്ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനിലും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കുമെന്ന് മക്കളായ രഞ്ജിത്തും, രാഹുലും പറഞ്ഞു. തങ്ങളുടെ പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്നും മക്കള്‍ ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=SF7HG0VCTJs
ഈ മാസം 22ന് ആണ് ദാരുണമായ സംഭവം ഉണ്ടായത്. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. രാജൻ അയൽവാസിയായ വസന്തയുടെ വസ്തു കൈയേറി കുടിൽകെട്ടിയെന്ന പരാതിയുണ്ടായിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ചത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു.
താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. രാജന്‍റെ മക്കളാണ് വെളിപ്പെടുത്തൽ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടത്.