തലയ്ക്കു മുകളിലോടുന്ന മെട്രൊ റെയിലിനെ നോക്കി മമ്മൂട്ടിയുടെ ബിഗ് ബി സിനിമയിലെ ”കൊച്ചി പഴയ കൊച്ചിയല്ല” എന്ന ഡയലോഗ് വീശാനാണ് കൊച്ചിക്കാര്‍ക്കു താത്പര്യം. പക്ഷേ, അതു പറയാനായി വാ തുറക്കുമ്പോഴേക്കും ഒരു കിഴക്കന്‍ കാറ്റില്‍ ഒഴുകിയെത്തുന്ന ദുര്‍ഗന്ധം മനം മടുപ്പിക്കും. പിന്നെ, പുലിവാല്‍ കല്യാണത്തിലെ ”ങാ കൊച്ചിയെത്തി” എന്ന സലിംകുമാര്‍ ഡയലോഗാണ് പറയേണ്ടി വരുക. നഗരങ്ങളിലെ മാലിന്യ സംസ്കരണത്തിന് വേണ്ടി നിരവധി ഫണ്ടുകള്‍ വികേന്ദ്രീകരണാസൂത്രണം വഴി തദ്ദേശ ഭരണസ്ഥാപനങ്ങളിലെത്തുന്നുണ്ട്. അവയുടെ വിനിയോഗത്തിനായി വന്‍ നഗരങ്ങളില്‍ മാലിന്യപ്ലാന്‍റുകള്‍ സ്ഥാപിച്ച് അവ സംസ്കരിച്ചെടുക്കുകയെന്ന പുതിയ കാലത്തിന്‍റെ നഗരശുചീകരണ പദ്ധതികളിലാണ് അധികാരികള്‍ക്കു താത്പര്യം. എന്നാല്‍ തീര്‍ത്തും അശാസ്ത്രീയമായി കൈകാര്യം ചെയ്ത് നാടും നഗരവും നാറ്റിക്കുന്ന സ്ഥിതിയിലേക്കാണ് കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്‍റ് നിര്‍മാണവും തുടര്‍ നടപടികളും കൊണ്ടെത്തിച്ചത്. നഗരത്തിന്‍റെ മാലിന്യങ്ങള്‍ ഗ്രാമങ്ങളിലേക്ക് കൊണ്ടു വന്നു തള്ളുകയെന്ന വികലമായ കാഴ്ചപ്പാടാണ് മാറി മാറി ഭരിച്ച ഭരണകൂടങ്ങള്‍ക്കുള്ളത്.
കൊച്ചി കോര്‍പ്പറേഷന്‍ കാലാകാലങ്ങളായി വിമര്‍ശനശരങ്ങളേറ്റത് മാലിന്യ നിര്‍മാര്‍ജ്ജന പ്രശനത്തിന്‍റെ പേരിലാണ്. 35 വര്‍ഷത്തിലേറെയായി തുടര്‍ച്ചയായി ഭരിച്ച എല്‍ഡിഎഫിന് 2010ല്‍ ഭരണം നഷ്ടപ്പെടുന്നതിലേക്ക് വരെ മാലിന്യ നിര്‍മാര്‍ജ്ജന പ്രശ്നം കാരണമായി. എന്നാല്‍ തുടര്‍ന്നു വന്ന രണ്ടു യുഡിഎഫ് കൗണ്‍സിലുകള്‍ക്കും മാലിന്യക്കൂമ്പാരത്തിനു മുന്നില്‍ മുട്ടു മടക്കേണ്ടി വന്നു. വികസനത്തിന്‍റെ ഇരകള്‍ എന്നത്തെയും പോലെ ഇവിടെയും ഭൂമിയുടെ അവകാശികള്‍ തന്നെ. നൂറ് ഏക്കര്‍ ഭൂമി ഏറ്റെടുത്ത് മാലിന്യം സംഭരിക്കാന്‍ കൃഷിയി ടമടക്കമുള്ള കടമ്പ്രയാറിനടുത്തുള്ള ഫലഭൂയിഷ്ടമായ സുന്ദരഭൂമി വിട്ടൊഴിയേണ്ടി വന്നത് 53 കുടുംബങ്ങള്‍ക്കാണ്. യഥാര്‍ത്ഥത്തില്‍ ഈ പ്രശ്നം വിരല്‍ ചൂണ്ടുന്നത് മാലിന്യ നിര്‍മാര്‍ജ്ജനത്തിലെ അശാസ്ത്രീയതയിലേക്കും ദീര്‍ഘവീക്ഷണമില്ലായ്മയിലേക്കും മാത്രമല്ല, ഫണ്ട് ദുര്‍വിനിയോഗമടക്കമുള്ള വന്‍ സാമ്പത്തിക ക്രമക്കേടുകളും കെടുകാര്യസ്ഥത പോലുള്ള അനാസ്ഥയിലേക്കും അതിനെല്ലാമുപരി വന്‍കിടപദ്ധതികളുടെ പേരില്‍ ഫണ്ടുകള്‍ വെട്ടിച്ചെടുക്കാനുള്ള ലോബിയിംഗ് പോലുള്ള ക്രിമിനല്‍ ഗൂഢാലോചനകളിലേക്കും കൂടിയാണെന്ന് കുടിയിറങ്ങേണ്ടി വന്ന ഇരകള്‍ പറയുന്നു.
ബ്രഹ്‌മപുരത്ത് മാലിന്യനിര്‍മാര്‍ജ്ജന പദ്ധതി ആരംഭിക്കുമ്പോള്‍ കോര്‍പ്പറേഷന്‍ ഉറപ്പു തന്നത്, അവിടെ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതി ഉണ്ടാകില്ലെന്നാണ്. ജൈവമാലിന്യം വളമാക്കിയും പ്ലാസ്റ്റിക്ക് മാലിന്യം റീസൈക്കിളിംഗ് നടത്തുമെന്നുമായിരുന്നു വാദം. എന്നാല്‍ ഇത് ഒട്ടും പ്രായോഗികമല്ലെന്ന് പദ്ധതിയെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന അബ്ദുള്‍ ബഷീര്‍ ചൂണ്ടിക്കാട്ടുന്നു,
” മാലിന്യ നിര്‍മ്മാര്‍ജ്ജനം ശാസ്ത്രീയമായിരിക്കുമെന്നാണ് അധികൃതര്‍ പ്രചരിപ്പിച്ചതെങ്കിലും അതിനു വേണ്ടി ആധുനികസാങ്കേതികവിദ്യ ഒന്നും തന്നെ സജ്ജീകരിച്ചിരുന്നില്ല. മാലിന്യം കൊണ്ടു വന്ന് സംഭരിക്കുമ്പോള്‍ അതിലെ നനവ് ഉണങ്ങിക്കഴിഞ്ഞ് കുഴിച്ചിടുകയാണ് ചെയ്യുന്നത്. ഇതിലെന്തു ശാസ്ത്രീയതയാണുള്ളത്. യഥാര്‍ത്ഥത്തില്‍ അഞ്ചു പഞ്ചായത്തുകളിലെയും രണ്ടു മുനിസിപ്പാലിറ്റികളിലെയും ജനങ്ങളുടെ കുടിവെള്ളത്തെ ബാധിക്കുന്ന പ്രശ്നമാണിത്. തൃക്കാക്കര, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളും പുത്തന്‍കുരിശ്, വടവുകോട്, തിരുവാണിയൂര്‍, കുന്നത്തുനാട്, കിഴക്കമ്പലം, എടത്തല എന്നീ പഞ്ചായത്തുകളുമാണിവ. കടമ്പ്രയാര്‍ ആണ് ഇവിടെയുള്ളവരുടെയെല്ലാം ജലസ്രോതസ്സ്. അതിലേക്ക് മാലിന്യം ഒഴുകിയെത്തുന്നതാണ് ഇതു കൊണ്ടുണ്ടായ ദുരന്തം. ദ്രവാവസ്ഥയിലുള്ള മാലിന്യം കൊണ്ടിടുമ്പോള്‍ അതില്‍ നിന്നുള്ള ലിച്ചെറ്റ് 20 മീറ്ററിനുള്ളിലെ കടമ്പ്രയാറിലേക്ക് ഒഴുകുന്നു. ജലാശയങ്ങളുടെ 100 മീറ്റര്‍ പരിധിയില്‍ മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍ പാടില്ലെന്ന പരിസ്ഥിതി നിയമം ഇവിടെ നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുന്നു”
ബ്രഹ്മപുരം പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായിരുന്ന അബ്ദുള്‍ ബഷീര്‍ മാലിന്യപ്ലാന്‍റിനെതിരേ ശക്തമായി നിലയുറപ്പിച്ചതിനെത്തുടര്‍ന്ന് സ്വന്തം പാര്‍ട്ടിയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നുമെല്ലാം ഒറ്റപ്പെട്ട വ്യക്തിയാണ്. എന്നിട്ടും തളരാതെ ഒറ്റയാന്‍ സമരമെന്ന നിലയില്‍ പ്ലാന്‍റ് നടത്തുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെയും അധികാരികളേയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നുവെന്ന സംശയമുണര്‍ന്നപ്പോള്‍ അവിടെ ചത്തു വീണ കന്നുകാലികളുടെ ആന്തരികാവയങ്ങള്‍ ലാബില്‍ പരിശോധിപ്പിക്കുകയും സ്വന്തം നിലയില്‍ കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ നിരാശ മാത്രമായിരുന്നു ഫലം. അഭിഭാഷകരും രാഷ്ട്രീയകക്ഷികളും ഗൂഢാലോചന നടത്തി കേസ് പരാജയപ്പെടുത്തുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
മാലിന്യസംഭരണകേന്ദ്രം ഒരു ശാപമായി മാറിയതോടെ പരിസരവാസികള്‍ സമരരംഗത്തേക്കിറങ്ങി. ഇതേത്തുടര്‍ന്ന് ഇവരെ മാറ്റിപ്പാര്‍പ്പിക്കാനും സ്ഥലങ്ങളേറ്റെടുക്കാനുമാണ് അധികൃതര്‍ തിടുക്കം കൂട്ടിയത്. അങ്ങനെ 2013 ആയപ്പോഴേക്കും സമീപവാസികളെല്ലാം സ്വന്തം മണ്ണുപേക്ഷിച്ച് ദൂരേക്കു മാറി താമസിക്കാന്‍ നിര്‍ബന്ധിതരായി. അവര്‍ ആരും തന്നെ പിന്നീട് ഇതേപ്പറ്റി സംസാരിക്കാന്‍ തയാറായില്ല. അസ്വാഭാവികമായ ഒരു ഭയം അവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ടെന്നു തോന്നിയതായി പ്രതിഷേധങ്ങളുമായി സഹകരിച്ചു വരുന്ന ക്ലൈമറ്റ് റെവല്യൂഷണറി എന്ന സംഘടനയുടെ രക്ഷാധികാരി സ്‌നേഹപ്രഭ പറയുന്നു.
”ബ്രഹ്മപുരത്ത് ആദ്യം പറഞ്ഞ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നു മാത്രമല്ല, ഇതേപ്പറ്റി ഒരു ധാരണയുമില്ലെന്നാണ് പിന്നീടു മനസിലാക്കാനായത്. ഒട്ടും മാലിന്യം അവശേഷിക്കില്ലെന്നും ജൈവമാലിന്യം വളമാക്കി മാറ്റുമെന്നും പ്ലാസ്റ്റിക്ക് അടക്കമുള്ള അജൈവമാലിന്യങ്ങള്‍ പുനരുപയോഗത്തിനായി പുനചംക്രമണം ചെയ്യുമെന്നുമൊക്കെയായിരുന്നു ബോധ്യപ്പെടുത്തിയത്. എന്നാല്‍ അതൊന്നും നടന്നില്ലെന്നു മാത്രമല്ല, തുടങ്ങിയ അവസ്ഥയില്‍ത്തന്നെ നില്‍ക്കുന്നതായാണ് നാം കാണുന്നത്. ഇതില്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന ഏജന്‍സികളും ഉള്‍പ്പെടുന്നതാണ് ലോബികള്‍ ഉണ്ടോ എന്നു സംശയിക്കാന്‍ കാരണം. കോഴിക്കോട് ഈ രംഗത്തു പ്രവര്‍ത്തിക്കുകയും പരാജയപ്പെടുകയും ചെയ്ത ഗ്രീന്‍ വോം എന്ന സംഘടന ഉദാഹരണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് മണ്ണിനടിയില്‍ കുഴിച്ചിട്ടതിന് അവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്”
ഇത് ശരി വെക്കുന്നതാണ് പ്രദേശവാസിയായ മനോജിന്‍റെ പ്രതികരണം, ” നാടു വിട്ടു പോകാന്‍ താത്പര്യമില്ലാത്തതിനാലാണ് പ്രതിഷേധങ്ങള്‍ നടത്തിയ പലരും പോയിട്ടും ഇവിടെത്തന്നെ തങ്ങുന്നത്. ഇവിടെ ന്യൂനപക്ഷവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായിരുന്നു. അവര്‍ ഒരുമിച്ച് കാണിനാട് എന്ന സ്ഥലത്തേക്ക് മാറിപ്പോയി. സമരകാലത്ത് പല ഭീഷണികളും നേരിട്ടിരുന്നു. പ്രധാനമായും സ്വീവേജ് പ്ലാന്‍റ് കോണ്‍ട്രാക്റ്റര്‍മാരുടെ ഗൂണ്ടകളാണ് ഭീഷണിപ്പെടുത്തിയത്. നഗരത്തില്‍ നിന്നു മലിനജലവുമായി വരുന്ന ടാങ്കര്‍ ലോറികള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്നു. ഫ്ളാറ്റുകളിലെയും മറ്റും കക്കൂസ് മാലിന്യമടക്കമുള്ളവയുമായി പത്തു നാല്‍പ്പതോളം ലോറികളാണ് വൈകുന്നേരം അഞ്ചു മണി മുതല്‍ പലര്‍ച്ചെ നാലു മണി വരെ ഇടതടവില്ലാതെ പ്രവര്‍ത്തനസജ്ജമല്ലാത്ത പ്ലാന്‍റിനകത്തേക്കു വന്നു കൊണ്ടിരുന്നത്. ഈ മാലിന്യം എവിടെയാണ് നിക്ഷേപിക്കുന്നതെന്നു പോലും അറിയാന്‍ കഴിയില്ല. പുഴയിലേക്ക് ഒഴുക്കാന്‍ വരെ സാധ്യതയുണ്ട്. വാഹനം വരുമ്പോള്‍ റോഡിലൊക്കെ മാലിന്യം വീഴും, ആര്‍ക്കും റോഡിലൂടെ നടക്കാന്‍ പോലും പറ്റില്ലായിരുന്നു. ദുര്‍ഗന്ധം കുറയ്ക്കാന്‍ മുമ്പ് പുല്‍ത്തൈലമൊക്കെ പൂശിയായിരുന്നു ലോറികള്‍ എത്തിയിരുന്നത്, പോകെപ്പോകെ അതൊന്നും ചെയ്യാതെയായി. അങ്ങനെ പരിസരവാസികള്‍ക്കൊന്നും മൂക്കു പൊത്താതെ രാത്രിയും പകലും വീട്ടില്‍ നില്‍ക്കാന്‍ പറ്റാതായി. രാഷ്ട്രീയ സംഘടനകള്‍ ഒറ്റക്കെട്ടായിരുന്നില്ല, അതും സമരപരാജയത്തിനു കാരണമായി. പഞ്ചായത്തില്‍ത്തന്നെ പ്ലാന്‍റിനെ അനുകൂലിച്ചവരുണ്ടായിരുന്നു. അതെല്ലാം തിരിച്ചടിയായി” മനോജ് ഓര്‍ക്കുന്നു.
കൊച്ചിയുടെ നഗരമാലിന്യം ബ്രഹ്മപുരത്തുകാര്‍ എന്തിനു സഹിക്കണമെന്ന ചോദ്യമാണ് പ്ലാന്‍റിനെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്നത്. ” പ്ലാന്‍റ് നില കൊള്ളുന്ന വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിന്‍റെ അഭിപ്രായങ്ങളും പ്രശ്നങ്ങളും സര്‍ക്കാരും കോര്‍പ്പറേഷനും കളക്റ്ററും കോടതിയും പരിഗണിക്കാനോ പരിഹരിക്കാനോ പദ്ധതി ആരംഭിച്ച 2008 മുതല്‍ നാളിതു വരെ തയാറായില്ല. കോര്‍പ്പറേഷന് എവിടെ നിന്നും മാലിന്യം സംഭരിക്കാനും തോന്നും പോലെ ഇവിടെ നിക്ഷേപിക്കാനും അതില്‍ നിന്ന് ലാഭമെടുക്കാനുമുള്ള ഒരു സംവിധാനമായാണ് അധികാരികള്‍ ഇതിനെ കാണുന്നത്. അതിനിടെ, 2009ലെ വെള്ളപ്പൊക്കത്തില്‍ മാലിന്യ പ്ലാന്‍റ് കെട്ടിടം ഇടിഞ്ഞു വീണതും അഴിമതിയുടെ പ്രതീകമാണ്. 50- 100 വര്‍ഷം ഈടു നില്‍ക്കേണ്ട കോണ്‍ക്രീറ്റ് നിര്‍മ്മിതി കഷ്ടിച്ച് ഒന്നര വര്‍ഷം തികയും മുമ്പാണ് നിലം പൊത്തിയത്. ഇതോടെ പാവപ്പെട്ട പ്രദേശവാസികളുടെ കുടിവെള്ളവും വായുവും റോഡും ഉപജീവനവുമടക്കമുള്ള അടിസ്ഥാനാവശ്യങ്ങളെല്ലാം നഷ്ടപ്പെട്ടു. കൃഷിയും കന്നുകാലി വളര്‍ത്തലുമായിരുന്നു ഭൂരിപക്ഷത്തിന്‍റെയും ജീവനോപാധി. ഇതിനെല്ലാം പുറമെ കൃമികീടങ്ങളെ നശിപ്പിക്കാന്‍ മാലിന്യ പ്ലാന്‍റില്‍ വലിയ തോതില്‍ തളിക്കുന്ന മാരകരാസവസ്തു എന്‍ഡോസള്‍ഫാന്‍ ഭൂുമിയിലേക്കരിച്ചിറങ്ങി ഭൂഗര്‍ഭ ജലസ്രോതസുകളെയടക്കം വിനാശകരമാക്കുന്നു. ഈ സത്യാവസ്ഥ അധികാരകേന്ദ്രങ്ങളൊന്നും അംഗീകരിക്കുന്നില്ലെന്നതാണ് ഏറ്റവും സങ്കടകരം. ഭരണ സംവിധാനങ്ങളുടെ വിവേചനം രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഞങ്ങളുടെ അനുഭവം കാണിച്ചു തരുന്നു” അബ്ദുള്‍ ബഷീര്‍ വോക്ക് മലയാളത്തോടു പറഞ്ഞു.
2005ല്‍ കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജ്ജനപദ്ധതിയില്‍ കൊണ്ടു വന്ന മൂന്നു പദ്ധതികളാണ് തിരുവനന്തപുരം വിളപ്പില്‍ശാല, കൊച്ചി ബ്രഹ്മപുരം, കോഴിക്കോട് ഞെളിയന്‍ പറമ്പ് എന്നിവ. കൊച്ചിയിലെ മുഴുവന്‍ മാലിന്യവും സംസ്കരിക്കാനുതകുന്ന സംവിധാനം എന്ന നിലയ്ക്കാണ് ബ്രഹ്മപുരം പ്ലാന്‍റ് യാഥാര്‍ഥ്യമാകുന്നത്. കടമ്പ്രയാറിനോടു ചേര്‍ന്നുള്ള ജനവാസമേഖലയായ 63 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. ആന്ധ്രാപ്രദേശ് ടെക്‌നോളജി ഡവലപ്‌മെന്റ് കോർപറേഷന് (എ പി ടി ഡി സി) ആയിരുന്നു നിര്‍മാണചുമതല. ചതുപ്പുനിലം നന്നായി മണ്ണിട്ടുനികത്തണം, സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെ ആറുപഞ്ചായത്തുകളുടെ ശുദ്ധജലസ്രോതസായ കടമ്പ്രയാറില്‍ മാലിന്യം കലരാതിരിക്കാന്‍ ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിക്കണം, പ്രതിദിനം 250 ടണ്ണോളം ജൈവമാലിന്യം,80 ടണ്‍ പ്ലാസ്റ്റിക് മാലിന്യവുമടക്കം കൊച്ചി നഗരത്തിന്‍റെ മുഴുവന്‍ മാലിന്യവും താങ്ങാന്‍ ശേഷിവേണം, കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാന്യമായ പുനരധിവാസം വേണം, ഇവയൊക്കെയായിരുന്നു മാനദണ്ഡങ്ങള്‍.
ബ്രഹ്മപുരത്ത് നടക്കുന്നത് കൊച്ചി കോർപ്പറേഷനും, സംസ്‌ഥാന സർക്കാരും അവരവരുടേതായ രീതിയിൽ നടത്തുന്ന ജനവഞ്ചനയും, അഴിമതിയും ആണെന്ന ആരോപണം ശക്തമാണ്. കോർപ്പറേഷൻ ഭരിക്കുന്ന ഭരണ പ്രതിപക്ഷ പാർട്ടികളുടെ ഒത്താശയോടെ, മാലിന്യ സംസ്‌കരണം എന്ന് തെറ്റിദ്ധരിപ്പിച്ച്, മാലിന്യം കൊണ്ട് തള്ളുന്ന ഒരു കേന്ദ്രം മാത്രമാക്കി മാറ്റിയിരിക്കുകയാണ് ബ്രഹ്മപുരത്തെ. മൺസൂൺ മഴയിൽ അവിടെ തള്ളുന്ന മാലിന്യമെല്ലാം കടമ്പ്രയാറിലൂടെ ഒഴുകി കൊച്ചി കായലിൽ എത്തുന്നു. അതുകൊണ്ട് തന്നെ സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തന്നെ ഏറ്റവും മലിനമായ പുഴകളിൽ ഒന്നായി കടമ്പ്രയാർ മാറി. അങ്ങനെ ബ്രഹ്മപുരം കേന്ദ്രീകരിച്ച് മാലിന്യം കൈകാര്യം ചെയുന്നത് വൻ അഴിമതി പദ്ധതിയായി മാറിയിരിക്കുന്നു.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ 100 ഏക്കർ ഭൂമിയാണുള്ളത്. കൊച്ചിയിലെ മാലിന്യപ്രശ്‌നങ്ങൾക്ക് ഒറ്റമൂലി എന്ന നിലയിൽ കൊട്ടിഘോഷിച്ച് സർക്കാർ കൊണ്ടുവരുന്ന പദ്ധതിയാണ് മാലിന്യത്തിൽ നിന്ന് വൈദ്യുതി. കൊച്ചി നഗരസഭയുടെ പണം നൽകി വാങ്ങിയ 28 ഏക്കർ ഉൾപ്പെടെയുള്ള ഭൂമിയിലാണ് പുതിയ വൈദ്യുതി പ്ലാൻറ് സ്ഥാപിക്കുന്നത്. സർക്കാർ വേസ്റ്റും സ്ഥലവും മാത്രം തന്നാൽ മതി എന്ന വാഗ്ദാനവുമായി നാലു കൊല്ലം മുന്നേ വന്ന കമ്പനിയാണിത്. പിന്നീട് വൈദ്യുതി 15 രൂപക്ക് സർക്കാർ വാങ്ങണമെന്നായി. 300 കോടിയുടെ പദ്ധതിക്കാവശ്യമായ തുക നിക്ഷേപകരിൽ നിന്നു കണ്ടെത്തും എന്നായിരുന്നു പ്രഖ്യാപനം. എന്നാലത് ഇതേവരെ നടന്നിട്ടില്ല. മാലിന്യം തികയില്ലെന്ന ഭീതി പരത്തി കൊച്ചിക്കു ചുറ്റുമുള്ള നഗരസഭകളിലെ മാലിന്യ സംസ്‌കരണ പദ്ധതികൾ പോലും സർക്കാർ വൈകിപ്പിച്ചിരിക്കുകയാണ്. ഇത് ഒരു കടലാസ് കമ്പനിയാണെന്ന് എല്‍ഡിഎഫ് ആരോപിക്കുമ്പോള്‍ പദ്ധതി വൈകിപ്പിക്കുന്നത് ഇടതു സര്‍ക്കാരിന് താത്പര്യമുള്ള യുഎസ് കമ്പനിക്കാണെന്ന് യുഡിഎഫും പ്രത്യാരോപണം ഉന്നയിക്കുന്നു.
പ്ലാസ്റ്റിക്, ഭക്ഷ്യാവശിഷ്ടങ്ങള്‍, തെര്‍മോകോള്‍ ഉള്‍പ്പെടെ ഒരു ലക്ഷം ടണ്‍ വരുന്ന മാലിന്യ കൂമ്പാരമാണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ഉള്ളത്. ഉറവിടത്തില്‍ തന്നെ ഇത്തരം മാലിന്യങ്ങള്‍ വേര്‍തിരിക്കണമെന്നായിരുന്നു മേല്‍നോട്ട സമിതിയുടെ നിര്‍ദേശം. ഈ നിര്‍ദേശം കൃത്യമായി നടപ്പാകാത്തതാണ് പ്ലാന്റിലെ തീപിടുത്തത്തിന്റെ പ്രധാന കാരണമെന്നും മേല്‍നോട്ടസമിതി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ബ്രഹ്മപുരത്തെ മാലിന്യനിക്ഷേപ പ്ലോട്ടിനടുത്ത് പുഴയ്ക്ക് സമീപം ചതുപ്പ് നികത്തി പ്ലാന്റ് കൊണ്ടുവരാനാണ് ശ്രമം. ചതുപ്പ് നികത്താൻ നിയമം അനുവദിക്കാത്തത് കൊണ്ടും സംസ്ഥാനതല വിദഗ്ധസമിതിയുടെ റിപ്പോർട്ട് എതിരായത് കൊണ്ടും നീർത്തടനിയമം ഭേദഗതി ചെയ്ത് കമ്മിറ്റിയുടെ അധികാരം തന്നെ എടുത്ത് കളഞ്ഞ് ഉത്തരവിലൂടെ ചതുപ്പ് നികത്താൻ അനുമതി നൽകിയാണ് പ്ലാന്റ് വരുന്നത്. ഇതിന്റെ പിന്നിൽ കൃത്യമായ സാമ്പത്തിക താല്പര്യങ്ങളാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ആരോപിക്കുന്നു.
ശരാശരി 600 ഗ്രാം മാലിന്യമാണ് ഒരു ദിവസം ഒരു വീട്ടിൽ നിന്ന് ഉണ്ടാകുന്നത്. ഇത് കമ്പോസ്റ്റ്, ഫിഷ് ഫീഡ് മുതലായവ ഉണ്ടാക്കുന്ന കേന്ദ്രങ്ങളുടെ അസംസ്കൃത വസ്തുവാണ്. കൊച്ചിയിൽ ഉല്പാദിപ്പിക്കുന്ന മുഴുവൻ ഭക്ഷണ മാലിന്യവും ഇത്തരം കേന്ദ്രങ്ങളിൽ എത്തിക്കും. ഒരു വീട് 10 കിലോ പ്ലാസ്റ്റിക് മാലിന്യം ഒരു മാസം ശരാശരി ഉൽപ്പാദിപ്പിക്കും. രണ്ട് തരം പ്ലാസ്റ്റിക് മാലിന്യം ഉണ്ട്. റീസൈക്കിൾ ചെയ്യാവുന്നതും, റീസൈക്കിൾ ചെയ്യാൻ സാധിക്കാത്തതും. റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക് റീസൈക്ലിങ് കേന്ദ്രങ്ങളിലേക്ക് പോകും. അല്ലാത്തവ സിമെന്‍റ് ഫാക്ടറികളിലെ ഇന്ധനം ആയി പോകും. മൊത്തം മാലിന്യത്തിന്‍റെ രണ്ടു ശതമാനം വരുന്ന ഇവ കേന്ദ്രീകൃതമായും, വികേന്ദ്രീകരിച്ചും ഇൻസിനറേറ്റർ ഉപയോഗിച്ച് നശിപ്പിച്ച് കളയും. കൊച്ചി കോർപറേഷന്റെ ഉത്തരവാദിത്വത്തിൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വീടുകളിലേയും, സ്ഥാപനങ്ങളിലേയും മാലിന്യം, ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് എന്നിങ്ങിനെ സ്രോതസിൽ തന്നെ വേർതിരിച്ച് ശേഖരിച്ച്, ജില്ലയിലേയും, സംസ്ഥാനത്തേയും വിവിധ കമ്പോസ്റ്റ് ഉൽപ്പാദന കേന്ദ്രങ്ങളിൽ എത്തിക്കും. റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക് വേർതിരിച്ച് കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലുള്ള പ്ലാസ്റ്റിക് റീസൈക്കിൾ കേന്ദ്രങ്ങളിൽ എത്തിക്കും. റീസൈക്കിൾ ചെയ്യാൻ സാധിക്കാത്ത പ്ലാസ്റ്റിക് തൃശ്ശിനാപ്പിള്ളിയിലും മറ്റുമുള്ള സിമന്റ് ഫാക്ടറികളിൽ എത്തിക്കും. ഇതെല്ലാം വികേന്ദ്രീകൃതമായി നടക്കുന്നതുകൊണ്ട് ഒരു പ്രത്യേക സ്ഥലത്ത് മാലിന്യം കുന്നുകൂട്ടി ഇടുന്ന അവസ്ഥയുണ്ടാവില്ല എന്നൊക്കെയായിരുന്നു പ്രചാരണം.
എന്നാല്‍ ഇന്ന്, ബ്രഹ്മപുരം പഞ്ചായത്തിനെ മാത്രമല്ല സമീപപ്രദേശങ്ങളിലെ രണ്ടു മുനിസിപ്പാലിറ്റികളിലെയും നഗരത്തിലെയാകെയും പൊതു ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ മാലിന്യം പ്ലാന്റിൽ കുന്നുകൂടികൊണ്ടിരിക്കുകയാണ്. നേരത്തെ മാലിന്യ സംസ്കരണത്തിലെ അപാകത മൂലം കൊച്ചി കോർപറേഷന് ഗ്രീൻ ട്രൈബൂണൽ ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു. 19 കോടി ചെലവിട്ടു നിര്‍മിച്ച പ്ലാന്‍റ് ഉദ്ഘാടനം ചെയ്ത് 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദേശീയ ഹരിതട്രൈബ്യൂണല്‍ പിഴ ചുമത്തിയത്. വാഗ്ദാനം പാലിക്കാതെ പ്ലാന്‍റ് നിര്‍മാണം അനിശ്ചിതമായി നീട്ടിയതിനെതിരെയാണ് നടപടി. കൊച്ചി കോർപറേഷൻ മാലിന്യ സംസ്കരണത്തിൽ വൻ പരാജയമാണെന്ന് ഹൈക്കോടതി തന്നെ പല കുറി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.
അശാസ്ത്രീയമായ മാലിന്യ സംസ്കരണം ഇടക്കിടെ വൻ തീ പിടിത്തത്തിനും കാരണമാകുന്നു. 2014 ഫെബ്രുവരിയിൽ ടൺ കണക്കിനു പ്ലാസ്റ്റിക് ഏഴു ദിവസം കത്തി. സ്വയം കത്തിയമരും വരെ പരിസരത്തേക്ക് അടുക്കാൻപോലും കഴിഞ്ഞില്ല. കത്തുന്ന പ്ലാസ്റ്റിക്കിനു മുകളിൽ മണ്ണിട്ടാണ് അന്നു തീയണച്ചത്. ഇതിന് 1.5 കോടി രൂപ ചെലവാക്കേണ്ടിവന്നു. 2020 ഫെബ്രുവരിയിലും മാര്‍ച്ചിലും അതാവര്‍ത്തിച്ചു. ഫയര്‍ ഫോഴ്സും ദുരന്തനിവാരണസേനയും എത്തിയാണ് അത് നിയന്ത്രിച്ചത്. കളക്റ്റര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ ഇത് ഇനിയും ആവര്‍ത്തിക്കാതിരിക്കും എന്ന ഉറപ്പ് ആര്‍ക്കുമില്ല. ഇത് വലിയ തോതില്‍ പരിസ്ഥിതിക്കും മനുഷ്യനും ആഘാതമുണ്ടാക്കുന്നവെന്നതാണ് ഏറ്റവും രൂക്ഷമായ വശം. ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക് കത്തുമ്പോഴുള്ള കനത്ത വിഷപ്പുക അന്തരീക്ഷത്തിലേക്കുയരും. കാറ്റിന്റെ ദിശയ്ക്കനുസരിച്ചു നഗരം മുഴുവൻ അതു വ്യാപിക്കും. ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് ഇതിടയാക്കും. ഗെയ്ൽ പൈപ്പ് ലൈൻ കടന്നുപോകുന്നത് ഇതിനടുത്തുകൂടിയാണ്. റിഫൈനറിയിലേക്കുള്ള പൈപ്പ് ലൈനും ഏറെ ദൂരെയല്ല. സുരക്ഷാ മേഖലയായ താപവൈദ്യുത നിലയം തൊട്ടടുത്ത്. ചിത്രപ്പുഴയ്ക്ക് അപ്പുറത്തു ഫാക്ടും പെട്രോളിയം ഉൽപന്നങ്ങൾ റിഫൈനറിയും.
തീപിടിത്തം മനുഷ്യനിര്‍മിതമാണെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു. ഒരു പ്രത്യേക കാലത്ത് മാത്രമാണ് തീപിടിത്തം നടന്നതെന്നാണ് ഇതിനു കാരണമായി മനോജ് ചൂണ്ടിക്കാട്ടുന്നത്. ” ഫെബ്രുവരി- മാര്‍ച്ച് മാസത്തിലാണ് ഇതേ വരെയുള്ള തീപിടിത്തമെല്ലാം ഉണ്ടായത്. ചൂട് കൂടുമ്പോള്‍ ബള്‍ബുകളും രാസവസ്തുക്കളും കത്തു പിടിക്കുന്നതാണ് എന്നാണ് പ്ലാന്‍റ് അധികൃതര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ എല്ലാ ചൂടുകാലത്തും അത് ഉണ്ടാകണമല്ലോ. ഇത് കൃത്യമായ ഇടവേളകളില്‍ പ്രത്യേക മാസത്തില്‍ തന്നെ തീപിടിത്തമുണ്ടാകുന്നു. അത് മനഃപൂര്‍വ്വമാണോ ഏതെങ്കിലും അട്ടിമറിയാണോ എന്ന കാര്യം ന്യായമായും സംശയിക്കാം. അവിടെ ചില ഉത്തരേന്ത്യക്കാര്‍ തൊഴിലാളികള്‍ മാത്രമാണ് താമസിക്കുന്നത്. സാധാരണക്കാര്‍ക്ക് അവിടെ പ്രവേശനമില്ല. കോര്‍പ്പറേഷന്‍ സ്ഥലമേറ്റെടുത്തതോടെ പുറത്തു നിന്ന് ആരെയും കടത്തി വിടുന്നുമില്ല. ആകെ കാര്യങ്ങളെല്ലാം സംശയാസ്പദമായാണ് നടക്കുന്നത് ”
പ്രതിദിനം നഗരത്തിനുള്ളിൽ നിന്നെത്തുന്ന 100 ടണ്ണോളം വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്ലാന്‍റില്‍ കുമിഞ്ഞു കൂടുന്നു. വർഷങ്ങളായി ഈ മാലിന്യം സംസ്കരിച്ചിട്ടില്ല. 2014 മാർച്ച് മുതലുള്ള കണക്കെടുത്താൽ ഇപ്പോഴുള്ളതിന്റെ അളവ് എത്രയെന്നറിയാം. മൂന്നു മീറ്ററോളം കനത്തിൽ പ്ലാസ്റ്റിക് മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ഏക്കറുകളോളം സ്ഥലത്താണിതു നിരത്തിയിരിക്കുന്നത്. ഇവിടേക്കാണു പ്രളയമാലിന്യത്തിന്റെ വരവ്. കിടക്ക, പ്ലാസ്റ്റിക് ഫർണിച്ചർ, തുണികൾ എന്നിവയുള്‍പ്പെടെ 2618 ലോഡ് പ്രളയ മാലിന്യം ഇവിടെയുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നു പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് വേർതിരിക്കുന്ന 60 തൊഴിലാളികൾ 12 വീടുകളിലായി ഈ മാലിന്യക്കടലിനുള്ളിൽ താമസിക്കുന്നു. ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ ജോലിയെടുക്കുന്ന 40തൊഴിലാളികളുമുണ്ട്.
അന്‍പതിലേറെ കുടുംബങ്ങള്‍.
പ്ലാന്‍റ് നിര്‍മാണം തുടങ്ങും മുന്‍പേ നഗരസഭയുടെ മാലിന്യവണ്ടികള്‍ നിര്‍ബാധം ബ്രഹ്മപുരത്തേക്കൊഴുകി. സ്വാഭാവികമായും നാട്ടുകാര്‍ പ്രതിേഷധിച്ചു. ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചു. മാലിന്യവണ്ടികള്‍ തടഞ്ഞിട്ടു സംഘര്‍ഷഭരിതമായ എത്രയോ രാത്രികള്‍ മാധ്യമങ്ങള്‍ക്ക് നഗരസഭയുടെ അപ്രഖ്യാപിതവിലക്കുവന്നു. ബീമുകള്‍ ചരിഞ്ഞ്, തറ പൊട്ടി, കോണ്‍ക്രീറ്റീട്ട ഏതാനും കെട്ടിടങ്ങള്‍. ചിലത് മണ്ണിനടിയിലേക്ക് താഴ്ന്ന താഴ്ന്ന നിലയില്‍. മാലിന്യം മുഴുവന്‍ കടമ്പ്രയാറിലേക്കൊഴുകുന്നു. ഗ്രീന്‍ ബെല്‍റ്റ് വേണമെന്നതടക്കം മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി. 2008 ജൂണില്‍ ഉദ്ഘാടനം. ദിനംപ്രതിയെത്തുന്ന 250 ടണ്‍ മാലിന്യം ബ്രഹ്മപുരത്തുകിടന്നു ചീഞ്ഞളിഞ്ഞു. നാട്ടുകാരെയൊക്കെ മാറ്റിപ്പാര്‍പ്പിച്ച് നഗരസഭ കൂടുതല്‍ സ്ഥലം ഏറ്റെടുത്തു.
ഇന്ന് നഗര മാലിന്യ നിര്‍മാര്‍ജ്ജനം കേരളത്തില്‍ വലിയ പ്രശ്നമായി മാറിയ സാഹചര്യത്തില്‍ കൂടുതല്‍ മുനിസിപ്പിലാറ്റികളും ടൗണുകളും മാലിന്യനിര്‍മാര്‍ജ്ജന കേന്ദ്രങ്ങള്‍ തുടങ്ങുകയാണ്. സമാനമായ പദ്ധതി കാലിക്കറ്റ് യൂണിവെഴ്‌സിറ്റിയിലും നടപ്പാക്കാന്‍ നീക്കം നടക്കുന്നു. തേഞ്ഞിപ്പാലത്തെ യൂണിവേഴ്‌സിറ്റി ക്യാംപസിലെ ഭൂമിയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. തിരൂര്‍, മലപ്പുറം തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള മാലിന്യം തേഞ്ഞിപ്പലത്തെ ക്യാംപസ് ഭൂമിയിലേക്ക് തള്ളാനാണ് തീരുമാനം. ഇങ്ങനെ നടന്നാല്‍ അടുത്തുള്ള തൃശൂര്‍, പാലക്കാട് ജില്ലകളിലെ നഗരമാലിന്യങ്ങള്‍ കൂടി ഇവിടെ കൊണ്ടുവന്നു തള്ളാനിടയുണ്ട്. നിലവില്‍ തേഞ്ഞിപ്പലം പഞ്ചായത്തില്‍ അത്തരമൊരു വിചാരം ഇല്ല. സ്വന്തം പുരയിടത്തില്‍ തന്നെ ഉറവിടമാലിന്യ സംസ്‌കരണം നടത്തുന്നവര്‍ എന്തിനു മാലിന്യം സംഭരിക്കണം. ഇത്തരം ഒരു ശീലം നാട്ടുകാരില്‍ വളര്‍ത്തിയ ശേഷം ഇത്തരമൊരു മാലിന്യസംസ്‌കരണകേന്ദ്രം തുടങ്ങുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടും ലോബിയിങ്ങും പലരും സംശയിക്കുന്നു.
ഇന്ത്യയിലെ പ്ലാസ്റ്റിക് – നഗരമാലിന്യങ്ങളിൽ എൺപതു ശതമാനവും പരസ്യമായോ രഹസ്യമായോ കത്തിക്കുക മാത്രമാണ് ചെയ്യുന്നത്. നഗരങ്ങളിലെ മാലിന്യം പലവിധത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ശേഖരിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ അതുമില്ല. ശേഖരിക്കപ്പെടുന്ന മാലിന്യം വെറും പത്തുശതമാനം പോലും മലിനീകരണമില്ലാതെ പുനരുപയോഗത്തിനായി സംസ്കരിച്ചെടുക്കാൻ നമുക്കായിട്ടില്ല. ബ്രഹ്മപുരം പോലുള്ള അതിമലിനമായ മേഖലകളിൽ അവ തീയിടുകയോ കുഴിച്ചുമൂടുകയോ ചെയ്യുന്നു. വലിയ പുകക്കുഴലുകളിലൂടെ വിഷവാതകങ്ങൾ അല്പം ഉയരത്തിലേക്ക് തള്ളിവിടുന്നതിനാൽ എല്ലാം ഭദ്രമാണെന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കാം.
ഉറവിട മാലിന്യസംസ്കരണം എന്നൊരു ഞൊടിവിദ്യ പലയിടത്തുമുണ്ട്. യഥാര്‍ത്ഥത്തില്‍ ജൈവ- അജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ വേര്‍തിരിച്ച് കമ്പോസ്റ്റും ഇന്‍സിനേറ്റര്‍ വഴി കത്തിക്കലുമാണ് ഉറവിട മാലിന്യസംസ്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ നഗരത്തിലെ മുന്തിയ ഫ്ളാറ്റുകളിൽപോലും പ്ലാസ്റ്റിക്കും തുണികളും എല്ലാം ഏതെങ്കിലും ഒരു കോണിലോ , അല്ലെങ്കിൽ മുകളിലോ കൊണ്ടുപോയി വീപ്പകളിലിട്ടു കത്തിക്കുന്നതാണ് പതിവ്. പല വീട്ടുകാരും വ്യാപാരികളും യാതൊരുമടിയുമില്ലാതെ തെരുവിലോ പറമ്പിലോ അവ ചാമ്പലാക്കുന്നു. ഇത് നമ്മോടു മാത്രമല്ല, ഭാവി തലമുറയോട് പോലും കാണിക്കുന്ന ക്രൂരതയാണ്. കോടികളുടെ ഫണ്ട് ഒഴുകുന്ന വന്‍ നഗരങ്ങളില്‍ സുസ്ഥിരവും ആസൂത്രിതവുമായ ഖരമാലിന്യ നിര്‍മാര്‍ജ്ജനമാണ് ഏകപോംവഴി.
ഇതിനു വേണ്ടത് കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതിക്കു ബദലായി വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്.
മാലിന്യങ്ങള്‍ ജൈവവും അജൈവമെന്നു വേര്‍തിരിച്ച് ഉചിതമായ രീതിയില്‍ സംസ്കരിക്കുകയാണെന്ന് മാലിന്യനിര്‍മാര്‍ജ്ജന രംഗത്ത് പ്രവര്‍ത്തിക്കുന്ന പെലിക്കന്‍ ഫൗണ്ടേഷന്‍ മാനെജിംഗ് ട്രസ്റ്റി ഡോ. സിഎന്‍ മനോജ് പറയുന്നു.
” ഭരണകൂടത്തിന്‍റെ സഹകരണമുണ്ടെങ്കില്‍ കേരളത്തില്‍ എല്ലായിടത്തും വെറും ആറു മാസം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് മാലിന്യനിര്‍മാര്‍ജ്ജനം. കേന്ദ്രീകൃത മാലിന്യനിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ വിളപ്പില്‍ശാല, കോഴിക്കോട്ടെ ഞെളിയന്‍ പറമ്പ് മാലിന്യ പ്ലാന്‍റുകള്‍ ജനകീയ പ്രതിഷേധത്താലും അപ്രായോഗിതക കൊണ്ടും അടച്ചുപൂട്ടി. ഇവിടങ്ങളിലടക്കം കേരളത്തില്‍ എല്ലായിടത്തും വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജ്ജനപദ്ധതികള്‍ സജീവമായിരിക്കുകയാണിന്ന്. എന്നാല്‍ കൊച്ചി കോര്‍പ്പറേഷനില്‍ മാത്രമാണ് തങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടു നേരിടുന്നത്. ഇവിടെ ഇതാണ് അഭികാമ്യം എന്ന തെറ്റിദ്ധാരണ സര്‍ക്കാരില്‍ വന്നു പോയിരിക്കുന്നു. എന്നാല്‍ ഇത് എങ്ങനെ മുമ്പോട്ടു കൊണ്ടു പോകണമെന്ന് കാര്യത്തില്‍ ഭരണകൂടത്തിന് ഒരു ധാരണയുമില്ല. ഇതില്‍ പല വിധ ലോബികള്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നത് ”.
രാഷ്ട്രീയ ബന്ധമുള്ള ഏജന്‍സികള്‍ മുതല്‍ തൊഴിലാളി സംഘടനകള്‍ വരെ ഇതിനെ എതിര്‍ക്കുന്നതായി കാണാം. ഇതില്‍ മാലിന്യം കരാറെടുത്ത് കൊണ്ടു പോകുന്നവരുണ്ട്, പ്രദേശത്തെ റിയല്‍ എസ്റ്റേറ്റ് മാഫിയയുണ്ട്, കോണ്‍ട്രാക്റ്റര്‍മാരും ഭരണസിരാകേന്ദ്രങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുണ്ട്, ഗതാഗതത്തിനു വാഹനങ്ങള്‍ വാടകയ്ക്കു കൊടുക്കുന്ന കരാറുകാരുണ്ട്, ഡ്രൈവര്‍മാരുടെ സംഘടനകളുണ്ട് അങ്ങനെ ഇടനിലക്കാരും ഉപജാപകരും അടങ്ങിയ സംഘമാണ് ഇതിനു പിന്നിലെന്ന് നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും പറയുന്നു.
ബ്രഹ്മപുരത്ത് പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ സ്ഥാപിതതാത്പര്യക്കാര്‍ കിണഞ്ഞു ശ്രമിക്കുന്നതിനു പിന്നില്‍ മാലിന്യത്തില്‍ നിന്നു വൈദ്യുതിഎന്ന പദ്ധതി പ്രഖ്യാപിച്ചതാണ്. ബ്രഹ്മപുരത്ത് വൈദ്യുതിഉത്പാദനത്തിന് ആകെയുള്ള പോംവഴി ബയോഗ്യാസ് പ്ലാന്‍റാണ്. എന്നാല്‍, ഇതിന് ഒരുപാട് മാലിന്യം വേണ്ടി വരും. അതായത് ഒരു ദിവസം 500 ടണ്‍ സ്ലറി വേണ്ടി വരും. അതിന് 1ഃ2 അനുപാതത്തില്‍ വെള്ളം ഒഴിക്കേണ്ടി വരും. ഏകദേശം രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം വേണ്ടി വരും. ടാങ്ക് നിര്‍മാണം പോലുള്ള സംവിധാനങ്ങള്‍ക്കു കൂടി വേണ്ടി വരുന്ന ചെലവ് പരിഗണിച്ച ശേഷം അതില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഗ്യാസില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന വൈദ്യുതിയുടെ അളവ് കൂടി നോക്കിയാല്‍ തികച്ചും അപ്രായോഗികമായ നിര്‍ദേശമാണിതെന്നു കാണാം. എന്നാല്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലും പ്രാന്തപ്രദേശങ്ങളിലും ആകെ ഒരു ദിവസം ലഭ്യമാകുന്നത് 500 ടണ്‍ മാലിന്യം മാത്രവും.
മറ്റൊന്ന് ഖരമാലിന്യ നിര്‍മാര്‍ജ്ജന നിയമത്തില്‍ പറഞ്ഞിരിക്കുന്ന പ്രധാന മാനദണ്ഡം ജൈവ മാലിന്യം കത്തിക്കരുതെന്നാണ്. ജൈവമാലിന്യം മണ്ണില്‍ ഇറക്കി കമ്പോസ്റ്റ് ആക്കി മാറ്റുകയാണ് വേണ്ടത്. ബ്രഹ്മപുരം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ എത്തുന്ന മാലിന്യക്കൂമ്പാരത്തില്‍ 60- 80 ശതമാനവും വരുന്നത് ജൈവമാലിന്യമാണ്. ഇത് കമ്പോസ്റ്റ് പോലുമാക്കാതെ കൂട്ടിയിട്ട് ഉണക്കി കത്തിക്കുന്നതാണ് പതിവ്. അപ്പോള്‍ത്തന്നെ ഇവിടെ വരുന്ന മാലിന്യത്തില്‍ 60 ശതമാനം നഷ്ടപ്പെടുന്നു. 300 ടണ്ണോളം വരെ ജൈവമാലിന്യം ഇങ്ങനെ നഷ്ടപ്പെടുന്നു. ബാക്കി വരുന്ന 200 ടണ്ണിനകത്ത് 15-20 ശതമാനം മാത്രമാണ് പ്ലാസ്റ്റിക്കുള്ളത്. അജൈവമാലിന്യങ്ങളില്‍ കലോറിസിക് മൂല്യമുള്ളത് പ്ലാസ്റ്റിക്കിനു മാത്രമാണ്. ബാക്കി വരുന്നത് റെക്സിനും റബ്ബറും പോലുള്ള അജൈവമാലിന്യങ്ങളാണ്. ഇതില്‍ റീസൈക്കിളിംഗിന് പറ്റുന്നവ മാറ്റുമ്പോള് പിന്നെയും ഇതിന്‍റെ അളവ് കുറയും. അവസേഷിക്കുന്നത് 10 ശതമാനം മാത്രമേ കത്തിക്കാനാകൂ. ഇവ മാത്രം വെച്ച് മാലിന്യത്തില്‍ നിന്നു വൈദ്യുതി നിര്‍മിക്കാനാകില്ല.
കേരളത്തില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന 40ഓളം സന്നദ്ധ സംഘടനകളുണ്ട്. ഇവര്‍ ജൈവ- അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചെടുത്ത് സംസ്കരിക്കുകയും റീസൈക്കിളും ചെയ്യുന്നതിനുള്ള പദ്ധതികളാണ് നടത്തുന്നത്.
” ഞങ്ങള്‍ തന്നെ ഓരോ പഞ്ചായത്തിലും 400- 500 ചാക്കുകളും മുനിസിപ്പാലിറ്റികളില്‍ 600- 700 ചാക്കുകളും ഒരോ മാസവും റീസൈക്കിളിംഗിനായി മാലിന്യം സംഭരിക്കുന്നുണ്ട്. അങ്ങനെ 20ഓളം പഞ്ചായത്തുകളിലും നാലു മുനിസിപ്പാലിറ്റിയിലും പ്രവര്‍ത്തിക്കുന്നു. മാലിന്യ സംഭരണത്തിന് ഒരു വീട്ടില്‍ നിന്ന് മാസം 60 രൂപയാണ് വാങ്ങുന്നത്. എന്നാല്‍, എന്‍ജിഒ സഹായമില്ലാതെ തന്നെ പല തദ്ദേശസ്ഥാപനങ്ങളും വികേന്ദ്രീകൃത മാലിന്യസംസ്കരണം നടത്തുന്നുണ്ട്. ഇത് സാധ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരം വന്‍കിട പദ്ധതികളെ ആശ്രയിക്കുന്നതാണ് പ്രധാന തടസ്സം. ഇത് ജനതാത്പര്യമല്ല, ബിസിനസ് താത്പര്യമാണ്. ഇത് ഒരു ബിഒടി പദ്ധതിയാണ്. സ്ഥലം ലീസിനു കൊടുത്ത് ബാങ്കില്‍ ഈടു വെക്കാം, അങ്ങനെ സര്‍ക്കാര്‍ഭൂമി കമ്പനിയുടെ കൈവശം വെച്ച് ഉപയോഗിക്കാം. കോടിക്കണക്കിന് മതിപ്പുവിലയുള്ള സ്ഥലം വെച്ച് പണം സമാഹരിച്ചാണ് ഇവര്‍ പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ പറയുന്നത് തങ്ങള്‍ക്ക് ചെലവില്ലെന്നാണ്. എന്നാല്‍ സ്ഥലത്തിന്‍റെ വില ശ്രദ്ധിക്കപ്പെടാതെ പോകുന്നു. രണ്ടാമത്തെ പ്രശ്നം ഇതിന്‍റെ വയബിളിറ്റി ഗ്യാപ്പ് ഫണ്ട് കൊടുക്കേണ്ടി വരും. സാമ്പത്തികമായി സാധ്യയുള്ള പദ്ധതികള്‍ക്ക് ഗ്രാന്‍റ് അനുവദിക്കുന്നതാണിത്. ഇതിനേക്കാള്‍ പ്രധാനവും സാധാരണക്കാരെ ബാധിക്കാന്‍ പോകുന്നതും മാലിന്യസംഭരണത്തിന് കമ്പനി ചുമത്താന്‍ പോകുന്ന ഫീസാണ്. ലോകനിലവാരത്തില്‍ മാലിന്യം കൈകാര്യം ചെയ്യുന്നതിന് വലിയ വേതനം കൊടുക്കുന്ന സ്ഥാപനം വേണ്ടി വരും. ഇതെല്ലാം ജനത്തിന് താങ്ങാവുന്ന രീതിയില്‍ ചെയ്യാന്‍ ഇച്ഛാശക്തിയുള്ള ഭരണകൂടം വേണ്ടി വരും. പുതിയ കോര്‍പ്പറേഷന്‍ ഭരണസമിതിക്ക് അതുണ്ടാകുമോ എന്നാണ് ഉറ്റു നോക്കേണ്ടത്. ഇത് എല്‍ഡിഎഫ് പ്രകടനപത്രികയിലുള്ളതാണ്. അത് ”
ജനം വിചാരിക്കുന്നത് ഇതെല്ലാം കോര്‍പ്പറേഷന്‍ ചെയ്യുമെന്നാണ്. അതിന് ലോബികളെ ഒഴിവാക്കി സംവിധാനത്തെ പുനക്രമീകരിക്കേണ്ടതുണ്ട്. ”ഇവിടെ മാലിന്യം ശേഖരിക്കാന്‍ ഒരു കളക്ഷന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ദിവസം 60 ലോഡ് മാലിന്യമാണ് കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് ബ്രഹ്മപുരം പ്ലാന്‍റിലെത്തുന്നത്, ഇത് തന്നെ രണ്ടര ലക്ഷം രൂപയുടെ ഇടപാടാണ്. 3000- 4000 രൂപയാണ് ഒരു ലോഡിന് ട്രക്കിനു കിട്ടുക. ഇത് സ്ഥിരവരുമാനമാണ്. ഇത് സംഭരിക്കുന്ന തൊഴിലാളിക്ക് 500- 800 രൂപ കിട്ടുന്നു. ബിഒടി പദ്ധതികളിലെല്ലാം അങ്ങനെയാണ് ഈ മാഫിയ പ്രവര്‍ത്തിക്കുന്നതെന്ന് കാണാം. ഇത് പൊളിയുമെന്നുള്ളതിനാലാണ് അവര്‍ വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജ്ജനത്തെ എതിര്‍ക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരും കോര്‍പ്പറേഷന്‍ ജീവനക്കാരുമാണ് ഇപ്പോള്‍ ചെയ്യുന്നത്. വീഴ്ചയുണ്ടെങ്കിലും അവര്‍ തന്നെയാണ് മാലിന്യസംഭരണം നടത്തുന്നത്. ഇവരെ കൂടി ഉള്‍പ്പെടുത്തി തൊഴില്‍ നഷ്ടം വരാതെ പുനരധിവസിപ്പിക്കാനായാല്‍ ഇത് നല്ല രീതിയില്‍ പ്രാവര്‍ത്തികമാക്കാനാകും. തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ വര്‍ഷത്തില്‍ ഒരു കോടി രൂപയ്ക്ക് മാലിന്യം എടുക്കാന്‍ കരാര്‍ കൊടുക്കുകയായിരുന്നു, ഒരു മാസം ഏകദേശം എട്ടു ലക്ഷം രൂപ. എന്നാല്‍ പെലിക്കന്‍സും ഹരിതകര്‍മ്മസേനയുമടങ്ങുന്ന സംഘത്തിന് ഇതു കൊടുത്തതോടെ മുനിസിപ്പാലിറ്റിക്ക് ചെലവില്ലാതെ ഇത് സാധ്യമായി. യൂസര്‍ ഫീസായി തങ്ങള്‍ക്ക് 35,000 രൂപയാണ് ലഭിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലും വീടുകളില്‍ തങ്ങള്‍ ചെയ്യുന്നുണ്ട്. ശുചിത്വകേരളമിഷനുമായി ചേര്‍ന്നുള്ള പദ്ധതിയാണ്. വാഹനവാടകയും മെയിന്‍റനന്‍സും ഉള്‍പ്പെടെ എല്ലാം തങ്ങള്‍ ഏറ്റെടുക്കുന്നു. കോര്‍പ്പറേഷന്‍ ആകെ ചെയ്യുന്നത് സംഭരണത്തിന് ശാസ്തമംഗലത്ത് സ്ഥലമേര്‍പ്പെടുത്തി തരുന്നുവെന്നതാണ്. ഇതിലൂടെ തൊഴിലും ഉത്പാദിപ്പിക്കപ്പെടുന്നു. തിരുവനന്തപുരത്ത് ഒരു വാര്‍ഡില്‍ തന്നെ ആറോളം പേരെ നിയോഗിച്ചു. അങ്ങനെ സ്വന്തം നിലയില്‍ തന്നെ വരുമാനം കണ്ടെത്തുന്നു ”
ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്‍ജിഒകളുടെ ഉദ്ദേശ്യശുദ്ധികൂടിയാണ്. പലപ്പോഴും സന്നദ്ധസംഘടനകള്‍ മുന്നോട്ടു വെക്കുന്ന പദ്ധതികള്‍ അവരുടെ തന്നെ ആശയങ്ങള്‍ കടകവിരുദ്ധമായി തീരാറുണ്ട്. ഇതാണ് പ്രധാനമായും പൊതു സമൂഹം ഉന്നയിക്കുന്ന ആശങ്കയും. ഇത് ശരിയാണെന്ന് മനോജും സമ്മതിക്കുന്നു ”പരോക്ഷമായെങ്കിലും പ്ലാസ്റ്റിക്ക് മാലിന്യം ഉത്പാദിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് തങ്ങളില്‍ പലരും മുന്നോട്ടു വെക്കുന്നത്. റീസൈക്കിള്‍ ചെയ്യാന്‍ എത്ര വേണമെങ്കിലും പ്ലാസ്റ്റിക് എടുത്തോളാം എന്ന് എന്‍ജിഒകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ ഉത്പാദകര്‍ പണം കൂടുതല്‍ തന്ന് തങ്ങളെ പ്ലാസ്റ്റിക് മാലിന്യം ഏല്‍പ്പിക്കും. ഇത് സംഘടനകള്‍ക്ക് വലിയൊരു വരുമാനസ്രോതസ്സാണ്. എന്നാല്‍ ഇതു കൊണ്ട് മാലിന്യപ്രശ്നം പരിഹരിക്കപ്പെടുന്നില്ല, മറിച്ച് കൂടുതലുണ്ടാകുകയാണ് ചെയ്യുന്നത്. ഇതിന് ഉത്തരവാദിത്തമുള്ള നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. തങ്ങള്‍ ഇങ്ങനെ ആവശ്യപ്പെടുന്ന കമ്പനികളോട് തിരിച്ച് ഒരു നിര്‍ദേശം വെച്ചു, പ്ലാസ്റ്റിക്ക് പായ്ക്കെജുകള്‍ പരിമിതപ്പെടുത്തിയുള്ള ഡിസൈനുകള്‍ തയാറാക്കാമോ എന്ന്. അതായത് ഗാര്‍ഹികാവശ്യത്തിനുള്ള ഉത്പന്നങ്ങള്‍ കാല്‍ കിലോ, അര കിലോ പായ്ക്കറ്റുകള്‍ കൂടാതെ വലിയ സിംഗിള്‍ പായ്ക്കുകളായി കൂടി വില്‍ക്കാമോ എന്നു ചോദിച്ചു. അതിന് എ വി ടി പോലുള്ള അപൂര്‍വ്വം കമ്പനികള്‍ മാത്രമാണ് ക്രിയാത്മകമായി പ്രതികരിച്ചത്. അഞ്ച് കിലോ വരെയുള്ള പായ്ക്കറ്റുകളും അവര്‍ വിപണിയില്‍ ലഭ്യമാക്കി. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് അത്തരം പായ്ക്കറ്റുകള്‍ ചായക്കടകളിലോ ഏതെങ്കിലും കമ്യൂണിറ്റിക്കോ ഉപയോഗിക്കാം. ഇത്തരം ഡിമാന്‍ഡുകള്‍ അംഗീകരിപ്പിക്കാന്‍ കൂടി ശ്രമിച്ചാല്‍ അജൈവ മാലിന്യം കുറയ്ക്കാന്‍ സഹായിക്കും”
പലപ്പോഴും ഇത് ഒരു നിലപാടിന്‍റെ കൂടി പ്രശ്നമാണ് എന്നാണ് മനോജ് പറയുന്നത്.
” ഒരു സംസ്കാരത്തിന്‍റെ ഭാഗമാണിത്. ‘ഉപയോഗിച്ച് വലിച്ചെറിയുക’ എന്ന ശീലത്തിനു മാറ്റം വേണം. കൊവിഡിന്‍റെ സമയത്ത് ശുചിത്വപ്രശ്നങ്ങളെപ്പറ്റി ഭയമുള്ളതിനാല്‍ ഇതിനെല്ലാം പരിമിതിയുണ്ട്. 2014ല്‍ ദേശീയ ഗെയിംസില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിപാടിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു. അന്നും മറ്റെല്ലാ ജില്ലകളും നല്ല രീതിയില്‍ സഹകരിച്ചപ്പോള്‍ കൊച്ചി കോര്‍പ്പറേഷന്‍ മാത്രമാണ് പലതിലും മുട്ടാപ്പോക്ക് നിലപാട് സ്വീകരിച്ചത്. ഇവിടെ ആരും അങ്ങനെ മാലിന്യം വേര്‍തിരിച്ച് കളയാനൊന്നും തയാറാകില്ലെന്ന നിലപാടായിരുന്നു കോര്‍പ്പറേഷന്‍ അധികൃതരുടേത്. ഇതിനു മാറ്റം വരുത്തുകയെന്നതാണ് ഉത്തരവാദിത്തമുള്ള പദവികളില്‍ ഇരിക്കുന്നവര്‍ ചെയ്യേണ്ടത്. ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതിയും നേരത്തേ പറഞ്ഞ മാലിന്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാഹന ലോബികളുടെ ഇടപെടലും ഒഴിവാക്കാനായാല്‍ അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടും ” അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ മാലിന്യസംസ്കരണം നടപ്പാക്കുകയെന്നത് ഹെര്‍ക്കൂലിയന്‍ ജോലിയൊന്നുമല്ല. എന്നാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഉത്തരം നല്‍കാന്‍ തയാറായാല്‍ ഇത് ചുരുങ്ങിയ കാലയളവില്‍ നടപ്പാക്കാനാകും. അതിനു വേണ്ടി സ്ഥാപിത താത്പര്യങ്ങള്‍ ഒഴിവാക്കി പൊതുതാത്പര്യത്തിനു വേണ്ടി നിലനില്‍ക്കുകയാണു വേണ്ടത്. ഇത് പൊതുജനങ്ങള്‍ക്ക് ഓഡിറ്റ് ചെയ്യാനാകണം. ഇതോടൊപ്പം കാലത്തിന് അനുയോജ്യമായ ആരോഗ്യശീലങ്ങളും ശുചിത്വബോധവും നാട്ടുകാര്‍ക്കുമുണ്ടാകണം. നാട്ടില്‍ ഉത്സവങ്ങള്‍ക്കും കല്യാണങ്ങള്‍ക്കു പോലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ സാധാരണക്കാര്‍ തയാറാകുന്നു. ഉയര്‍ന്ന പൗരബോധം ജനങ്ങള്‍ക്കിടയില്‍ വരുന്നുവെന്നത് ശുഭലക്ഷണമാണ്.