Mon. Dec 23rd, 2024
മയക്കുമരുന്ന് സംഘം അടിച്ചു തകര്‍ത്ത പൊലീസ് ജീപ്പ് (Picture Credits: Asianet News)

തിരുവനന്തപുരം:

തിരുവനന്തപുരം തിരുവല്ലത്ത് മയക്കുമരുന്ന് സംഘം പൊലീസ് ജീപ്പ് അടിച്ച് തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് ദിവസം മുമ്പാണ് ഈ സംഭവം അരങ്ങേറിയത്. വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയായിരുന്നു യുവാക്കള്‍ സുബോധമില്ലാതെ ശാന്തിപുരം എന്ന സ്ഥലത്ത് വെച്ച് പൊലീസ് ജീപ്പ് അടിച്ച് തകര്‍ത്തത്.

ഏഴോളം പേരടങ്ങുന്ന സംഘമായിരുന്നു ഇതിന് പിന്നില്‍. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

https://www.youtube.com/watch?v=tKKa-gcXkEY

മോഷണക്കേസില്‍ പ്രതികളായ രണ്ട് പേരെ വിലങ്ങണിയിച്ച് ഫോര്‍ട്ട് പൊലീസുകാര്‍ തിരുവല്ലം പൊലീസിന്‍റെ സഹായത്തോടെ ശാന്തിപുരത്ത് എത്തുകയായിരുന്നു. മറ്റ് പ്രതികളെ പിടികൂടാന്‍ വേണ്ടിയായിരുന്നു പൊലീസ് സംഘം ശാന്തിപുരത്ത് എത്തുന്നത്.

ഇവരെ രക്ഷപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഈ ഏഴംഗ സംഘം അക്രമം അഴിച്ചുവിട്ടത്. നാടന്‍ ബോംബ് പൊലീസുകാര്‍ക്ക് നേരെ എറിയുകയും ചെയ്തു. അക്രമത്തില്‍ ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മോഷണം നടത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത ലഹരി മാഫിയ സംഘത്തിലെ ഏഴു പേരെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍, പ്രതികള്‍ സംസ്ഥാനം വിട്ടതായി പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു.

By Binsha Das

Digital Journalist at Woke Malayalam