Fri. Apr 4th, 2025
Aneesh

പാലക്കാട്:

പാലക്കാട് തേങ്കുറിശ്ശിയിലെ ദുരഭിമാന കൊലയുടെ സൂത്രധാരന്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ കുമരേശന്‍ പിള്ളയെന്ന് കൊല്ലപ്പെട്ട അനീഷിന്റെ കുടുംബം. പണം നല്‍കി ഹരിതയെ തിരികെ എത്തിക്കാന്‍ ശ്രമം നടന്നുവെന്നും കുടുംബം ആരോപിച്ചു. കുമരേശന്‍ പിള്ള ഹരിത വീട്ടിലേക്ക് വന്നാല്‍ അനീഷിന് പണം നല്‍കാം എന്ന് പറയുന്ന ഫോണ്‍ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.

ഹരിതയെ മുത്തച്ഛന്‍  കുമരേശന്‍ പിള്ള ഇടയ്ക്കിടെ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്ന് അനീഷിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. കേസിലെ പ്രതികൾ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തിയതായി അനീഷിന്‍റെ അമ്മ രാധ വെളിപ്പെടുത്തി. സ്​ത്രീധനം ചോദിച്ചുവെന്ന്​ കാണിച്ച്​ അനീഷിന്‍റെ ഭാര്യ ഹരിതുടെ കുടുംബം നോട്ടീസയച്ചിരുന്നുവെന്ന്​ രാധ പറഞ്ഞു. പ്രതികൾക്ക്​ വധശിക്ഷ തന്നെ നൽകണം. ഹരിതയെ സംരക്ഷിക്കുമെന്നും അനീഷിന്‍റെ അമ്മ പറഞ്ഞു.

സംഭവ ദിവസം അനീഷിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടായില്ലെന്നും, കൃത്യമായി ആരോ വിവരം നൽകിയാണ് കൊലപാതകം നടത്തിയതെന്നും അനീഷിന്റെ അച്ഛൻ ആറുമുഖനും പറഞ്ഞു.  കൂടുതൽ ആളുകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നും അച്ഛന്‍ പറയുന്നു.

https://www.youtube.com/watch?v=L_K1Tv8V3OM

ഇതിനിടെ പ്രതികളെ സംഭവസ്ഥലത്തും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ അനീഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച  ആയുധം കണ്ടെത്തി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ സുരേഷിന്റെ വീട്ടിലാണ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പിന് ശേഷമാണ് പ്രതികളെ വീട്ടിലെത്തിച്ചത്. അനീഷിനെ കുത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഇവിടെ നിന്നാണ് കണ്ടെടുത്തത്.

തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകനായ അനീഷ് ഇന്നലെയാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ കടയിലേക്ക് പോയ അനീഷിനേയും സഹോദരനേയും ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അനീഷ് മരിച്ചു. മൂന്ന് മാസം മുൻപാണ് ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യാപിതാവിനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍, പ്രഭുകുമാറിന്റെ ഭാര്യാസഹോദരന്‍ സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത് ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ്.

മകൾ ഹരിതയെ അനീഷ് വിവാഹം ചെയ്‌തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്ന് പ്രഭുകുമാർ മൊഴി നൽകിയിരുന്നു.

അനീഷിന്‍റെ കൊലപാതകത്തിന്‍റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി പാലക്കാട് എസ്.പി ഉത്തരവിട്ടു. പൊലീസിനെതിരെ കുടുംബം ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

അനീഷിന് മുമ്പും ഭീഷണിയുണ്ടായിരുന്നതായി കുടുംബം നേരത്തെ പറഞ്ഞിരുന്നു. ഹരിതയുടെ അമ്മാവൻ വീട്ടിൽ വന്ന് അനീഷിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി ഫോൺ എടുത്ത് കൊണ്ടു പോയി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam