Sat. Jan 18th, 2025
palakkad-honour killing; Aneesh's father in law and wife's uncle booked
പാലക്കാട്:

പാലക്കാട്ടെ തേങ്കുറിശ്ശിയിൽ ജാതിക്കൊലയ്ക്ക് ഇരയായി കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യാപിതാവ് കസ്റ്റഡിയിൽ. കുഴൽമന്ദം സ്വദേശി പ്രഭുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊല നടത്തിയ ശേഷം ഒളിവിൽപ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇന്നലെത്തന്നെ അനീഷിന്‍റെ ഭാര്യയുടെ അമ്മാവൻ സുരേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടാണ് ലഭിക്കുന്നത്. പ്രഭുകുമാറിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇരുവരുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി.

അനീഷിനെ ആക്രമിച്ചത് പ്രഭുകുമാറും സുരേഷും ചേർന്നാണെന്ന് സ്ഥലത്ത് കൊലപാതകം നേരിട്ടുകണ്ട ദൃക്സാക്ഷി അരുൺ മാധ്യമങ്ങളോട് അടക്കം പറഞ്ഞിരുന്നു.  അരുണാണ് അനീഷിനൊപ്പം ബൈക്കിലുണ്ടായിരുന്നത്. വടിവാളും കമ്പിയും കൊണ്ടാണ് ഭാര്യാപിതാവും അമ്മാവനും എത്തിയത്.

പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിലാണ് യുവാവിന് ജീവൻ നഷ്ടമായത്. വൈകീട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരും കൊല. കുഴൽമന്ദം എലമന്ദം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്.

ബൈക്കിൽ കടയിലേക്ക് പോയ അനീഷിനേയും സുഹൃത്തിനെയും ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും ചേർന്ന് ചേർന്ന് വെട്ടുകയായിരുന്നു. മൂന്ന് മാസം മുൻപാണ് ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനിടെ നിരവധി തവണ ഹരിതയുടെ ബന്ധുക്കൾ  അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു.

അനീഷിന്‍റെ ഭാര്യ ഹരിതയെ അച്ഛനും അമ്മാവനും പല തവണ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അനീഷിന്‍റെ അച്ഛൻ ആറുമുഖൻ പറയുന്നു. അച്ഛൻ പ്രഭുകുമാർ ഫോണിലൂടെയും, അമ്മാവൻ സുരേഷ് നേരിട്ടെത്തി മൂന്നു നാല് തവണ ഭീഷണിപ്പെടുത്തി.

ഇളയ കുട്ടിക്ക് ഓൺലൈനായി പഠിക്കാൻ വാങ്ങിക്കൊടുത്ത ഫോൺ സുരേഷ് എടുത്തുകൊണ്ടുപോയി. സ്ഥിരമായി മദ്യപിച്ചാണ് സുരേഷ് എത്തിയിരുന്നതെന്നും, ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും അനീഷിന്‍റെ അച്ഛൻ പറയുന്നു.

‘എനിക്ക് എട്ട് മക്കളാ. മൂത്തവനാ ഇവൻ. കുട്ടിയുടെ അമ്മാവൻ ഇടയ്ക്കിടയ്ക്ക് ഇവിടെ വരുമായിരുന്നു  ഭീഷണിപ്പെടുത്തിയിട്ട് പോകും. തൊണ്ണൂറ് ദിവസമേ താലി കാണൂ എന്നാ അവൻ പറഞ്ഞത്. അത് നടത്തി”,  തൊണ്ടയിടറി അനീഷിന്‍റെ അച്ഛൻ ആറുമുഖൻ പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ തിരക്കുകളാണെന്ന് പറഞ്ഞാണ് സ്ഥലം എസ്ഐ പരാതിയിൽ നടപടികളെടുക്കാതിരുന്നതെന്ന് ആറുമുഖൻ.

സുരേഷ് സംസാരിച്ചത് റെക്കോഡ് ചെയ്യാൻ ശ്രമിച്ചെന്ന് പറഞ്ഞാണ് ഫോൺ പിടിച്ചുവാങ്ങിയതെന്ന് ഹരിതയും പറയുന്നു. അനീഷിന്‍റെ അമ്മയുൾപ്പടെയുള്ളവർ എഴുന്നേൽക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത സ്ഥിതിയിലാണ്.

വിവാഹം കഴിഞ്ഞ് മൂന്ന് മാസം കാത്തിരുന്ന് പക വീട്ടിയ സംഭവത്തിന്‍റെ ഞെട്ടലിലാണ് തേങ്കുറുശ്ശി ഗ്രാമവും. സുഹൃത്തായ അരുണിനൊപ്പം ക്രിസ്മസ് ദിനത്തിൽ വൈകിട്ട് കടയിലേക്ക് പോവുകയായിരുന്നു അനീഷ്.

പോകുന്ന വഴിയ്ക്കാണ് കാത്തിരുന്ന് ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും കമ്പിയും വടിവാളുമായി ആക്രമിച്ചത്. കമ്പി കൊണ്ടടിച്ച് വീഴ്ത്തി. വടിവാള് കൊണ്ട് ആദ്യം കാലിലും കഴുത്തിലുമായി വെട്ടുകയായിരുന്നു. ഇവർ രക്ഷപ്പെട്ട ശേഷം അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

‘കല്യാണം കഴിഞ്ഞ് കൃത്യം മൂന്ന് മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ  അന്നാണിത് ചെയ്തത്. സ്പ്ലെൻഡർ ബൈക്കിലാണ് അവർ വന്നത്. വണ്ടി തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു”, എന്ന്  അനീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ദൃക്സാക്ഷിയുമായ അരുൺ പറഞ്ഞു.

പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അനീഷിന്‍റെ മൃതദേഹമുള്ളത്. ഇന്ന് പോസ്റ്റ്‍മോർട്ടം നടക്കും.

https://www.youtube.com/watch?v=jOBEQ0e0X9Y

By Arya MR