Mon. Dec 23rd, 2024
Arya Rajendran selected as thiruvananthapuram mayor
തിരുവനന്തപുരം:

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചുമതലയേൽക്കാൻ തയ്യാറായിരിക്കുകയാണ് 21കാരിയായ ആര്യ രാജേന്ദ്രൻ.  തിരുവനന്തപുരം മേയറായി  ആര്യ രാജേന്ദ്രനെ തിരഞ്ഞെടുത്തു.

ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് ആര്യ വിജയിച്ചത്.

നിലവില്‍ ബാലസംഘത്തിന്‌റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ. ആൾ സെയ്ന്റ്സ് കോളേജിൽ ബിഎസ് സി ഗണിത ശാസ്ത്രം രണ്ടാം വര്‍ഷ വിദ്യാര്‍ഥി കൂടിയാണ്‌ ആര്യ.

യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന തീരുമാനത്തിലാണ് ആര്യയുടെ പേര് ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്. പേരൂര്‍ക്കട വാര്‍ഡില്‍ നിന്നു ജയിച്ച ജമീല ശ്രീധരന്റെ പേരാണ് ആദ്യം ഉയര്‍ന്നു കേട്ടത്.

വഞ്ചിയൂരില്‍ നിന്നുള്ള ഗായത്രിബാബുവിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന ആലോചനയില്‍ ആര്യയെ തിരഞ്ഞെടുക്കുകയായിരുന്നു.

പാർട്ടി ഏൽപ്പിച്ച ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും, പഠനവും രാഷ്ട്രീയ പ്രവർത്തനവും ഒരുമിച്ച്  കൊണ്ട് പോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യ പ്രതികരിച്ചു. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽഐസി ഏജന്‍റായ ശ്രീലതയുടേയും മകളാണ്.

നഗരത്തിൽ പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. യുവ വനിതാ നേതാവിനെ മേയറാക്കുന്നതിലൂടെ മുമ്പ് വികെ പ്രശാന്തിനെ മേയറാക്കിയപ്പോൾ കിട്ടിയത് പോലെയുള്ള യുവജന പിന്തുണ കൂടി കിട്ടുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്.

രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ  മേയറെന്ന അപൂർവ നേട്ടവം ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകും.

https://www.youtube.com/watch?v=4Lfwig4GyHE

By Arya MR