ബാർസിലോണ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ 2021ലെ മികച്ച സഹനടിയ്ക്കുള്ള നോമിനേഷൻ സ്വന്തമാക്കി ശ്വേതാ മേനോൻ. രഞ്ജിത്ത് ലാല്‍ സംവിധാനം ചെയ്ത ‘നവൽ എന്ന ജുവൽ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ശ്വേതാ മേനോനെ പട്ടികയിലേക്ക് പരിഗണിച്ചിരിക്കുന്നത്.
‘നവൽ എന്ന ജുവൽ‘ മികച്ച ചിത്രത്തിനുള്ള നോമിനേഷൻ പട്ടികയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ബാർസിലോണ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ അവാർഡ് കാറ്റഗറിയിലേക്ക് തന്നെയും തന്റെ ചിത്രത്തെയും പരിഗണിച്ച വിവരം ശ്വേതാ മേനോൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചത്.
https://www.facebook.com/ShwethaMenonOfficial/posts/227804245382838
നേരത്തെ ചിത്രം ഉത്തര കൊറിയന്‍ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യമായിട്ടാണ് ഒരു മലയാള ചിത്രം പ്യോങ് യാങ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചത്.
ശ്വേത മേനോന്റെ ആണ്‍ വേഷത്തിലൂടെ ശ്രദ്ധ നേടിയ ചിത്രമാണ് ‘നവൽ എന്ന ജുവൽ’. ദേശീയ പുരസ്കാര ജേതാവ് അദില്‍ ഹുസൈന്‍ ഹോളിവുഡ് നടി റിം ഖാദിം ഉള്‍പ്പടെ വന്‍ നിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലത്തിലൂടെയാണ് ‘നവല്‍ എന്ന ജുവല്‍’ കഥ പറയുന്നത്. അറബി കല്യാണത്തിന്റെ ഇരകളുടെ കഥയാണ് ചിത്രം പങ്കുവെയ്ക്കുന്നത്.
ഒരേ സമയം മലയാളത്തിലും ഇംഗ്ലീഷിലും ചിത്രം നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജിത്ത് ദാമോദരന്‍, വികെ അജിത് എന്നിവരാണ്. ഛായാഗ്രഹണം ജോബി ജെയിംസ്. റഫീഖ് അഹമ്മദും കാവ്യമയിയുമാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സംഗീതം എം ജയചന്ദ്രന്‍. ഹോളിവുഡ് സംഗീതജ്ഞനായ എഡി ടോറസുമാണ് പശ്ചാത്തല സംഗീതം.