എറണാകുളം:
മൃഗസ്നേഹികളുടെ മാത്രമല്ല സമൂഹത്തിന്റെ ഒന്നടങ്കം ഉള്ളുലുച്ച വാർത്തയായിരുന്നു എറണാകുളത്ത് നായയെ കാറിന്റെ പിന്നിൽ കെട്ടിവലിച്ച് റോഡിലൂടെ കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചുവെന്നത്.
മിണ്ടാപ്രാണിയോട് ചെയ്യുന്ന ക്രൂരത സമൂഹമാധ്യമങ്ങളി വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചപ്പോൾ പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു. പക്ഷേ പ്രതിയായ യൂസഫിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന ശിക്ഷ വെറും 50 രൂപ ഫൈൻ .
യൂസഫിനെ വെറും 50 രൂപ ഫൈൻ ലഭിക്കാവുന്ന വകുപ്പിൽ മാത്രമാണ് ചെങ്ങമനാട് പോലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 428/ 429 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് ചുമത്തിയെങ്കിലും നായ മരണപ്പെട്ടാലോ അംഗവൈകല്യം സംഭവിച്ചാലോ മാത്രമേ കോടതിയ്ക്ക് ഇയാളെ ശിക്ഷിക്കാൻ കഴിയൂ.
നായയെ കാറിൽ കെട്ടിവലിച്ച നെടുമ്പാശ്ശേരി പുത്തൻവേലിക്കര ചാലക്ക കോന്നോംഹൗസിൽ യൂസഫിനെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. അനിമൽ ലീഗൽ ഫോഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് 50 രൂപ ഫൈൻ ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് എഫ് ഐ ആരിൽ ചുമത്തിയതെന്ന് കണ്ടെത്തിയത്.
മനഃപൂർവം നായയെ കൊല്ലാൻ ശ്രമിച്ചതിനും ഉപേക്ഷിച്ചതിനും വാഹനം കുറ്റകൃത്യത്തിന് ഉപയോഗിച്ചതിനും ഉൾപ്പെടെ മാത്രം എട്ടോളം വകുപ്പുകൾ പ്രകാരം വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് അനിമൽ ലീഗൽ ഫോഴ്‌സ് ജനറൽ സെക്രട്ടറി എങ്കൽസ് നായർ ആലുവ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.
നെടുമ്പാശ്ശേരി അത്താണിയ്ക്ക് സമീപം ചാലാക്കയിൽ ഡിസംബർ 11ന് രാവിലെ 11 മണിക്കായിരുന്നു സംഭവം.
അഖിൽ എന്ന യുവാവ് മൊബൈലിൽ പകർത്തിയ കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചത്. സംഭവം മൊബൈലിൽ പകർത്തിയ യുവാവ് ഇടപെട്ട് കാർ നിർത്തിയെങ്കിലും കാർ ഡ്രൈവർ അഖിലിനോട് കയർത്തു സംസാരിച്ചു. “പട്ടി ചത്താൽ നിനക്കെന്താ” എന്നാണ് യൂസഫ് അഖിലിനോട് ചോദിച്ചത്.
എന്നാൽ കൊടും ക്രൂരത ചോദ്യം ചെയ്തുള്ള നിലപാടിൽ അഖിൽ ഉറച്ചു നിന്നതോടെ ഇയാൾ നായയെ അവിടെ ഉപേക്ഷിച്ചു പോയി. ഏതാണ്ട് അറുന്നൂറ് മീറ്ററോളം നായയെ കാറിൽ കെട്ടിവലിച്ചു കൊണ്ടു പോയി എന്നാണ് അഖിൽ പറയുന്നത്. സംഭവത്തിൽ അഖിൽ മൃഗസംരക്ഷണവകുപ്പിൽ പരാതി നൽകിയിരുന്നു.
https://www.youtube.com/watch?v=SxR93YaLRuA