തിരുവനന്തപുരം:
സിസ്റ്റർ അഭയകേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സിബിഐ കോടതി. ഒന്നാംപ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും 6 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. കൊലപാതകത്തിന് 302 വകുപ്പ് പ്രകാരം ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും. മഠത്തിൽ അതിക്രമിച്ചു കയറിയതിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. തെളിവ് നശിപ്പിക്കലിന് 201 വകുപ്പ് പ്രകാരം ഏഴ് വർഷം അധിക കഠിന തടവും വിധിച്ചു.
സിസ്റ്റർ സെഫിയ്ക്ക് കൊലപാതകത്തിന് 302 വകുപ്പ് പ്രകാരം ജീവപര്യന്തവും 5 ലക്ഷം രൂപയുമാണ് വിധിച്ചത്. തോമസ് കോട്ടൂർ കാൻസർ രോഗബാധിതനാണെന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും വാദിച്ചിരുന്നു. ജഡ്ജിയുടെ അടുത്ത് താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു. ഒരുപാട് അശരണർക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുള്ള ആളെന്ന നിലയിൽ പരിഗണന വേണമെന്നും കോട്ടൂർ കോടതിയിൽ പറഞ്ഞു.
ശിക്ഷ ഇളവ് ചെയ്ത് നൽകണമെന്നാണ് സെഫി ആവശ്യപ്പെട്ടത്. പുരോഹിതർ പിതാവിന്റെ സ്ഥാനീയരാണെന്നും സെഫി പറഞ്ഞു.
ഇരുവർക്കും വധശിക്ഷ നൽകേണ്ടതില്ലെന്ന് കോടതി ആദ്യം തന്നെ വാക്കാൽ അറിയിച്ചിരുന്നു. അതിന് ശേഷമാണ് ശിക്ഷ വിധി പ്രസ്താവന കോടതിയിൽ വായിച്ചത്. തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി കെ.സനൽകുമാറാണ് വിധി പറഞ്ഞത്.
https://www.youtube.com/watch?v=_QU2Th6m3nI