തിരുവനന്തപുരം:
കേരളം കഴിഞ്ഞ 28 വർഷങ്ങളായി കാത്തിരുന്ന സിസ്റ്റർ അഭയ കേസിൽ വിധി വന്നിരിക്കുകയാണ്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി പ്രതികളായ ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും കുറ്റക്കാരായി കണ്ടെത്തിയിരിക്കുകയാണ്. കൊലപതാകം, അതിക്രമിച്ച് കടക്കൽ, തെളിവ് നശിപ്പിക്കൽ അടക്കം മൂന്ന് കുറ്റങ്ങളാണ് ഫാ. കോട്ടൂരിനെതിരെ തെളിഞ്ഞിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ അടക്കം രണ്ട് കുറ്റങ്ങളാണ് സിസ്റ്റർ സെഫിയക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ഇവർക്കുള്ള ശിക്ഷ നാളെ കോടതി വിധിക്കും.
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലപാത കേസിന്റെ നാൾ വഴികൾ:
1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്.
കോട്ടയം ബിസിഎം കോളേജിലെ രണ്ടാം വർഷ പ്രീ ഡിഗ്രി വിദ്യാർത്ഥിനിയും ക്നാനായ കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാ സ്ത്രീയുമായിരുന്ന അഭയ (21) ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പ്രാഥമിക നിഗമനം.
ലോക്കൽ പോലീസ് 17 ദിവസവും ക്രൈം ബ്രാഞ്ച് ഒൻപതര മാസവും അന്വേഷണം നടത്തി അഭയയുടെ മരണം ആത്മഹത്യയാണെന്ന് കാണിച്ച് അന്വേഷണം അവസാനിപ്പിച്ചു. ഇത് വിവാദമായതിനെ തുടർന്ന് 1993ൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെ ഉത്തരവിൽ സിബിഐ അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഡിവൈഎസ്പി വർഗീസ് പി തോമസിനായിരുന്നു അന്വേഷണ ചുമതല. 7 മാസം നീണ്ട അന്വേഷണത്തിന് ഒടുവിൽ അഭയയുടേത് കൊലപാതകമാണെന്ന് സിബിഐ വിധിയെഴുതി.
എന്നാൽ, ആത്മഹത്യയാണെന്ന് എഴുതാൻ അന്നത്തെ സിബിഐ എസ്പി വി ത്യാഗരാജനിൽ നിന്ന് സമ്മർദമുണ്ടായെന്ന് ചൂണ്ടിക്കാട്ടി വർഗീസ് പി തോമസ് രാജിവെച്ചു. തുടർന്ന് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു.
കേസിലെ തെളിവുകൾ എല്ലാം നശിപ്പിക്കപ്പെട്ടുവെന്ന് കാണിച്ച് 1996ൽ സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ എറണാകുളം സിജെഎം കോടതി ഈ റിപ്പോർട്ട് തള്ളി. സിബിഐയോട് തുടരന്വേഷണം നടത്താൻ ഉത്തരവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു.
മൂന്ന് തവണയാണ് തെളിവില്ലെന്ന കാരണം പറഞ്ഞ് സിബിഐ കോടതിയെ സമീപിച്ചത്. ഒടുവിൽ, 2007ൽ ചുമതലയേറ്റ ഡിവൈഎസ്പി നന്ദകുമാരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളായ ഫാ.തോമസ് എം കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവരെ നാർക്കോ പരിശോധനയ്ക്ക് വിധേയരാക്കിയത്. പ്രതികൾ കുറ്റം സമ്മതിക്കുന്ന പരിശോധന ഫലം മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് അന്ന് ഏറെ വിവാദമായിരുന്നു. തുടർന്ന് 2008ൽ മൂന്ന് പ്രതികളെയും സിബിഐ അറസ്റ്റ് ചെയ്ത 49 ദിവസം ജയിലിൽ അടച്ചു.
പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് കാണാനിടയായതിനെ തുടർന്ന് അഭയയെ തലയ്ക്ക് കോടാലി കൊണ്ടു അടിച്ചു കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. കുറ്റപത്രം നൽകി വർഷങ്ങൾ കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്.
അതിനിടെ വിചാരണ കൂടാതെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ മേൽക്കോടതിയെ സമീപിച്ചിരുന്നു.
2018 മാർച്ചിൽ മതിയായ തെളിവില്ലെന്ന കാരണത്താൽ ഫാ.ജോസ് പുതൃക്കയിലിനെ കോടതി വെറുതെ വിട്ടു. ശേഷിക്കുന്ന രണ്ട് പേർക്കെതിരെയും വിചാരണ ആരംഭിക്കാൻ കോടതി ഉത്തരവിട്ടു. 2019 ഓഗസ്റ്റിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്.
133 പ്രോസിക്യൂഷൻ സാക്ഷികളിൽ 49 പേരെ മാത്രമാണ് വിസ്തരിക്കാനായത്. കേസ് നീണ്ടപ്പോൾ സാക്ഷികളിൽ പലരും മരണപ്പെട്ടു. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു.
നാലാം സാക്ഷി സഞ്ജു പി മാത്യു, 50-ാം സാക്ഷി സിസ്റ്റർ അനുപമ, 21-ാം സാക്ഷി നിഷാ റാണി, 23-ാം സാക്ഷിയായ അച്ചാമ്മ, കേസിലെ 53-ാം സാക്ഷിയായ ആനി ജോൺ എന്നിവരാണ് കൂറുമാറിയത്.
കേസിലെ പ്രതിയായ വൈദികന്റെ വാഹനം അഭയകൊല്ലപ്പെട്ട ദിവസം രാത്രിയിൽ മഠത്തിന്‍റെ മതിലിന് സമീപം കണ്ടുവെന്ന മൊഴിയാണ് സഞ്ജു പി മാത്യു തിരുത്തിയത്.
കൊലപാതകം നടന്ന ദിവസം കോൺവെന്റിലെ അടുക്കളയിൽ ശിരോവസ്ത്രവും ചെരിപ്പും കണ്ടുവെന്ന സിബിഐയ്ക്ക് നൽകിയ മൊഴിയാണ് സാക്ഷി വിസ്താരത്തിനിടെ സിസ്റ്റർ അനുപമ കോടതിയിൽ മാറ്റി പറഞ്ഞത്. പഠിച്ചു കൊണ്ടിരുന്നപ്പോൾ കിണറ്റിനുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും സിസ്റ്റർ തിരുത്തിയിരുന്നു.
എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന സിസ്റ്റർ സെഫി, അഭയ കൊല്ലപ്പെട്ട ദിവസം ദേഷ്യപ്പെട്ടുവെന്നും, അസ്വാഭാവികമായി പെരുമാറിയെന്നുമുള്ള മൊഴിയാണ് നിഷ റാണി തിരുത്തിയിരുന്നത്.
രഹസ്യമൊഴി നൽകിയ സാക്ഷികൾ അടക്കം കൂറുമാറിയ കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് അനുബന്ധമായി സിബിഐ ചേർത്തിരിക്കുന്നത്.
സംഭവ ദിവസം കോൺവെന്റിൽ മോഷണത്തിന് കയറിയ അടയ്ക്ക രാജുവെന്ന ആളുടെ മൊഴിയാണ് കേസിൽ നിർണായകമായത്. രണ്ട് വൈദികരെയും അസമയത്ത് കോൺവെന്റിൽ കണ്ടുവെന്നാണ് അടയ്ക്ക രാജു മൊഴി നൽകിയത്.
കന്യാകത്വം തെളിയിക്കാൻ സിസ്റ്റർ സെഫി ശസ്ത്രക്രിയ നടത്തിയെന്ന ഫോറൻസിക് സർജൻമാരുടെ മൊഴിയും നിർണായകമായി. ഈ മാസം 10നാണ് ഒരു വർഷവും മൂന്ന് മാസവും നീണ്ട വിചാരണ പൂർത്തിയാക്കി വിധി പറയാൻ മാറ്റി വെച്ചത്.
https://www.youtube.com/watch?v=K4lAVsl0abQ