തിരുവനന്തപുരം:
അഭയ കേസ് വിധി പറഞ്ഞതിന് പിന്നാലെ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് കേസിലെ പ്രതിയായ സിസ്റ്റര്‍ സെഫി. അതേസമയം കോടതി വിധി കേട്ട ശേഷവും ഫാ.തോമസ് കോട്ടൂരിന് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.
അതേസമയം, വിധി കേട്ട് കോടതിയില്‍നിന്ന് പ്രാര്‍ഥിക്കുകയും കരയുകയും ചെയ്ത സിസ്റ്റര്‍ സെഫി പക്ഷേ കോടതിയ്ക്ക് വെളിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
എന്നാല്‍, താന്‍ നിരപരാധിയാണെന്ന് വിധിക്ക് ശേഷം ഫാദര്‍ കോട്ടൂര്‍ മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. താൻ ദൈവത്തിന്റെ പദ്ധതിയനുസരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ദൈവമാണ് തന്റെ കോടതി. ദൈവം കൂടയുള്ളപ്പോള്‍ എന്തിനാ പേടിക്കുന്നെ…” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫാദര്‍ കോട്ടൂരിനെ പൂജപ്പുരയിലേക്കും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങരയിലെ ജയിലിലേക്കാണു മാറ്റുന്നത്. ഇരുവരെയും അതിന് മുൻപായി കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇരുവരുടെയും ശിക്ഷാ വിധി നാളെയാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി പ്രസ്താവിക്കുക.
അതേസമയം, നീതി പൂര്‍വമായ അന്വേഷണം നടന്നെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച വര്‍ഗീസ് പി തോമസ് നിറകണ്ണുകളോടെ പ്രതികരിച്ചത്. “ഞാനതിന് കൊടുത്ത വില വലുതാണ്. പത്ത് വർഷം ബാക്കിയുണ്ടായിരുന്നു. ക്ലിയർ ട്രാക്ക് റെക്കോർഡായിരുന്നു. എനിക്കൊപ്പമുണ്ടായിരുന്നവർ ഡിഐജി വരെയായി. പക്ഷേ എനിക്ക് ഈ കേസിന്റെ പേരിൽ ജോലി വിട്ടുപോകേണ്ടി വന്നു. ജോലി ഉപേക്ഷിച്ചത് സ്വന്തം തീരുമാനമായിരുന്നു. സത്യസന്ധമായി ജോലി ചെയ്യാൻ കഴിഞ്ഞിരുന്നില്ല.”
അഭയ കേസ് കൊലപാതകമാണെന്ന് കണ്ടെത്തിയത് വർഗീസ് പി തോമസായിരുന്നു. പക്ഷേ, ആത്മഹത്യ ആണെന്ന് തിരുത്തി എഴുതാൻ മേലുദ്യോഗസ്ഥരിൽ നിന്ന് വർഗീസ് സമ്മർദ്ദം നേരിട്ടു. അതെ തുടർന്നാണ് ജോലി ഉപേക്ഷിച്ചത്.
വിധിയില്‍ സന്തോഷമുണ്ടായിരുന്നു സിബിഐ സ്‌പെഷ്യല്‍ മുന്‍ ഡയരക്ടര്‍ എംഎല്‍ ശര്‍മ്മയും പ്രതികരിച്ചു.
അഭയക്കേസിൽ അവസാനം നീതികിട്ടയതിൽ സന്തോഷം രേഖപ്പെടുത്തി സിസ്റ്റര്‍ അഭയയുടെ സഹോദരനും രംഗത്തെത്തി.
“ഇത് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവിൽ നീതി കിട്ടി. നാട്ടിൽ പലര്‍ക്കും സംശയം ഉണ്ടായിരുന്നു കേസ് തെളിയില്ലെന്ന്. ദൈവത്തിന്‍റെ ഇടപെടൽ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ബിജു. ഒരു മണിക്കൂറുകൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നത്. നീതിക്ക് വേണ്ടി സഭയക്കകത്തും സമൂഹത്തിലാകെയും ആഗ്രഹിച്ച നിരവധി പേരുണ്ട്. അവരെല്ലാം വിധികേട്ട് സന്തോഷമായി,” ബിജു പറഞ്ഞു. ഒപ്പം കൂടെ നിന്ന മാധ്യമങ്ങൾക്ക് ബിജു നന്ദി പറഞ്ഞു.
അതേസമയം, ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരും അതിന്റെ പ്രവര്‍ത്തനങ്ങളും എന്താണെന്ന് മലയാളികള്‍ക്ക് സുപരിചിതമായത് സിസ്റ്റര്‍ അഭയ കൊലക്കേസിലൂടെയായിരുന്നു. ജോമോൻ പുത്തൻപുരയ്‌ക്കൽ എന്ന പൊതുപ്രവർത്തകന്റെയും ആക്ഷൻ കൗൺസിലിന്റെയും നിരന്തര പരിശ്രമം കൊണ്ട് കൂടിയാണ് സിസ്റ്റർ അഭയയ്ക്ക് നീതി ലഭിച്ചത്.
പോലീസും ക്രൈംബ്രാഞ്ചും മരണത്തില്‍ ദുരൂഹതയില്ലെന്ന് തീര്‍ത്തുപറഞ്ഞെങ്കിലും ജോമാന്‍ പുത്തന്‍പുരയ്ക്കലും ആക്ഷന്‍കൗണ്‍സിലും പിന്‍വാങ്ങിയില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിയെ കണ്ടു. അന്വേഷണം തുടക്കം മുതൽ ഇന്ന് വിധി പ്രസ്താവന വന്ന നാൾ വരെ കോടതിയിൽ കൂടെ നിന്നു ജോമോൻ.
പ്രതികരിച്ച തന്നെ പലവട്ടം ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്. വിധിയിൽ സന്തോഷം, ഇനി മരിച്ചാലും വേണ്ടില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. നീതിവ്യവസ്ഥയിലെ വിശ്വാസം വർധിച്ചെന്നും കോടതിയെ വിലയ്ക്ക് വാങ്ങാൻ ആകില്ലെന്ന് തെളിഞ്ഞു. അടയ്ക്ക രാജുവിന്റെ രൂപത്തിൽ ദൈവം എത്തി,”ജോമോൻ കൂട്ടിച്ചേർത്തു.
താൻ ഏറെ സന്തോഷവാനായെന്നാണ്, ഈ കേസിലെ നിർണ്ണായക സാക്ഷിയായ അടയ്ക്ക രാജു പ്രതികരിച്ചത്. തനിക്കും പെണ്മക്കളുണ്ട്. അവർക്ക് കൂടിയുള്ള നീതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്, രാജു കൂട്ടിച്ചേർത്തു.
വൈദകരെ രാത്രിയിൽ കോൺവെന്റിൽ കണ്ടുവെന്ന നൈറ്റ് വാച്ച്മാൻ ചെല്ലമ്മ ദാസിന്റെ മൊഴിയും നിർണായകമായിരുന്നു കേസിൽ.
1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും ലൈംഗികബന്ധത്തിലേർപ്പെടുന്നത് സിസ്റ്റർ അഭയ കണ്ടതിനെ തുടർന്ന് അഭയയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന് കിണറ്റിൽ തള്ളുകയായിരുന്നു.
കോട്ടയം ബിസിഎം കോളേജിലെ രണ്ടാം വർഷ പ്രീ ഡിഗ്രി വിദ്യാർത്ഥിനിയും ക്നാനായ കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാ സ്ത്രീയുമായിരുന്നു 21കാരിയായ സിസ്റ്റർ അഭയ.
https://www.youtube.com/watch?v=pthXpFLFYag