കൊച്ചി
തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയില്ലാതെ പ്രാദേശിക വികസനവും വ്യത്യസ്തനയവുമായി എത്തിയ സ്വതന്ത്ര പ്രസ്ഥാനങ്ങള്‍ വിജയിച്ചത് കേരളത്തില്‍ പുതിയ ചരിത്രത്തിനു വഴി പാകുന്നുവോ എന്നാണ് ശ്രദ്ധേയമാകുന്നത്.
കിഴക്കമ്പലത്തെ ട്വെന്‍റി 20, വൺ ഇന്ത്യ വൺ പെൻഷന്‍ തുടങ്ങിയ തികച്ചും രാഷ്ട്രീയ കക്ഷിവിമുക്തമായ സംഘടനകള്‍ക്കൊപ്പം വീ ഫോര്‍ പട്ടാമ്പി, ജനപക്ഷം തുടങ്ങിയ മൂന്നു മുന്നണികള്‍ക്കുതിരേ നിന്ന സംഘടനകളും മികച്ച വിജയം കൊയ്തു.
തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന വ്യക്തികളേക്കാള്‍ സമാന താത്പര്യമുള്ളവരുടെ കോണ്‍ഫെഡറേഷനുകള്‍ക്ക് സാധ്യതയും ജനകീയാംഗീകാരവും നേടാനാകുമെന്ന പാഠമാണ് ഈ വിജയങ്ങള്‍ കാണിച്ചു തരുന്നത്.
എറണാകുളം കിഴക്കമ്പലത്ത് കിറ്റെക്സ് കമ്പനിയുടെ നേതൃത്വത്തില്‍ 2002ല്‍ രൂപം കൊടുത്ത ട്വെന്‍റി 20 ഗ്രാമപഞ്ചായത്ത് കഴിഞ്ഞ തവണ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തിരുന്നു. ഇത്തവണ അവിടെ ഭരണം നിലനിര്‍ത്തിയതിനു പുറമെ, സമീപ പഞ്ചായത്തായ ഐക്കരനാടിലും ഭരണത്തിലേക്ക്. ഇതിനു പുറമെ മുഴവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും അവര്‍ക്കു കഴിഞ്ഞു.
അതേസമയം, 60 വയസു കഴിഞ്ഞ എല്ലാവര്‍ക്കും 10,000 രൂപ പെന്‍ഷന്‍ നല്‍കുകയെന്ന മുദ്രാവാക്യവുമായി മത്സരിച്ച വൺ ഇന്ത്യ വൺ പെൻഷന് (OIOP) കോട്ടയത്ത് മൂന്ന് സ്ഥാനാർഥികളെ വിജയിപ്പിക്കാനായി. ഉഴവൂർ പഞ്ചായത്തിലെ മൂന്ന് , നാല് വാർഡുകളിലും കൊഴുവനാൽ പഞ്ചായത്ത് ഒന്നാം വാർഡിലുമാണ് സംഘടനയുടെ സ്ഥാനാർഥികൾ ജയിച്ചത്.
ഇതില്‍ ഉഴവൂരിലെ ജയം എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്കു നിർണായകമാണ്. 13 അംഗങ്ങള്‍ ഉള്ള പഞ്ചായത്തിൽ അഞ്ച് സീറ്റുകള്‍ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യനിലയിലാണ്. ബിജെപിക്ക് ഒരു സീറ്റുണ്ട്. ഈ സാഹചര്യത്തിൽ ഭരിക്കാന്‍ വൺ ഇന്ത്യ വൺ പെൻഷന്‍ സ്ഥാനാർത്ഥിയുടെ പിന്തുണ വേണ്ടി വരും.
പാലക്കാട്ട് പട്ടാമ്പി നഗരസഭയില്‍ വി ഫോര്‍ പട്ടാമ്പിയുടെ നേതൃത്വത്തില്‍ മത്സരിച്ച ആറു പേര്‍ വിജയിച്ചത് കഴിഞ്ഞ തവണ മുനിസിപ്പല്‍ ഭരണം കൈയാളിയ കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് തിരിച്ചടിയായത്. ഇവര്‍ എല്‍ഡിഎഫിനു പിന്തുണ നല്‍കുമെന്നറിയിച്ചിരിക്കുന്നു. വിമതരുടെ സഹായം തേടില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എംപി വ്യക്തമാക്കി.
അതേ സമയം കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പി സി ജോർജ്ജ് എംഎല്‍എയുടെ മകനും ജനപക്ഷം സ്ഥാനാർത്ഥിയുമായ ഷോൺ ജോർജ് വിജയിച്ചതു മൂന്നു മുന്നണികളെയും തകര്‍ത്തു കൊണ്ടാണ്. അതേ സമയം കൊച്ചി കോര്‍പ്പറേഷനിലേക്കും നിന്ന വീ ഫോര്‍ കൊച്ചി പോലുള്ള കക്ഷികള്‍ക്ക് വിജയിക്കാനായില്ല.