ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ മൂന്നാഴ്‌ച്ചയായി തുടരുന്ന കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമല്ലെന്ന് സുപ്രീം കോടതി. പ്രശ്‌ന പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ നടത്തുന്നതിന് ഒരു പാനല്‍ രൂപീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെയും കര്‍ഷകരുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാകണം പാനല്‍.
ഡെല്‍ഹിയുടെ അതിര്‍ത്തികള്‍ തടസപ്പെടുത്തി സമരം ചെയ്യുന്ന കര്‍ഷകരെ നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി വ്യാഴാഴ്‌ച്ച വീണ്ടും കേസ് പരിഗണിക്കും. കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ അഞ്ച് വട്ടം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.
നിയമങ്ങളില്‍ ഭേദഗതികള്‍ക്ക് സന്നദ്ധമാണെന്ന് അറിയിച്ച് സര്‍ക്കാര്‍ നല്‍കിയ കത്തിന് കര്‍ഷക സംഘടനകള്‍ മറുപടി നല്‍കി. കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ഉദ്യാഗസ്ഥനാണ് ഇക്കാര്യം ദ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് സ്ഥിരീകരിച്ചത്. എന്നാല്‍ മറുപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.