Fri. Nov 22nd, 2024

ലുഥിയാന: ഡെല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന്‌ പിന്തുണയുമായി പഞ്ചാബില്‍ സത്രീകളുടെ പ്രതിഷേധവും ശക്തമാകുന്നു. ധര്‍ണകളും മാര്‍ച്ചുകളും ഉപരോധവുമായി അവര്‍ സമര രംഗത്ത് സജീവമാണ്. സംസ്ഥാനത്ത്‌ 100ലേറെ സ്ഥലങ്ങളിലാണ്‌ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന്‌ വരെ സ്‌ത്രീകള്‍ ധര്‍ണ നടത്തുന്നത്‌. വയലുകളിലെ ജോലിയും വീട്ടുപണികളും ചെയ്‌ത ശേഷമാണ്‌ സ്‌ത്രീകള്‍ സമരരംഗത്തെത്തുന്നത്‌.

പുരുഷന്മാരോട്‌ ഡെല്‍ഹിയില്‍ സമരം തുടരാനാണ്‌ സ്‌ത്രീകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. വയലുകളിലെ പണിയും വീട്ടിലെ കാര്യങ്ങളും സ്‌ത്രീകള്‍ നോക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാന പ്രകാരമാണ്‌ ജില്ലാ കള്‌ക്ടറേറ്റുകള്‍ക്ക്‌ പുറത്തും മറ്റ്‌ സ്ഥലങ്ങളിലും സ്‌ത്രീകള്‍ സമരം തുടങ്ങിയത്‌. സ്‌ത്രീകളുടെ വന്‍ പങ്കാളിത്തമാണ്‌ സമരങ്ങളിലുള്ളത്‌.

പിഎച്ച്‌ഡി വിദ്യാര്‍ത്ഥിനിയായ സുര്‍വീര്‍ കൗറാണ്‌ ബര്‍ണാലയില്‍ ജില്ലാ കളക്ടറേറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തിയ സ്‌ത്രീകള്‍ക്ക്‌ മുദ്രാവാക്യങ്ങള്‍ എഴുതിക്കൊടുക്കുന്നത്‌. നവംബര്‍ 7നായിരുന്നു സുര്‍വീറിന്റെ വിവാഹം. വിവാഹത്തിന്‌ ശേഷം അവര്‍ ഡെല്‍ഹിയില്‍ സമരവേദിയില്‍ പോയിരുന്നു. കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന പ്രധാന സംഘടനയായ ബികെയു(ഉഗ്രഹാന്‍) പ്രവര്‍ത്തകയാണ്‌ സുര്‍വീര്‍.

സംഗ്രൂരില്‍ ധാന്യ വിപണിക്ക്‌ മുന്നില്‍ സ്‌ത്രീകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ 10000ഓളം സ്‌ത്രീകള്‍ പങ്കെടുത്തതായി ബികെയു (ഉഗ്രഹാന്‍) വനിത നേതാവ്‌ ഹരീന്ദര്‍ കൗര്‍ ബിന്ദു പറഞ്ഞു. ബട്ടിന്‍ഡയിലെ കളക്ടറേറ്റിന്‌ മുന്നിലെ റോഡ്‌ പൂര്‍ണമായും സ്‌ത്രീ പ്രക്ഷോഭകരുടെ നിയന്ത്രണത്തിലായിരുന്നു. ഡെല്‍ഹി ചലോ തുടങ്ങിയ ശേഷം ധര്‍ണകള്‍ സംഘടിപ്പിക്കുന്ന ചുമതല സ്‌ത്രീകള്‍ ഏറ്റെടുക്കുകയായിരുന്നു.

കോര്‍പറേറ്റുകളുടെ പെട്രോള്‍ പമ്പുകള്‍ക്ക്‌ മുന്നിലും മാളുകള്‍ക്ക്‌ മുന്നിലും ടോള്‍ പ്ലാസകളിലും പുരുഷന്മാര്‍ക്കൊപ്പം സ്‌ത്രീകളും സമരരംഗത്തുണ്ട്‌. ഡെല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നതിനും പഞ്ചാബില്‍ നിന്നുള്ള ധാരാളം സ്‌ത്രീകള്‍  പോകുന്നുണ്ട്‌. കര്‍ഷക സംഘടനകളുടെ സ്‌ത്രീ വിഭാഗവും സജീവമായി രംഗത്തുണ്ട്‌.