അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന നാലു ജില്ലകളിലായി 1,105 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത്, 785 എണ്ണം. മലപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ 100 വീതവും കോഴിക്കോട് 120 ബൂത്തുകളുമാണ് പ്രശ്നബാധിതമായി വിലയിരുത്തിയത്. നാല് ജില്ലകളിലും കൂടി ആകെ 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
കണ്ണൂരില്‍ ഇത്തവണ കേന്ദ്രസേനയില്ല. സംസ്ഥാന പോലീസ് ആണ് സുരക്ഷയൊരുക്കുക. എന്‍എസ് ജി പരിശീലനം ലഭിച്ച സായുധ സേനയെയും മാവോയിസ്‌റ്റുകളെ നേരിടാന്‍ തയാറാക്കിയ തണ്ടര്‍ ബോള്‍ട്ടിനെയുമാണ് തയാറാക്കിയത്. ജില്ലയിലെ 1671 പ്രശ്ന ബാധിത ബൂത്തുകളിൽ സുരക്ഷ കർശനമാക്കി. 8,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മലയോര മേഖലയിലെ 64 ബൂത്തുകൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. ഇവിടങ്ങളിൽ തണ്ടർ ബോൾട്ട് ഉൾപെടെ ട്രിപ്പിൾ ലോക്ക് സംരക്ഷണം ഒരുക്കും.
സംഘര്‍ഷസാധ്യതയുള്ള ബൂത്തുകളാണ് പ്രശ്ന സാധ്യതാ ബൂത്തുകള്‍. കോഴിക്കോട് നഗര പരിധിയിൽ 16 സ്റ്റേഷനുകളിലായി 78ഉം റൂറൽ പരിധിയിൽ 20 സ്റ്റേഷനുകള്‍ക്കു കീഴിലായി 915 പ്രശ്നബാധിത ബൂത്തുകളുമാണുള്ളത്.
തിരഞ്ഞെടുപ്പു കൃത്രിമത്വത്തിന്‍റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന അതീവ പ്രശ്നബാധിത ബൂത്തുകള്‍ ഏഴെണ്ണമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 90 ശതമാനത്തിലേറെ പോളിങ് നടക്കുകയും അതിൽ ഒരു സ്ഥാനാർഥിക്ക് മാത്രം 75 ശതമാനത്തിലെറെ വോട്ട് ലഭിക്കുകയും ചെയ്ത ബൂത്തുകൾ, പത്തോ അതിൽ കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ബൂത്തുകൾ എന്നിവയാണ് അതീവ പ്രശ്നബാധിത ബൂത്തുകള്‍.
കാസര്‍ഗോഡ് 1409 പ്രശ്ന ബാധിത ബൂത്തുകളും 84 അതീവ പ്രശ്നബാധിത ബൂത്തുകളുമുണ്ട്. ജില്ലയില്‍ എട്ടിടത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതിനാല്‍ തണ്ടര്‍ ബോള്‍ട്ടിന്‍റെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. ഡോഗ് സ്വാഡും ബോംബ് സ്ക്വാഡും സജ്ജമാണ്. പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് സൗകര്യമുണ്ടാകും. ആവശ്യമെങ്കിൽ വിഡിയോഗ്രഫിയും ഒരുക്കും.