Mon. Dec 23rd, 2024
Maharashtra govt seeks death penalty for heinous crime against women

 

മുംബൈ:

സ്ത്രീകൾക്കെതിരായ അതിക്രമത്തിന് വധശിക്ഷവരെ നൽകുന്ന കടുത്ത നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്രാ സർക്കാർ. ശക്തി എന്ന് പേരിട്ട് നിയമത്തിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ശീതകാല സമ്മേളനത്തിൽ കരട് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. നിയമസഭ അംഗീകരിച്ച ശേഷം കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനും രാഷ്ട്രപതിയുടെ അനുമതിക്കും അയക്കുമെന്ന് ദേശ്മുഖ് കൂട്ടിച്ചേർത്തു.

ശക്തി ആക്ട് പ്രകാരം സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ ഭീഷണിപ്പെടുത്തുക, ബലാത്സംഗം, മാനഭംഗപ്പെടുത്തൽ, ആസിഡ് ആക്രമണം, പീഡനത്തിനിരയായാൽ ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തൽ, ആസിഡ് ആക്രമണം എന്നിവയും കുറ്റമായി കണക്കാക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ പത്തുവർഷത്തിൽ കുറയാത്ത ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടും, സമൂഹത്തിന് ഭീഷണിയാണെന്ന് കണ്ടാൽ വധശിക്ഷ ഉറപ്പാക്കുകയുമാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.

വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കും. നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് നിലവിലെ ഐപിസി, സിആർപിസി, പോക്സോ ആക്ടുകളിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്നും മഹാരാഷ്ട്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. 

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ആന്ധ്രാപ്രദേശ് കൊണ്ടുവന്ന ദിഷാ ആക്ടിന്റെ മാതൃകയിലാണ് മഹാരാഷ്ട്ര ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്.

https://www.youtube.com/watch?v=oMrdBdO_0Q0

 

By Athira Sreekumar

Digital Journalist at Woke Malayalam