Mon. Dec 23rd, 2024
Govt suggests no homework upto Class 2, school bag should weigh 10% of body weight
ഡൽഹി:

വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് പുതിയ നയവുമായി കേന്ദ്ര സർക്കാർ. ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെയായിരിക്കണം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ  സ്‌കൂള്‍ ബാഗ് നയം ശുപാര്‍ശ ചെയ്യുന്നു.

രണ്ടാം ക്ളാസ് വരെയുള്ള വിദ്യാത്ഥികള്‍ക്ക് ഹോംവര്‍ക്ക് നല്‍കരുതെന്നും നയത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പരമാവധി തൂക്കം 22 കിലോ ഗ്രാം  ആണ്.

അതിനാല്‍ അവരുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം രണ്ട് കിലോ ഗ്രാമില്‍ കൂടാന്‍ പാടില്ലെന്നാണ്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന പുതിയ  സ്‌കൂള്‍ ബാഗ് നയത്തില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. പ്ലസ് ടു തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാരം 35 മുതല്‍ 50 കിലോ വരെ ആയതിനാല്‍ സ്‌കൂള്‍ ബാഗുകളുടെ ഭാരം അഞ്ച് കിലോ ഗ്രാമില്‍ അധികമാകരുതെന്നും നയത്തിൽ ചൂണ്ടിക്കാട്ടുന്നു.

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനുള്ള ചില നിര്‍ദേശങ്ങളും നയത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പുസ്തകം നിശ്ചയിക്കുമ്പോള്‍ അതിന്റെ ഭാരം കൂടി അധ്യാപകര്‍ കണക്കിലെടുക്കണം.

എല്ലാ പുസ്തകങ്ങളിലും പ്രസാധകര്‍ ഭാരം രേഖപ്പെടുത്തണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള ഉച്ചഭക്ഷണവും കുടിവെള്ളവും സ്‌കൂളുകളില്‍ തന്നെ ഉറപ്പാക്കണം.

അങ്ങനെയായാല്‍ ചോറ്റുപാത്രവും വെള്ളക്കുപ്പിയും ബാഗിന്റെ ഭാഗമായി സ്‌കൂളില്‍ കൊണ്ടുവരുന്നത് ഒഴിവാക്കാം.

അധികസമയം ഇരുന്ന് പഠിക്കാന്‍ കഴിയാത്തതിനാല്‍ രണ്ടാം ക്ളാസ് വരെയുള്ള വിദ്യാത്ഥികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുത് എന്നാണ് നയത്തിലെ മറ്റൊരു ശുപാര്‍ശ.

ഹോം വര്‍ക്ക് നല്‍കുന്നതിന് പകരം വിദ്യാര്‍ത്ഥികള്‍ വൈകുന്നേരങ്ങളില്‍ എങ്ങനെ സമയം ചെലവഴിച്ചു, എന്തൊക്കെ കളിച്ചു, എന്തൊക്കെ ഭക്ഷണം കഴിച്ചു തുടങ്ങിയ  കാര്യങ്ങള്‍ അധ്യാപകര്‍ ക്ലാസില്‍ പറയിപ്പിക്കണം. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ളാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ പരമാവധി രണ്ട് മണിക്കൂര്‍വരെയേ ഹോം വര്‍ക്ക് നല്‍കാവൂ.

ആറ് മുതല്‍ എട്ട് വരെയുള്ള ക്ളാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ ദിവസവും പരമാവധി ഒരു മണിക്കൂര്‍ വരെ ഹോം വര്‍ക്ക് നല്‍കാം. ഈ പ്രായം മുതലാണ് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ഏകാഗ്രതയോടെ കൂടുതല്‍ സമയം ഇരിക്കാന്‍ തുടങ്ങുന്നത്.

അതിനാല്‍ തന്നെ കഥകള്‍, ലേഖനങ്ങള്‍, പ്രാദേശികമായ വിഷയങ്ങള്‍, ഊര്‍ജ്ജ സംരക്ഷണം എന്നിവ സംബന്ധിച്ച് എഴുതാന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദേശിക്കണമെന്നും നയത്തിൽ പറയുന്നു.

 

https://www.youtube.com/watch?v=xBLJNAr1Ow0

 

By Arya MR