Mon. Dec 23rd, 2024
ചിലവന്നൂര്‍ കായല്‍ നാശോന്മുഖമായ അവസ്ഥയില്‍

കൊച്ചി നഗരത്തിന്‍റെ നടുവിലുള്ള ഉള്‍നാടന്‍ മത്സ്യബന്ധന പ്രദേശമായിരുന്നു ചിലവന്നൂര്‍ കായല്‍. ഇന്ന് പക്ഷേ, ഇവിടം കൈയേറ്റക്കാരുടെ ഹൃദയഭൂമികയാണ്. കായലും പരിസരവുമടങ്ങിയ തുറന്ന ഇത്തിരിവട്ടം ഇന്നും നഗരഹൃദയത്തിലെ മനോഹരക്കാഴ്ചയാണ്. എന്നാല്‍ നഗരത്തിന്‍റെ വീര്‍പ്പുമുട്ടലില്‍ ആശ്വാസമാകേണ്ട കായല്‍, റിയല്‍ എസ്റ്റേറ്റ് ഭീമന്മാരുടെ കൈയേറ്റത്താല്‍ ശ്വാസം മുട്ടുകയാണിന്ന്. ഇതില്‍ നിന്ന് കായലിന്‍റെ സംരക്ഷിക്കേണ്ട അധികൃതര്‍ ഞെക്കിക്കൊല്ലാന്‍ ഈ ആരാച്ചാരന്മാര്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.

ചിലവന്നൂര്‍ കായല്‍ മുന്‍പ്
ചിലവന്നൂര്‍ കായല്‍ മുന്‍പ് , ഫേസ് ബുക്ക് ചിത്രം

കൊച്ചി നഗരം വളര്‍ന്നു വികസിച്ചപ്പോള്‍ താമസസൗകര്യങ്ങള്‍ക്കായി നഗരം ഞെരിച്ചമര്‍ത്തിയ പ്രദേശങ്ങളാണ് പനമ്പിള്ളി നഗറും ചിലവന്നൂരും കടവന്ത്രയും. നഗരത്തിന്‍റെ കരാളഹസ്തങ്ങളിലമര്‍ന്ന ഈ പ്രദേശങ്ങളെല്ലാം ഉയര്‍ന്ന ജനസാന്ദ്രതയും നാഡീഞരമ്പുകള്‍ പോലുള്ള പാതകളും നിറഞ്ഞ് സങ്കീര്‍ണ സ്വഭാവം കൈവരിച്ചു. എങ്കിലും ചിലവന്നൂരിന് കായല്‍ സാമീപ്യം വലിയൊരു ആശ്വാസമായിരുന്നു. അവിടെ കൃഷി ഏറെക്കുറെ നിലച്ചിട്ടും തുറന്ന കായല്‍പ്പരപ്പിലൂടെ കാറ്റേല്‍ക്കാനും തെളിഞ്ഞ ആകാശത്തിനു കീഴില്‍ മീന്‍ പിടിക്കാനും നാട്ടുകാര്‍ക്കു സാധിച്ചിരുന്നു. എന്നാലിപ്പോള്‍ പായലും പോളയും നിറ‍ഞ്ഞ് കായല്‍ നാശോന്മുഖമായി കിടക്കുകയാണ്. വഞ്ചികള്‍ക്ക് കടന്നു വരാന്‍ പറ്റുന്നില്ല, അവിടെ സ്ഥാപിച്ചിരിക്കുന്ന ചീനവലകള്‍ പ്രവര്‍ത്തിപ്പിക്കാനാകാത്തതിനാല്‍ ഉയര്‍ത്തി വെച്ചിരിക്കുകയാണ്.

ഗിരി ചിലവന്നൂര്‍ നിവാസി
പൂളത്തുണ്ടിയില്‍ ഗിരി ചിലവന്നൂര്‍ നിവാസി

ഒരു കാലത്ത് പൊക്കാളിക്കൃഷിയും മത്സ്യബന്ധനവും സമൃദ്ധമാക്കിയ ചിലവന്നൂര്‍ കായല്‍  നഗരത്തിന്‍റെ ജീവനാഡിയായിരുന്നു. എന്നാല്‍ ഇന്ന് കായല്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുകയാണ്. ചെമ്മീന്‍, കരിമീന്‍, ഞണ്ട്, തിലോപ്പിയ, കണമ്പ് തുടങ്ങിയവയാല്‍ ചിലവന്നൂര്‍ കായല്‍ സമൃദ്ധമായിരുന്നുവെന്ന് പ്രദേശവാസിയായ പൂളത്തുണ്ടിയില്‍ ഗിരി പറയുന്നു. “പണ്ട് കാലത്ത് പൊക്കാളിപ്പടത്തിന്‍റെ സാമീപ്യവും ശുദ്ധജലവുമാണ് മത്സ്യസമ്പത്ത് സമൃദ്ധമാകാന്‍ കാരണമായത്. രാത്രിയിലും പകലും മീന്‍ പിടിത്തം സജീവമായിരുന്ന കായലാണിത്. അന്നൊക്കെ ഒരു ദിവസം വല വലിക്കുന്നവര്‍ക്ക് ഒരു ദിവസം 10,000 രൂപ വരെ കിട്ടുമായിരുന്നു. എന്നാലിന്ന് സീസണില്‍ വല്ലതും കിട്ടിയാലായി. ചിലവന്നൂര്‍ മുതല്‍ വൈറ്റില ജനത അറ്റം വരെ  മുന്‍പ് ഒരു വശത്ത് കായലും മറുവശത്ത് പാടവുമായിരുന്നു. എന്നാല്‍ ഫ്ളാറ്റുകളും വില്ലകളും വന്നതോടെ പ്രദേശം നികത്തിയെടുക്കാന്‍ തുടങ്ങി. അതോടെയാണ് കായല്‍ നശിക്കാന്‍ തുടങ്ങിയത്.”

കൊച്ചിയിലെ ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയിലെ ശക്തമായ സാന്നിധ്യമായിരുന്ന ചിലവന്നൂര്‍ കായല്‍ കൊച്ചി നഗരസഭയുടെ 54ാം ഡിവിഷനില്‍പ്പെട്ട ചെട്ടിച്ചിറയില്‍ നിന്നാരംഭിച്ച്‌ മരട് തേവര വഴി വേമ്പനാട് കായലില്‍ എത്തിച്ചേരുന്നു. 2005ന് മുമ്പ് കായലിന് 500 മീറ്ററിലധികം വീതിയുണ്ടായിരുന്നു. എന്നാല്‍ 2017ലെ സര്‍വേ പ്രകാരം കായലിന്‍റെ വീതി 150 മീറ്ററായി ചുരുങ്ങി. 67 ചെറുതും വലുതുമായ കൈയേറ്റങ്ങളും റെവന്യൂ വകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി.

ചിലവന്നൂര്‍ പ്രദേശത്തെ ഒരു ഫ്ലാറ്റും പായല്‍ നിറഞ്ഞ കായലും
ചിലവന്നൂര്‍ പ്രദേശത്തെ ഒരു ഫ്ലാറ്റും പായല്‍ നിറഞ്ഞ കായലും

ഫ്ളാറ്റ് സംസ്കാരമാണ് ചിലവന്നൂര്‍ കായലിന്‍റെ ഇന്നത്തെ ക്ഷയോന്മുഖമായ അവസ്ഥയ്ക്കു കാരണമെന്ന് ഇവിടെയെത്തുന്ന ആര്‍ക്കും നിസ്സംശയം ബോധ്യപ്പെടും. ഇരുവശത്തും ഉയര്‍ന്ന ഭീമാകാരമായ ഫ്ലാറ്റുകള്‍ കായലിനെ വളഞ്ഞു ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയാണ്. ഇരുവശത്തു നിന്നും കായല്‍ നികത്തി കൈയേറുന്നതിനൊപ്പം  കെട്ടിടനിര്‍മാണാവശിഷ്ടങ്ങളും ചെളിയും പായലും ചേര്‍ന്ന് കായലില്‍ നിക്ഷേപിക്കപ്പെടുമ്പോള്‍ കായല്‍ നികന്നു പോകുന്നു. കായലില്‍ മത്സ്യബന്ധനം തടസപ്പെടുത്തുക മാത്രമല്ല, മീനുകളുടെ നാശത്തിനും കാരണമാകുന്നു. ഡ്രെജ് ചെയ്ത ആഴം കൂട്ടുകയാണ് പോംവഴി.

 

കണ്ണന്‍ ചിലവന്നൂര്‍ നിവാസി
കണ്ണന്‍ ചിലവന്നൂര്‍ നിവാസി

അധികൃതരുടെ അനാസ്ഥയും അവഗണനയും കായലിന്‍റെ നാശത്തിന് ആക്കം കൂട്ടിയെന്ന്  തൈക്കൂടം സ്വദേശി കണ്ണനും പറയുന്നു. “ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി കായലിന് ആഴം കൂട്ടാന്‍ കരാറുകാര്‍ വന്നെങ്കിലും ഫണ്ട് മുടങ്ങിയതോടെ അവര്‍ പിന്‍വാങ്ങി. ഇപ്പോള്‍ രണ്ടു വശത്തു നിന്നും കാന കോരുന്നതു പോലെ കോരിയിടും, മധ്യഭാഗത്തു നിന്ന് ചണ്ടിയും എക്കലും വാരാനില്ല കൂട്ടാക്കില്ല. പിന്നെയെങ്ങനെ ആഴം കൂട്ടാനാകും. ഇരു വശത്തും കെട്ടി സംരക്ഷിച്ചാല്‍ പിന്നെ കൈയേറ്റം കുറയുമല്ലോ. അതിനുള്ള നടപടിയും ഒന്നുമായിട്ടില്ല.”

ഗിരിക്കും കുടുംബത്തിനും കണ്ണനും ഇവിടെ ചീനവലകളുണ്ട്. ആകെ 22 ചീനവലകളുണ്ടായിരുന്നു. അതിപ്പോള്‍ നാലെണ്ണമായി ചുരുങ്ങി. വഞ്ചികളിലെത്തി ഊന്നിവലകള്‍ ഇടുന്നവരുമുണ്ടായിരുന്നു. ഫ്ലാറ്റുകള്‍ വന്നതോടെ മാലിന്യം തിങ്ങി കായലിന്‍റെ ആഴം കുറഞ്ഞ് വലയിടാന്‍ പറ്റാതായതോടെ മത്സ്യത്തൊഴിലാളി സമൂഹവും അവിടം വിട്ടു പോകാന്‍ തുടങ്ങിയെന്ന് ഗിരി പറയുന്നു. “ചെറിയ വീട്ടുകാര്‍ വീടും പുരയിടങ്ങളും വിറ്റു പെറുക്കിപ്പോയി. വില്‍ക്കാതെ രക്ഷയില്ലാതായി, അടുത്തൊരു ഫ്ളാറ്റ് വരുമ്പോള്‍ അവരെങ്ങനെ വില്‍ക്കാതെ മാറി നില്‍ക്കും. അവരുടെ വീടിരിക്കുന്ന നിലം താഴ്ന്നു പോകും, ഫ്ളാറ്റുകള്‍ക്കിടയില്‍ ഇത്തരം ചെറിയ വീടുകള്‍ ഒറ്റപ്പെട്ടു പോകും. എല്ലായിടത്തും അങ്ങനെയാണല്ലോ. തങ്ങളൊക്കെ ഓരോ തൊഴില്‍ പഠിച്ചതിനാല്‍ പിടിച്ചു നില്‍ക്കുകയാണ്.” മത്സ്യബന്ധനം ശോഷിച്ചതോടെ മരപ്പണി പഠിച്ച ഗിരി ആ മേഖലയിലാണിപ്പോള്‍ ശ്രദ്ധിക്കുന്നത്.  ബ്യൂട്ടി പാര്‍ലറും തയ്യല്‍ക്കടയും നടത്തുകയാണ് കണ്ണന്‍.

ചിലവന്നൂര്‍ കായല്‍
ചിലവന്നൂര്‍ കായല്‍

ഇപ്പോഴും സീസണായാല്‍ വല വലിക്കാന്‍ പോകാറുണ്ട് ഇരുവരും. കൈയേറ്റം ഒഴിപ്പിച്ച് കായല്‍ വീണ്ടെടുക്കാനായാല്‍ നഷ്ടപ്പെട്ട നല്ല കാലം തിരികെ കൊണ്ടുവരാമെന്ന് അവര്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. “ഇത് ഒരു കെട്ടാണ്, മീന്‍ ഇതിനകത്തേക്കു വന്നാല്‍ ഇവിടെ കിടന്നോളും. പണ്ടും പായലുണ്ടായിരുന്നെങ്കിലും ഇത്രയ്ക്ക് അധികം ഉണ്ടായിരുന്നില്ല, വേനലാകുന്നതോടെ അത് ഉണങ്ങി വലിയുമായിരുന്നു. ഇപ്പോഴത്തെ പാലം വരുന്നതിനു മുമ്പ് പഴയ ചെറിയപാലത്തിനു താഴെ ചീപ്പ് സജ്ജമാക്കിയിരുന്നു. പലകകകള്‍ ഇട്ട് പായലും മാലിന്യങ്ങളും തട‍ഞ്ഞ് വെള്ളം മാത്രം കടത്തിവിടുന്ന സമ്പ്രദായമാണത്. അതിനാല്‍ ഉപ്പുവെള്ളവും പായലുമൊന്നും കയറാതെ ശുദ്ധജലമത്സ്യങ്ങള്‍ക്ക് വളരാന്‍ അനുകൂല പരിസ്ഥിതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പായലും മലിനജലവും കൂടിയതോടെ മത്സ്യസമ്പത്ത് നശിച്ചു പോയി.” ഗിരി വോക്ക് മലയാളത്തോട് പറഞ്ഞു.

2011ലെ സിആർഇസഡ് വിജ്ഞാപനപ്രകാരം ഒന്നാം വിഭാഗത്തിൽ വരുന്ന കണ്ടൽക്കാടും ജലസസ്യങ്ങളും അടങ്ങുന്ന ജൈവവൈവിധ്യമുള്ള പരിസ്ഥിതിലോല മേഖലയാണ് ചിലന്നൂർ കായൽ. ഇവിടം കൈയേറിയാണ്‌ നിർമാണം നടത്തിയത്‌. കായൽ നികത്തി പൊക്കാളിക്കൃഷി ഇല്ലാതാക്കി. റിയൽ എസ്റ്ററ്റേ്, ഭൂമാഫിയകളുടെ നേതൃത്വത്തിലും കൈയേറ്റം നടക്കുന്നു.  മഴക്കാലത്ത് വൻതോതിൽ മാലിന്യം കായലിൽ തള്ളി. കൈയേറ്റം കാരണം കായലിലെ ഒഴുക്കു തടസ്സപ്പെട്ടു.

നേരത്തേ ഡിഎല്‍എഫ് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും പിഴയൊടുക്കി അവ നിലനിര്‍ത്താന്‍ വിധിച്ചതോടെ ചിലവന്നൂരുകാര്‍ക്കും പരിസ്ഥിതിക്കാര്‍ക്കും പ്രതീക്ഷ അസ്ഥാനത്തായല്ലോ എന്ന നിരാശ തോന്നിയിരുന്നു. എന്നാല്‍ പിന്നീട് മരട് ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയതോടെ അവരില്‍ പുതുജീവനും ആവേശവും നിറഞ്ഞു. കായല്‍ കൈയേറ്റമായതുകൊണ്ട് തന്നെ തീരദേശ പരിപലാന നിയമത്തിന്റെ വ്യക്തമായ ലംഘനം ഇവിടെ നടന്നിട്ടുണ്ടെന്നത് സുവിദിതമാണ്.

 പത്മസരോവരം പദ്ധതി ചിലവന്നൂര്‍
പത്മസരോവരം പദ്ധതി ചിലവന്നൂര്‍

ഇവിടെ പ്രസക്തമായ മറ്റൊരു കാര്യം സര്‍ക്കാര്‍ പുറമ്പോക്കു ഭൂമി കൂടി കൈയേറിയിട്ടുണ്ടെന്ന വസ്തുതയാണ്. സര്‍ക്കാര്‍ അനങ്ങാതിരിക്കുമ്പോഴും  കോടതിയുടെ ഇടപെടലുകള്‍ വലിയ ആശ്വാസമായാണ് ചിലവന്നൂരുകാര്‍ ഇപ്പോള്‍ കാണുന്നത്. അതിനിടെ ചിലവന്നൂര്‍ കായല്‍ നികത്തി പത്മസരോവരം എന്ന പേരില്‍ തികച്ചും അശാസ്ത്രീയമായ നിര്‍മാണ പദ്ധതികള്‍ ആരംഭിക്കാനുള്ള കൊച്ചി കോര്‍പ്പറേഷന്‍റെ നീക്കം കക്ഷിഭേദമെന്യേ എല്ലാ ഭരണാധികാരികളും ഒരേ തൂവല്‍പ്പക്ഷികളാമെന്നതിന്‍റെ സാക്ഷ്യമായി. സിആര്‍ഇസഡ് കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടുന്ന ചിലവന്നൂര്‍ കായലില്‍ തീരദേശ പരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനമായിരുന്നു പത്മസരോവരം പ്രൊജക്‌ട്. സൈക്കിള്‍ പാതയും നടപ്പാതയുമടങ്ങുന്ന നഗര സൗന്ദര്യവത്കരണപദ്ധതിയാണിത്.

പദ്ധതിക്കായി കായല്‍ മണ്ണിട്ട് നികത്തിയതും വെള്ളത്തിനു കുറുകെ ബണ്ട് കെട്ടിയതും ഇപ്പോഴും ചിലവന്നൂര്‍ കായലിന്റെ സ്വാഭാവിക നീരൊഴുക്കിന് തടസമായിരിക്കുകയാണ്. ഇതിന്‍റെ നിര്‍മാണപ്രവര്‍ത്തനം കൊച്ചിയെ വെള്ളക്കെട്ടിലാക്കിയത് രണ്ടു തവണയാണ്. കഴിഞ്ഞ നവംബറില്‍ ഒറ്റ മഴയില്‍ കൊച്ചിയുടെ നഗരഹൃദയം വെള്ളത്തിലാകാനുളള പ്രധാന കാരണവും ചെട്ടിച്ചിറ ഭാഗത്തെ കായലില്‍ നടത്തിയ ഈ അനധികൃത നിര്‍മാണമായിരുന്നു. ഈ പദ്ധതി ചിലവന്നൂര്‍ കായലിനെ ഇല്ലാതാക്കി കൊണ്ടിരിക്കുന്ന മറ്റ് കയ്യേറ്റങ്ങളെ സഹായിക്കുന്നതാകുമെന്നതായിരുന്നു  പ്രധാന ആക്ഷേപം.

പദ്ധതിയുടെ നിര്‍മാണ ചുമതല കോര്‍പ്പറേഷന്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ ഏല്‍പ്പിക്കുകയായിരുന്നു. ഏകദേശം പത്തുകോടി രൂപയായിരുന്നു പദ്ധതിക്കായി ചെലവാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. പദ്ധതിയുടെ ഭാഗമായി കെഎംആര്‍എല്‍ ആറ് മീറ്റര്‍ വീതിയില്‍ കായലിനു നടുവിലൂടെ റോഡ് നിര്‍മിക്കാന്‍ വേണ്ടി കുറ്റികെട്ടി മണ്ണിട്ട് നികത്തി ബണ്ട് നിര്‍മിക്കുകയും ചെയ്തു. ഇതിനുശേഷമാണ് തീരദേശ പരിപാലന ചട്ടം ലംഘിച്ചെന്നു കണ്ടെത്തി കളക്ടര്‍ പദ്ധതിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

 

കായലിന്‍റെ ഒരു വശത്തെ നികത്തു ഭൂമി
കായലിന്‍റെ ഒരു വശത്തെ നികത്തു ഭൂമി

ബണ്ട് നിര്‍മാണത്തിന്റെ ഫലമായി കായലിന്റെ ഒഴുക്ക് തടസപ്പെടുകയും മഴക്കാലത്ത് വെള്ളം നിറഞ്ഞ് പരിസരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇതു കൂടാതെ മെട്രോ റെയില്‍ നിര്‍മാണത്തിന്റെ ഭാഗമായി ഉണ്ടായ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ ചിലവന്നൂര്‍ കായലില്‍ അവര്‍ നിക്ഷേപിച്ചിരുന്നു. അവ കായലില്‍ നിന്ന് നീക്കാനായിട്ടില്ല. ബണ്ട് കെട്ടിയതിന്റെ ഫലമായി കായലിന്റെ പത്തേക്കറോളം ഭാഗമാണ് നീരൊഴുക്ക് തടസപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സാങ്കേതിക സമിതിയും ഉന്നതതല സമിതിയും അംഗീകാരം നൽകി. ദീര്‍ഘവീക്ഷണമില്ലാതെ നടത്തിയ ഈ പ്രവര്‍ത്തികള്‍കകെതിരേ കോര്‍പ്പറേഷനും കെഎംആര്‍എല്ലിനുമെതിരേ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് കെഎംആര്‍എല്‍ പദ്ധതിയില്‍ നിന്നും പിന്മാറുന്നത്. പദ്ധതി മുടങ്ങിയെങ്കിലും ചിലവന്നൂര്‍ കായലിന് സംഭവിച്ച നാശത്തിന് ഇപ്പോഴും ഒരു പരിഹാരം ഉണ്ടായിട്ടില്ല.

ചിലവന്നൂര്‍ പ്രദേശത്തിന്‍റെ സായാഹ്നദൃശ്യം
ചിലവന്നൂര്‍ പ്രദേശത്തിന്‍റെ സായാഹ്നദൃശ്യം

അതേ പോലെ നടന്‍ ജയസൂര്യ പുറമ്പോക്ക് കായല്‍ കൈയേറി നിര്‍മിച്ച ബോട്ടു ജെട്ടിയും ചുറ്റുമതിലും പൊളിച്ചു നീക്കാനും തദ്ദേശട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. തീരദേശപരിപാലനനിയമവും മുനിസിപ്പല്‍ കെട്ടിടനിര്‍മാണ ചട്ടവും ലംഘിച്ച് നടത്തിയ നിര്‍മാണം കൊച്ചി നഗരസഭ ഇടപ്പെട്ട് ഒഴിപ്പിക്കുകയായിരുന്നു. മഴ പെയ്താല്‍ കായല്‍ കരകവിഞ്ഞൊഴുകുന്ന പ്രദേശമാണ് ചിലവന്നൂര്‍. ചിലവന്നൂര്‍ കായലിന്റെ ഉത്ഭവസ്ഥാനമായ ചെട്ടിച്ചിറ മുതല്‍ സഹോദരന്‍ അയ്യപ്പന്‍ റോഡ് വരെയുള്ള ഭാഗം ഏതാണ്ട്‌ പൂര്‍ണമായിത്തന്നെ ഇപ്പോള്‍ നശിച്ചിരിക്കുകയാണ്.

കഴിഞ്ഞ പ്രളയകാലത്തും മഴക്കാലങ്ങളിലും നഗരം വെള്ളക്കെട്ടിലാകാന്‍ കാരണം ഇവിടത്തെ നീരൊഴുക്ക് തടസപ്പെട്ടതാണ്. ചിലവന്നൂര്‍ കായലിനെ ഉപ്പുവെള്ളം കയറുന്നതില്‍ നിന്നു സംരക്ഷിക്കാനാണ്‌  ബണ്ട്‌ നിര്‍മിച്ചതെങ്കിലും നിലവില്‍ അത്‌ വിപരീതഫലമാണ്‌ ചെയ്യുന്നത്‌. കായലിന് കുറുകെ കെട്ടിയിരിക്കുന്ന ബണ്ട് ഇപ്പോഴും അവിടെ തന്നെയുണ്ട്. അത് നിലനില്‍ക്കുന്നിടത്തോളം നീരൊഴുക്ക് തടസപ്പെടും. സിആര്‍ഇസഡ് കാറ്റഗറി നിശ്ചയിക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലാണ്. ഉപ്പിന്റെ അളവ് അനുസരിച്ചാണ് സിആര്‍ഇസഡ് കാറ്റഗറി നിശ്ചയിക്കുന്നത്‌. നീരൊഴുക്ക് ഇല്ലാതായി വരുന്നതോടെ  കായലില്‍ വേലിയേറ്റവും വേലിയിറക്കവും ഇല്ലാതായി വരും.

”ജൂണ്‍ മാസത്തില്‍ മഴശക്തമായി വെള്ളം ഉയരുന്നതോടെ കിഴക്കുനിന്ന്‌ എത്തുന്ന മലവെള്ളത്തിലും മറ്റും പോളയും പായലും ഉയരുന്നു. ആ സമയത്ത്‌ കായലില്‍ നിറയുന്ന പോള പിന്നീട്‌ ഫെബ്രുവരി വരെ ഇവിടെ കെട്ടിക്കിടക്കുന്നു. വേനലില്‍ ജലസസ്യങ്ങള്‍ ഉണങ്ങി നശിക്കുകയും അവ മറ്റു മാലിന്യങ്ങള്‍ക്കൊപ്പം അവിടെ അടിഞ്ഞു കൂടി ഓക്‌സിജന്‍ അളവ്‌ കുറയുകയും ചെയ്യുന്നു. ഇത്‌ മത്സ്യങ്ങളുടെ നാശത്തിനും കുറവിനും കാരണമാകുന്നു. എന്നാല്‍ ജനുവരി മുതല്‍ ഈ സ്ഥിതി മാറുന്നു. അവിടെ ഈ വെള്ളം മാറി മത്സ്യങ്ങളുടെ പ്രജനനത്തിനും വളര്‍ച്ചയ്‌ക്കും അനുകൂലമായ സാഹചര്യമുണ്ടാകുന്നു. ഈ സമയത്താണ്‌ ഇപ്പോള്‍ മത്സ്യബന്ധനം നടക്കുന്നത്‌ എന്നാല്‍ മൂന്നോ നാലോ മാസം മാത്രമാണ്‌ അതിന്‌ അവസരം ലിഭിക്കുന്നുള്ളൂ” ഗിരി വോക്ക്‌ മലയാളത്തിനോട്‌ വ്യക്തമാക്കി.

കായല്‍ മണ്ണിട്ട് നികത്തിയതും വെള്ളത്തിനു കുറുകെ ബണ്ട് കെട്ടിയതും ഇപ്പോഴും ചിലവന്നൂര്‍ കായലിന്റെ സ്വാഭാവിക നീരൊഴുക്കിന് തടസമായിരിക്കുകയാണ്. ചിലവന്നൂർ കായലും, ‘803’ പോണേത്ത് ചാലുമടക്കം അന്താരാഷ്‌ട്ര റാംസാർ ഉടമ്പടി കീഴിൽ വരുന്ന ഈ പ്രദേശത്ത് കായൽ സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ശക്തമായ നടപടികളെടുക്കണമെന്ന്‌ നാട്ടുകാരും കായല്‍ സംരക്ഷണസമിതി പോലുള്ള സംഘടനകളും നിരന്തരം ആവശ്യപ്പെട്ട്‌ വരികയാണ്. എന്നാല്‍ ഇത്തരം പരാതികളോടൊക്കെ മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു കൊച്ചി കോര്‍പ്പറേഷന്‍ അടക്കമുള്ള അധികാരികള്‍. നവംബറില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയതിനുള്ള പ്രധാനകാരണം ചിലവന്നൂര്‍ കായലില്‍ കെട്ടിയ ബണ്ടായിരുന്നുവെന്ന് വില്ലേജ് ഓഫിസര്‍ തന്നെ സാക്ഷ്യപ്പെടുത്തി. വ്യാപകമായ കയ്യേറ്റങ്ങള്‍ ചിലവന്നൂര്‍ കായലിനെ ഇല്ലാതാക്കിയാല്‍ ഇനിയൊരു പ്രളയകാലം കൂടി ഈ നഗരം താങ്ങില്ല.