Sun. Jan 5th, 2025
മരട് മുനിസിപ്പാലിറ്റിയിലെ അയിനിത്തോട് കൈയേറ്റം

 

രാജം, മരട് സ്വദേശിനി തറ ഇരുന്നു പോയ വീടിനു മുന്പില്‍
രാജം, മരട് സ്വദേശിനി  വെള്ളപ്പൊക്കത്തിനനുസരിച്ച്  പുരയിടം ഉയര്‍ത്തിയപ്പോള്‍  തറ താഴ്ന്നു പോയ വീടിനു മുന്പില്‍
ഒരു മണിക്കൂര്‍ മഴ നിന്നു പെയ്‌താല്‍ വീടിനകത്ത്‌ മുട്ടറ്റം വെള്ളമാണ്‌ സാറേ... ഫ്രിഡ്‌ജും വാഷിംഗ്‌ മെഷീനുമടക്കം വീട്ടുപകരണങ്ങള്‍ നശിച്ചു പോയി. മഴക്കാലത്തു ശുദ്ധജല ടാങ്കില്‍ മലിനജലം കയറി കുടിവെള്ളം മുട്ടുന്ന നിലയിലാണ്‌ ജീവിതം തള്ളിനീക്കുന്നത്‌. ഇതാണ്‌ കഴിഞ്ഞ 10- 12 വര്‍ഷമായി ഞങ്ങളുടെ സ്ഥിതി

മരട്‌ പന്ത്രണ്ടാം വാര്‍ഡിലെ രാജത്തിന്റെ വാക്കുകളാണിത്‌. ഒന്നര പതിറ്റാണ്ടായി ഇവിടത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ച്ചിത്രമാണ്‌ ഈ വാക്കുകള്‍.

അയിനിത്തോട് അമ്പലനട ജംക്ഷന്‍
അയിനിത്തോട് അമ്പലനട ജംക്ഷന്‍

പ്രാദേശിക പ്രശ്‌നങ്ങള്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ പരിസ്ഥിതി പ്രധാന വിഷയമാകുന്ന പ്രദേശമാണ്‌ മരട്‌. പരിസ്ഥിതി ലോല മേഖല നിയമങ്ങള്‍ ലംഘിച്ചു പണിത ഫ്‌ളാറ്റുകള്‍ സുപ്രീം കോടതി ഉത്തരവു പ്രകാരം സ്‌ഫോടനത്തില്‍ തകര്‍ത്തപ്പോള്‍ തന്നെ അധികൃതരുടെ അഴിമതിയും കെടുകാര്യസ്ഥതയും ജനങ്ങളുടെ മുന്‍പാകെ തുറന്നു കാണിക്കപ്പെട്ടതാണ്‌. അത്തരം നടപടികളുടെ തുടര്‍ച്ചയാണ്‌ ഇപ്പോഴും പ്രദേശവാസികള്‍ അനുഭവിക്കുന്നത്‌. ഇവിടത്തെ പ്രധാന ജലനിര്‍ഗമനമാര്‍ഗമായ അയിനി തോടുവികസനവുമായി ബന്ധപ്പെട്ട അവഗണന, മരട്‌ മുനിസിപ്പാലിറ്റിയില്‍ 9,10, 11, 12,13 വാര്‍ഡുകളില്‍ ജീവല്‍ പ്രശ്‌നമായതോടെ തദ്ദേശവാസികള്‍ തിരഞ്ഞെടുപ്പു രംഗത്തേക്ക്‌ നേരിട്ട്‌ ഇറങ്ങിയിരിക്കുകയാണ്‌. ഒരോ മഴയിലും വീടുകള്‍ക്കകത്ത്‌ മുട്ടറ്റം വെള്ളമാണ്‌ കെട്ടിനില്‍ക്കുന്നത്‌.

അയിനിത്തോട് ക്ഷേത്ര പരിസരത്തു കൂടി ഒഴുകുന്ന ഭാഗം
അയിനി ക്ഷേത്ര പരിസരത്തു കൂടി ഒഴുകുന്ന തോടിന്‍റെ ഭാഗം

നിലവില്‍ ആയിരത്തില്‍പ്പരം ആളുകളെ ബാധിക്കുന്ന പ്രശ്‌നമാണിത്‌. പുറമ്പോക്ക്‌ തോടായ അയിനിത്തോടിനെ പൂര്‍വ്വസ്ഥിതിയിലാക്കണം എന്നതാണ്‌ പ്രധാന ആവശ്യം. തോടിന്‍റെ വീതി കൂട്ടി വെള്ളം കൂടുതല്‍ വെള്ളം ഉള്‍ക്കൊള്ളും വിധമാക്കണം, കൈയേറ്റം മൂലമുണ്ടായ തടസങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കണം, ചെളിയും മാലിന്യവും നീക്കി കൈത്തോടുകളുടെയും ഓടകളുടെയും ആഴം കൂട്ടണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.   ചമ്പക്കരക്കനാലില്‍ നിന്ന്‌ ചിലവന്നൂര്‍ കായലിലേക്ക്‌ ഒഴുകുന്ന തോടാണിത്‌. ഹൈവേ മുറിച്ചു കടന്ന്‌ ഒഴുകുന്ന ഭാഗം വാര്‍ഡിലൂടെ പോകുന്ന ഭാഗങ്ങളെല്ലാം കൈയേറ്റം മൂലം ചുരുങ്ങിയ അവസ്ഥയിലാണ്‌. കെട്ടിട നിര്‍മാതാക്കള്‍ പുറംതള്ളുന്ന ചെളി, കുണ്ടന്നൂര്‍ പുഴയില്‍ നീരൊഴുക്കിനെ തടസപ്പെടുത്തിക്കൊണ്ട്‌ നികന്നിരിക്കുകയാണ്‌. ഇത്‌ ഡ്രെഡ്‌ജ്‌ ചെയ്‌ത്‌ മാറ്റാനുള്ള നടപടി വേണം. ഇതിന്‌ ഇറിഗേഷന്‍ വകുപ്പില്‍ നിന്ന്‌ 84 ലക്ഷം രൂപ പാസായിട്ടുണ്ട്‌. പുഴയിലെ ചെളി കോരിക്കളയുന്ന നടപടി ത്വരിതഗതിയിലാക്കുന്നതിനൊപ്പം കൈയേറ്റങ്ങളെല്ലാം നീക്കണം. അനധികൃതമായും അശാസ്‌ത്രീയമായും നിര്‍മിച്ച കലുങ്കുകളെല്ലാം പൊളിച്ചു നീക്കണം. സ്വകാര്യവ്യക്തികള്‍ മാത്രമല്ല, റോഡ്‌ നിര്‍മാണത്തിനായി മുനിസിപ്പാലിറ്റി പോലും തോട് കൈയേറിയിട്ടുണ്ട്‌. ഇതെല്ലാം നീക്കിയാലേ തോട്‌ പൂര്‍വ്വസ്ഥിതിയിലാകൂ. ഇത്‌ സംബന്ധിച്ച്‌ കോടതി ഉത്തരവില്‍ വ്യക്തതയുണ്ട്‌.

മണ്ണൂര്‍ തോട്
മണ്ണൂര്‍ തോട്

കഴിഞ്ഞ വര്‍ഷങ്ങളില്‍ തറ ഉയര്‍ത്തി വീട്‌ കെട്ടിയവരുടെ വീടുകളിലേക്കും വെള്ളം കയറിയതോടെയാണ്‌ എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമായി ഇത്‌ പ്രദേശവാസികള്‍ക്കു തോന്നിയത്‌. മഴ നന്നായിട്ടൊന്നു പെയ്‌താല്‍ ഓടകള്‍ കരകവിഞ്ഞ്‌ റോഡില്‍ കൂടിയാണു വെള്ളമൊഴുകുന്നത്‌. ചമ്പക്കരകനാലില്‍ നിന്ന്‌ ഒഴുകിയെത്തുന്ന വെള്ളം മുഴുവന്‍ പോകേണ്ടത്‌ ഇപ്പോള്‍ പലയിടത്തും രണ്ടര മീറ്ററില്‍ താഴെയായി ചുരുങ്ങിയ ഈ തോട്ടിലൂടെയാണ്‌. കുറുവണ്ണിപ്പാടം, അഞ്ചുതൈക്കല്‍‌, കാരിയാനപ്പള്ളി‌, കാട്ടിത്തറ‌, മണ്ണൂര്‍ എന്നിങ്ങനെ അഞ്ച്‌- ആറ്‌ മീറ്റര്‍ വരെ വീതിയുള്ള തോടുകളാണ്‌ അയിനിത്തോട്ടില്‍ വന്നു ചേരുന്നത്‌.

അയിനിത്തോട് നിവാസി സാജന്‍റെ വീട്
ജാക്കി ഉപയോഗിച്ച് തറ ഉയര്‍ത്തുന്ന അയിനിത്തോട് നിവാസി സാജന്‍റെ വീട്

മണ്ണൂര്‍ത്തോടിന്റെ കരയിലുള്ള വര്‍ക്ക്‌ ഷോപ്പ്‌ ഉടമ സാജന്റെ വീട്‌ സ്ഥിരമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ ജാക്കി ഉപയോഗിച്ച്‌ ഉയര്‍ത്താനുള്ള ശ്രമത്തിലാണ്‌. രണ്ടു മാസത്തോളമായി വാടകയ്‌ക്കു താമസിക്കുന്ന സാജന്റെ ഭാര്യ സിജി മഴക്കാലത്തെ ദുരിതജീവിതം വിവരിക്കുന്നു.

സിജി സാജന്‍ വെള്ളപ്പൊക്കത്തില്‍ വീട് വിട്ടിറങ്ങേണ്ടി വന്ന വീട്ടമ്മ
സിജി സാജന്‍ വെള്ളപ്പൊക്കത്തില്‍ വീട് വിട്ടിറങ്ങേണ്ടി വന്ന വീട്ടമ്മ

''മഴ പെയ്‌ത്‌ വീടിനകത്ത്‌ അടിക്കടി വെള്ളം കയറുന്നതിനാല്‍ ആ സമയത്ത്‌ നെട്ടോട്ടമാണ്‌. ആദ്യം സുഖമില്ലാത്ത അമ്മയെ മാറ്റണം. മിക്ക വര്‍ഷവും ഇതു തന്നെയാണ്‌ ഇവിടത്തെ വീടുകളുടെ സ്ഥിതി. ഈ വര്‍ഷം തന്നെ മൂന്നു തവണ വീട്ടില്‍ വെള്ളം കയറി. കഴിഞ്ഞ തവണ വീട്ടുപകരണങ്ങള്‍ കയറ്റി വെക്കാന്‍ സ്റ്റാന്‍ഡ്‌ അടിച്ചു. കാരണം രാത്രി മഴ പെയ്‌താല്‍ പിന്നെ ആരെയും വിളിക്കാന്‍ പറ്റില്ല. അതു കൊണ്ടും രക്ഷയില്ലെന്ന്‌ വന്നതോടെയാണ്‌ വീട്‌ ഉയര്‍ത്തുന്നതിനെപ്പറ്റി ചിന്തിച്ചത്‌. സത്യത്തില്‍ ആരും വന്നു നോക്കാറോ അന്വേഷിക്കാറോ ഇല്ല. എല്ലാ വീട്ടുകാരുടെയും വാട്ടര്‍ ടാങ്കുകള്‍ വെള്ളത്തിനടിയിലാകും. പുതുതായി വീടുവെച്ചവരെല്ലാം തറ ഉയര്‍ത്തി പണിയുകയാണ്‌'' എന്നാല്‍ അതു കൊണ്ടും രക്ഷില്ലെന്നും വെള്ളം കെട്ടി നില്‍ക്കാതെ ഒഴുകിപ്പോകാന്‍ മാര്‍ഗമുണ്ടാക്കുകയാണ്‌ പോംവഴിയെന്നും സിജി പറയുന്നു.

ഒന്നര ദശാബ്ദക്കാലത്തെ പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും കോടതി വ്യവഹാരത്തിനും ശേഷവും രക്ഷയില്ലാത്തതിനാലാണ്‌ ഒരു കക്ഷികളുടെയും പിന്തുണയില്ലാതെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ എം ജെ പീറ്ററിന്റെ നേതൃത്വത്തില്‍ അയിനി തോട്‌ സംരക്ഷണ സമിതി തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നത്‌. പ്രദേശത്തെ ജലനിര്‍ഗ്ഗമനമാര്‍ഗമായ അയിനി തോട്‌ രണ്ടു ദശാബ്ദമായി കൈയേറി അടച്ചതിന്റെ ഫലമാണ്‌ കനത്ത വെള്ളക്കെട്ടും മാലിന്യമൊഴുക്കുമെന്ന്‌ എം ജെ പീറ്റര്‍ പറയുന്നു.

എം ജെ പീറ്റര്‍
എം ജെ പീറ്റര്‍ അയിനിത്തോട് സംരക്ഷണസമിതി സ്വതന്ത്ര സ്ഥാനാര്‍ത്ഥി

''താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു കിടക്കുന്ന അവസ്ഥയിലാണിപ്പോള്‍ നാട്ടുകാര്‍. എട്ടു മീറ്റര്‍ വീതിയുണ്ടായിരുന്ന തോട്‌ സ്ഥലവാസികളും പൊതുസ്ഥാപനങ്ങളുമുള്‍പ്പെടെ നടത്തിയ കൈയേറ്റങ്ങള്‍ തന്നെയാണ്‌ പ്രശ്‌നം. ഭൂമി നികത്തിയെടുത്തു പുരയിടങ്ങളോട്‌ കൂട്ടിച്ചേര്‍ത്തതിനു പുറമെ റോഡിനായും കൈയേറിയിട്ടുണ്ട്‌. 2000ത്തിനു മുമ്പ്‌ തന്നെ ഇവിടെ വെള്ളക്കെട്ടും പ്രശ്‌നങ്ങളുമുണ്ടായിരുന്നെങ്കിലും ആരും അത്ര ഗൗനിച്ചില്ല. 2002ല്‍ ഒരു റിട്ട്‌ ഹര്‍ജി ഫയല്‍ ചെയ്‌തു കൊണ്ടാണ്‌ ഇതിന്‌ പരിഹാരം കാണാന്‍ ഒരു ശ്രമം തുടങ്ങിയത്‌. അതു പരിഗണിച്ചു കൊണ്ട്‌ കൈയേറ്റങ്ങളൊഴിവാക്കാന്‍ ഹൈക്കോടതി 2005ല്‍ ഉത്തരവിട്ടു. പ്രശ്‌നങ്ങള്‍ ബോധ്യമായതോടെ തെറ്റു തിരുത്തി കൈയേറിയ സ്ഥലം വിട്ടു തരാന്‍ ഭൂരിഭാഗം സ്ഥലവാസികളും സന്നദ്ധരായെങ്കിലും മൂന്നു വീട്ടുകാര്‍ ഇതിനെതിരേ അപ്പീല്‍ നല്‍കി. എന്നാല്‍ കോടതി അത്‌ തള്ളി. തുടര്‍ച്ചയായ വ്യവഹാരങ്ങളില്‍ പരാജയപ്പെട്ടതോടെ ഒടുവില്‍ തങ്ങളുടെ സ്ഥലം അളന്നു തരണമെന്ന്‌ ഈ വീട്ടുകാര്‍ ആവശ്യപ്പെട്ടു.  മുനിസിപ്പല്‍ അധികൃതര്‍ ഇതേവരെ അതിനുള്ള നടപടിയെടുക്കാത്തതാണ്‌ ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുന്നതിനു കാരണം. അവസാന നടപടിയെടുക്കേണ്ടത്‌ താലൂക്ക്‌ അധികാരികളാണ്‌. എന്നാല്‍ ഇത്‌ കേസാണ്‌ എന്ന വാദമാണ്‌ ഈ വീട്ടുകാര്‍ ഉയര്‍ത്തുന്നത്‌. വിവിധ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ഇവര്‍ക്കൊപ്പമാണ്‌. കോടതിവിധി നടപ്പാക്കണമെന്ന ആവശ്യമുയര്‍ത്തിയാണ്‌ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത്‌''

മരട് ഹൈവേ
മരട് ഹൈവേ

സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനമാണ്‌ മരട്‌ മുനിസിപ്പാലിറ്റി. പഞ്ചനക്ഷത്ര ഹോട്ടലുകളും ആഗോള മോട്ടോര്‍ കമ്പനികളും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളാണ്‌ ഭീമമായ വരുമാനസ്രോതസായി ഇവിടെ വര്‍ത്തിക്കുന്നത്‌. എന്നാല്‍ നഗരത്തിന്റെ പളപളപ്പിനപ്പുറം വഴുവഴുപ്പുള്ള ചെളിവെള്ളം ജനജവീതം ദുസ്സഹമാക്കുന്നു. മെട്രൊനഗരത്തിന്റെ പരിച്ഛേദം തന്നെയാണ്‌ മരട്‌. ഹൈവേയില്‍ നിന്ന്‌ അയിനി ക്ഷേത്രത്തിലേക്കു കടക്കുന്ന ഭാഗത്ത്‌ വന്‍ ഹോട്ടല്‍ സമുച്ചയങ്ങളും വാഹനകമ്പനികളുടെ ഓഫിസുകളുമാണ്‌ നമ്മെ എതിരേല്‍ക്കുന്നത്‌. അതിനു തൊട്ടു തന്നെ ടാറിടാത്ത മെറ്റല്‍ റോഡിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ഒരു റെസിഡെന്‍ഷ്യല്‍ ഏരിയയാണിത്‌. ഓരോ സ്ഥലത്തേക്കും നീളുന്ന വഴികള്‍ വീതി കുറഞ്ഞ്‌ വരുന്നു. ഈ പ്രദേശത്ത്‌ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത്‌ പ്രദേശത്തെ ലക്ഷം വീട്‌ കോളനിയിലെ ജനങ്ങളാണ്‌. ഇവിടെ 40ലധികം വീടുകളാണുള്ളത്‌. മഴ നിന്നു പെയ്‌താല്‍ ഒരു മണിക്കൂറിനകം വീടിനകത്തേക്ക്‌ വെള്ളം കയറി വെള്ളപ്പൊക്കത്തിനു സമാനമായ അവസ്ഥയാകും. പലപ്പോഴായി വീടും വീട്ടുപകരണങ്ങളും കേടായി. പലരും സ്ഥിരമായി ക്യാംപിലേക്ക്‌ പോകേണ്ട സ്ഥിതിയിലെത്തി.

 

അയിനിത്തോട് ലക്ഷം വീട് കോളനിയിലെ മഴക്കാല ദൃശ്യം
അയിനിത്തോട് ലക്ഷം വീട് കോളനിയിലെ ഇല്ലത്തുപറമ്പില്‍ സുബ്രഹ്മണ്യന്റെ വീടിനകത്ത് കഴിഞ്ഞ മഴയില്‍  വെള്ളം കയറിയപ്പോള്‍

അത്യന്തം ദയനീയമായ സ്ഥിതിവിശേഷമാണ്‌ ലക്ഷം വീട്‌ കോളനിയില്‍ കാണാനാകുക. ഇല്ലത്തുപറമ്പില്‍ സുബ്രഹ്മണ്യന്റെ വീട്‌ അടക്കം മൂന്നു വീടുകള്‍ ആദ്യ മഴയ്‌ക്കു തന്നെ വെള്ളക്കെട്ടിലാകും. ഇവിടെ വെള്ളപ്പൊക്കം മഴക്കാലത്ത്‌ നിത്യസംഭവമാണെന്ന്‌ താമസക്കാരി ജലജ പറയുന്നു.

ജലജ മരട് നിവാസി
ജലജ, മരട്  അയിനിത്തോട് ലക്ഷം വീട് കോളനി നിവാസി

''സ്ഥിരമായി വെള്ളക്കുഴിയില്‍ കിടക്കുന്നവരാണ്‌ ഞങ്ങള്‍, വീടു താഴ്‌ന്നു കിടക്കുന്നതാണ്‌ വെള്ളം കയറാനുള്ള കാരണമെന്നാണ്‌ ഞങ്ങളുടെയടുത്ത്‌ പറയുന്നത്‌. ഞങ്ങള്‍ മാത്രമല്ല ഇവിടെയുള്ളത്‌ വൃദ്ധയും രോഗിയുമായ അമ്മയുണ്ട്‌. വെള്ളക്കെട്ടില്‍ അര വരെ വെള്ളം കയറും, കട്ടിലൊക്കെ മുങ്ങിപ്പോകും. എപ്പോഴും അമ്മയെയും കൊണ്ട് ക്യാംപിലേക്ക്‌ ഓടേണ്ട അവസ്ഥയാണ്‌. അതിനൊരു അറുതി വേണം. തോട്ടില്‍ നിറയുന്ന ചവറും മാലിന്യങ്ങളും എല്ലാം അടിഞ്ഞു കൂടി വെള്ളമൊഴുക്ക്‌ തടസപ്പെടുന്നത്‌ ഇവിടെയാണ്.‌ അതിന്റെ പേരില്‍ ആളുകള്‍ ഞങ്ങളുടെ അടുത്ത്‌ തല്ലുപിടിക്കാന്‍ വരും. ഇത്തവണ റോഡ്‌ പണിയുമ്പോള്‍ ഓട താഴ്‌ത്തുമെന്ന്‌ പറഞ്ഞെങ്കിലും അത്‌ നടപ്പാക്കിയില്ല. കുളിമുറിയുടെ  അകത്ത്‌ കയറിയ പാമ്പ്‌ ഇളയ മകനെ കടിച്ചു. തെരഞ്ഞെടുപ്പ്‌ കഴിയുന്നത്‌ വരെ ആരെങ്കിലുമൊക്കെ ഇങ്ങനെ വന്ന്‌ ഫോട്ടോയൊക്കെ എടുത്തു പോകും. പിന്നീട്‌ ആരും തിരിഞ്ഞു നോക്കാറില്ല. വെള്ളം ഇറങ്ങിക്കഴിഞ്ഞാണ്‌ എല്ലാവരും വരുന്നത്‌. അതിനാല്‍ ആരിലും ഇപ്പോള്‍ വിശ്വാസമില്ല'' അവര്‍ നിലപാട്‌ വ്യക്തമാക്കി.

പി ഐ ജോസഫ് ,
പി ഐ ജോസഫ് , അയിനിത്തോട് ലക്ഷം വീട് കോളനിയിലെ താമസക്കാരന്‍

ഏറ്റവും മോശം പരിസ്ഥിതിയിലാണ്‌ തങ്ങള്‍ ജീവിക്കുന്നതെന്ന്‌ മുനിസിപ്പാലിറ്റിയില്‍ ഓടകളില്‍ മരുന്നടിക്കുന്ന കരാര്‍ ജീവനക്കാരനായ പി ഐ ജോസഫ്‌ പറയുന്നു. '' സെപ്‌റ്റിക്‌ ടാങ്ക്‌ മാലിന്യം വരെ നിറഞ്ഞ അഴുക്കുവെള്ളത്തില്‍ നീന്തിയാണ്‌ വീട്ടിലേക്കു കയറുന്നത്‌. ഇത്തവണ വെള്ളം ഉയര്‍ന്നപ്പോള്‍ ഇതിലൂടെ നടക്കാന്‍ പറ്റിയിരുന്നില്ല. കട്ടിലിലില്‍ ഇരുന്നാണ്‌ നേരം വെളുപ്പിച്ചത്‌. പതിവില്‍ നിന്നു മാറി രണ്ടു തവണ വെള്ളം കയറി. ആരും വന്നു നോക്കാന്‍ പോലും കൂട്ടാക്കിയില്ല. മഴ പെയ്‌താല്‍ കോളനിയിലെ എല്ലാ വീടും മുങ്ങും വെള്ളം ഇറങ്ങുമ്പോള്‍ ക്ലീന്‍ ചെയ്യാനാണ്‌ ബുദ്ധിമുട്ട്‌. ഒന്നാമതേ താഴ്‌ന്ന പ്രദേശം, നീന്തിക്കയറാന്‍ പേടിയാകും. ഇതിനു പുറകില്‍ ഓടയുണ്ട്‌, എന്നാല്‍ കാണാന്‍ പറ്റാത്ത വിധം കാടു പിടിച്ചു കിടക്കുന്നു. ഇത്‌ ആരോട്‌ പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല''

കോളനിക്കു പുറത്തുള്ള വീടുകളെല്ലാം തറ ഉയര്‍ത്തിക്കെട്ടിയിരിക്കുകയാണ്‌. ഇത് കോളനിയെ വീണ്ടും ചെളിക്കുണ്ടിലാക്കുന്നു. ഇവിടെ മുന്‍പേ താമസിക്കുന്ന ഭൂരിപക്ഷം സ്ഥലവാസികളും കെട്ടിടനിര്‍മാണ തൊഴിലാളികളും കൂലിപ്പണിക്കാരുമാണ്‌. വെള്ളക്കെട്ട്‌ മൂലം വീട്‌ പൊളിച്ചു പണിയാന്‍ നിര്‍ബന്ധിതരായവരാണ്‌ ഇവരില്‍ പലരും. കേരളത്തില്‍ ശരാശരി രണ്ടടി ഉയരത്തിലാണ്‌ തറകെട്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ മിക്കവാറും പേര്‍ നാലടി ഉയരത്തിലാണ്‌ തറകെട്ടുന്നത്‌. ഇവിടെ പൊളിച്ചു പണിത വീടുകള്‍ക്കും ഏറ്റവും കൂടുതല്‍ ചെലവ്‌ വന്നത്‌ തറ പണിയാനാണ്‌. രണ്ടു വര്‍ഷം മുന്‍പാണ്‌ മേരിസേവ്യറുടെ വീട്‌ പൊളിച്ചു പണിതത്‌.

മേരി സേവ്യര്‍ മരട് നിവാസി
മേരി സേവ്യര്‍  പൊളിച്ചു പണിതപ്പോള്‍ തറ ഉയര്‍ത്തിയ 
മരടിലെ വീട്ടില്‍

''2018ലെ വെള്ളപ്പൊക്ക സമയത്ത്‌ ഇവിടെ പ്രശ്‌നമുണ്ടായില്ല. പുറത്തു നിന്ന്‌ വെള്ളം ഇങ്ങോട്ടു വരുന്നതല്ല, ഇവിടെ നിന്നുള്ള വെള്ളം പുറത്തേക്കു പോകാതെ കെട്ടിക്കിടക്കുന്നുവെന്നതാണ്‌ പ്രശ്‌നം.വെള്ളം ഇറങ്ങുമ്പോള്‍ മണ്ണിട്ടു നികത്താനും വലിയ തുക ചെലവാക്കണം. അത്രയും ചെലവാക്കിയിട്ട്‌ വല്ല രക്ഷയുമുണ്ടോ?'' അവര്‍ ചോദിക്കുന്നു. യഥാര്‍ത്ഥത്തില്‍ താരതമ്യേന സുരക്ഷിതമായ സ്ഥലത്ത്‌ അരക്ഷിതമായ ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥയാണ്‌ ഇവരെ രോഷാകുലരാക്കുന്നത്‌.

രാജത്തിന്‍റെ വീട്
പടികള്‍ മണ്ണിനടിയില്‍ താഴ്ന്ന രാജത്തിന്‍റെ വീട്

രാഷ്ട്രീയക്കാരുടെ അനാസ്ഥ ഇപ്പോള്‍ ഒരു പുതുമയില്ലാത്ത വിഷയമായി മാറിയെന്ന്‌ രാജം പറയുന്നു. ''ഇപ്പോള്‍ കാണുന്നതു പോലെയല്ല വീടിനു മുന്‍പിലുണ്ടായിരുന്ന മൂന്നു സ്റ്റെപ്പ്‌ മണ്ണിനു താഴെയാണ്‌. വെള്ളപ്പൊക്കം വരുമ്പോള്‍ വാര്‍ഡ്‌ മെമ്പര്‍ ഞങ്ങളെ കാണുമ്പോള്‍ മുഖം തിരിച്ചു കളയും. കഴിഞ്ഞ തവണ ഞങ്ങള്‍ ക്യാംപിലേക്കു മാറി. പുതുതായി താമസിക്കുന്ന വീട്ടുകാര്‍ക്കൊന്നും മുന്‍പ്‌ അകത്തു വെള്ളം കയറുമായിരുന്നില്ല. ഇത്തവണ അവര്‍ക്കും വെള്ളപ്പൊക്കെ ഭീഷണിയുണ്ടായതിനെത്തുടര്‍ന്നാണ്‌ എല്ലാവരും രംഗത്തിറങ്ങിയത്‌. റോഡില്‍ ടൈല്‍ ഇട്ടതോടെയാണ്‌ വെള്ളക്കെട്ട്‌ രൂക്ഷമായത്‌. താഴെ ഓടയില്‍ മണ്ണ്‌ അടിഞ്ഞു കൂടിയിരിക്കുന്നതിനാല്‍ നീരൊഴുക്ക്‌ തടസപ്പെട്ടിരിക്കുന്നു. അത്‌ കോരിക്കളയണമെന്ന്‌ ആവശ്യപ്പെട്ടിട്ട്‌ അധികൃതര്‍ ചെവിക്കൊള്ളുന്നില്ല''

 

അയിനിത്തോട് കൈയേറ്റത്തില്‍ നീരൊഴുക്ക് കുറഞ്ഞ സ്ഥലം
അയിനിത്തോട് കൈയേറ്റത്തില്‍ നീരൊഴുക്ക് കുറഞ്ഞ സ്ഥലം

അപകടം തിരിച്ചറിഞ്ഞതോടെ ഇപ്പോള്‍ പലരും തോട് കൈയേറ്റം അളക്കേണ്ടതില്ലെന്ന മുന്‍ നിലപാടില്‍ നിന്നു  പിന്‍മാറി, മൂന്നു വീട്ടുകാര്‍ മാത്രമാണ്‌ ഇപ്പോള്‍ തടസം ഉന്നയിച്ചിരിക്കുന്നത്‌. രാഷ്ട്രീയ ചേരിതിരിവുകളും പ്രശ്‌നപരിഹാരത്തിന്‌ തടസമാകുന്നുണ്ടെന്ന്‌ പീറ്റര്‍ പറയുന്നു. '' നിലവില്‍ എല്‍ഡിഎഫ്‌ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡാണെങ്കിലും ഭരണം യുഡിഎഫിനാണ്‌. അവരുടെ ഭരണകാലത്ത്‌ ഇത്‌ പരിഹരിക്കപ്പെടരുതെന്ന വാശിയാണ്‌. കളക്‌റ്ററേറ്റില്‍ നിന്ന്‌ ഉണ്ടായ തീരുമാനം തോടിന്റെ വീതി കൂട്ടാന്‍ മുനിസിപ്പാലിറ്റി ഫണ്ട്‌ വകയിരുത്തുകയോ പറ്റിയില്ലെങ്കില്‍ സിഎസ്‌ആര്‍ ഫണ്ട്‌ ലഭ്യമാക്കുകയോ വേണമെന്നാണ്‌. അതിന്റെ ഭാഗമായി 2019- 20, 2020- 21 വര്‍ഷങ്ങളിലായി 40 ലക്ഷം രൂപ അനുവദിക്കുകയും ഒഴുക്കിനു തടസമായി നില്‍ക്കുന്ന മൂന്നു കലുങ്കുകള്‍ പൊളിച്ചു നീക്കാനുള്ള പ്രവര്‍ത്തനത്തിന്‌ നിര്‍ദേശം നല്‍കുകയുമുണ്ടായി. എന്നാല്‍ അതിനുള്ള കരാറുകാരനെ ബ്രേക്ക്‌ ത്രൂ പദ്ധതിക്കായി വിളിച്ചു കൊണ്ടു പോയി. അതിനാല്‍ ഈ പ്രവൃത്തി മുടങ്ങിക്കിടക്കുകയാണ്‌. തിരഞ്ഞെടുപ്പു കഴിയുന്നതോടെ ഈ ജോലി തീര്‍ക്കുമെന്നാണ്‌ വാഗ്‌ദാനം. കൊച്ചി നഗരത്തില്‍ ബ്രേക്ക്‌ ത്രൂ പദ്ധതി നടത്തിയപ്പോഴും സംസ്ഥാനസര്‍ക്കാര്‍ മരടിനെ അവഗണിക്കുകയായിരുന്നു''

അതേസമയം അയിനിത്തോട്‌ സംരക്ഷണം തന്നെയാണ്‌ പ്രധാന അജണ്ടയെന്നാണ്‌ വാര്‍ഡിലെ സിറ്റിംഗ്‌ കക്ഷി സിപിഎമ്മും അവകാശപ്പെടുന്നത്‌. ഇക്കാര്യത്തില്‍ വിശദമായ പദ്ധതി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന്‌ സിപിഎം സ്ഥാനാര്‍ത്ഥി രാഹുല്‍ പറയുന്നു.

സി ആര്‍ രാഹുല്‍ , മരട് പന്ത്രണ്ടാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥി
സി ആര്‍ രാഹുല്‍ , മരട് പന്ത്രണ്ടാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥി

'' ഇരുവശത്തും കോംപൗണ്ട്‌ വോളുകള്‍ കെട്ടി തോട്‌ സംരക്ഷിക്കും. ഹൈവേയുടെ ഇരു വശങ്ങളിലും ഓടകള്‍ പണിത്‌ വെള്ളക്കെട്ട്‌ ലഘൂകരിക്കാനാകും. മുനിസിപ്പാലിറ്റിക്കു മാത്രമായി ഇത്‌ ചെയ്യാന്‍ സാമ്പത്തിക പ്രയാസമുണ്ട്‌. ഈ സാഹചര്യത്തില്‍ എംഎല്‍എ ഫണ്ട്‌ കൂടി ഉപയോഗിച്ച്‌ പദ്ധതി നടപ്പാക്കാനാണ്‌ ശ്രമം. ഇതു സംബന്ധിച്ച ജലസേചനവകുപ്പുമായി സംസാരിച്ചിട്ടുണ്ട്‌. വെള്ളക്കെട്ട്‌ ചുറ്റുമുള്ള വാര്‍ഡുകളെയടക്കം ബാധിക്കുന്നുവെന്നത്‌ ശരിയാണ്‌. ഇക്കാര്യത്തില്‍ കൂട്ടായ പരിഹാരത്തിനാണ്‌ ശ്രമിക്കേണ്ടത്‌''

ഇക്കാര്യത്തില്‍ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അനങ്ങാപ്പാറ നയത്തില്‍ മടുത്തിട്ടാണ്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന്‌ പീറ്റര്‍ പറയുന്നു. ''ജനങ്ങളുടെ ജീവല്‍പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പൗരസമൂഹം ഉയര്‍ന്നു വരണം. അതാണ്‌ ജനാധിപത്യത്തിനു ഗുണകരം. ഒരു സുപ്രഭാതത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും ഒഴിവാക്കണമെന്ന അരാഷ്ട്രീയ ചിന്താഗതിയൊന്നും തനിക്കില്ല. കക്ഷിരാഷ്ട്രീമല്ല, കിടപ്പാട സംരക്ഷണമാണ്‌ തിരഞ്ഞെടുപ്പു മുദ്രാവാക്യമായി ഉയര്‍ത്തുന്നത്‌. അത്‌ ഇവിടത്തെ ജനങ്ങളും അംഗീകരിച്ചതായാണ്‌ വോട്ടര്‍മാരെ കാണുമ്പോള്‍ ലഭിക്കുന്ന പിന്തുണ വിശ്വാസം നല്‍കുന്നത്''

 മരട് 12ാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍
മരട് 12ാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍

തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതു തന്നെ ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടി നടപ്പാക്കി കിട്ടുന്നതിനാണ്‌ സമരങ്ങളുടെ ആദ്യപടിയാണ്‌ തിരഞ്ഞെടുപ്പു പ്രചാരണമെന്നും പീറ്റര്‍ വ്യക്തിമാക്കി. ഇതോടൊപ്പം സമിതി നിയമപോരാട്ടവും തുടരുന്നുണ്ട്‌. നഗരസഭ ഉത്തരവാദിത്തത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറുകയാണെങ്കില്‍ സഭ പിരിച്ചുവിട്ട്‌  ദൗത്യം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ നിര്‍ദേശിക്കണമെന്ന്‌ കോടതിയോട്‌ ആവശ്യപ്പെടും. മുനിസിപ്പല്‍ ആക്‌റ്റ്‌ പ്രകാരം ഭരണഘടനയുടെ 12മത്‌ ഷെഡ്യൂളില്‍പ്പെട്ട കാര്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്‌. അവര്‍ക്കതു പറ്റിയില്ലെങ്കില്‍ നിയമവഴി തന്നെയാണ്‌ ആശ്രയം. ഇതില്‍ നിന്നു പിന്നോട്ടു പോകാന്‍ തങ്ങള്‍ക്കു സാധ്യമല്ലെന്നാണു സമിതിയുടെ നിലപാട്‌.

പ്രാദേശിക വിഷയങ്ങളില്‍ പരിസ്ഥിതി നിര്‍ണായക ഘടമാകുന്ന കാലഘട്ടമാണിത്‌. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ലോകത്തിന്‍റെ മറ്റ് ഏതോ  കോണില്‍ ബാധിക്കുന്ന കാര്യമാണെന്ന തെറ്റിദ്ധാരണകളെ തിരുത്തി നമ്മുടെ വീട്ടുവാതില്‍ക്കലെത്തിയിരിക്കുന്നുവെന്ന സത്യം അനുഭവങ്ങളിലൂടെ മനസിലാക്കിയിരിക്കുകയാണ്‌ മലയാളി. ഓരോ മഴക്കാലവും കൊച്ചിയിലെ പരിസ്ഥിതി ലോല മേഖലകളെ വെള്ളത്തില്‍ മുക്കുമ്പോള്‍ ചെറുത്തു നില്‍പ്പിനുള്ള സമയം എന്നേ കഴിഞ്ഞിരിക്കുന്നുവെന്നു നഗരവാസികള്‍ ചിന്തിക്കുന്നു. താത്‌കാലിക ചെറുത്തു നില്‍പ്പിനപ്പുറം ദുരന്ത നിവാരണം എന്ന സങ്കീര്‍ണമായ പരിഹാര മാര്‍ഗം സൂചി കൊണ്ടെടുക്കേണ്ടതിനെ തൂമ്പ കൊണ്ടെടുക്കുന്ന സ്ഥിതിവിശേഷത്തിലെത്തിച്ചെന്ന്‌ മരടു നിവാസികളുടെ അനുഭവം ചൂണ്ടിക്കാട്ടുന്നു.