Wed. Apr 24th, 2024
human rights activist Stan Swamy ( File photo), Picture Credits: Scroll.in)

മുബൈ: പാര്‍ക്കിന്‍സണ്‍ രോഗം മൂലം കൈകള്‍ വിറയ്‌ക്കുന്നതിനാല്‍ വെള്ളം കുടിക്കാന്‍ ജയിലില്‍ സ്ട്രോയും സിപ്പറും ലഭിക്കണമെന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ഒരു മാസക്കാലത്തെ അഭ്യര്‍ത്ഥനക്ക്‌ പരിഹാരം. ഭീമ കൊറേഗാവ്‌ കേസില്‍ എന്‍ഐഎ അറസ്റ്റ്‌ ചെയ്‌ത്‌ മുബൈയിലെ തലോജ‌ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്‌ ജയില്‍ അധികൃതര്‍ സ്‌ട്രോയും സിപ്പറും നല്‍കിയതായി അഭിഭാഷകനാണ്‌ കോടതിയെ അറിയിച്ചത്‌.

കടുത്ത പാര്‍ക്കിന്‍സണ്‍ രോഗവും മറ്റ്  അസ്വസ്ഥതകളും മൂലം കഷ്ടപ്പെടുന്ന അവസ്ഥയിലാണ്‌ 83കാരനായ സ്റ്റാന്‍ സ്വാമി. കൈകള്‍ വിറച്ച് ഗ്ലാസും പാത്രങ്ങളും താഴെ വീഴുന്നതിനാല്‍ സ്‌ട്രോയും സിപ്പറും ഉപയോഗിച്ചായിരുന്നു വെള്ളം കുടിച്ചിരുന്നതും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിച്ചിരുന്നതും. ജയിലില്‍ അത്‌ ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടുകയായിരുന്നു. അതിനാല്‍ അവ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അദ്ദേഹം പ്രത്യേക കോടതിയില്‍ മൂന്ന്‌ ഹര്‍ജികളാണ്‌ നല്‍കിയത്‌.

റാഞ്ചിയിലെ താമസ സ്ഥലത്ത്‌ നിന്ന്‌ എന്‍ഐഎ കസ്റ്റഡിയിലെടുക്കുമ്പോള്‍ പിടിച്ചെടുത്ത സ്‌ട്രോയും സിപ്പറും തിരികെ നല്‍കണമെന്നായിരുന്നു സ്റ്റാന്‍ സ്വാമിയുടെ ആവശ്യം. എന്നാല്‍ അറസ്റ്റ്‌ ചെയ്യുമ്പോള്‍ സട്രോയും സിപ്പറും ഉണ്ടായിരുന്നില്ല എന്നാണ്‌ എന്‍ഐഎ കോടതിയില്‍ നല്‍കിയ വിശദീകരണം. നവംബര്‍ ആറിന്‌ നല്‍കിയ ഹര്‍ജി 20 ദിവസത്തിന്‌ ശേഷം നവംബര്‍ 26നാണ്‌ പരിഗണിച്ചത്‌. അദ്ദേഹത്തിന്‌ സ്‌ട്രോയും സിപ്പറും നല്‍കേണ്ടതുണ്ടോ എന്ന്‌ ഡിസംബര്‍ നാലിന്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ മെഡിക്കല്‍ ഓഫീസറോട്‌ കോടതി നിര്‍ദ്ദേശിച്ചു.

ഇന്നലെ വീണ്ടും കേസ്‌ പരിഗണിക്കുമ്പോഴാണ്‌ ജയില്‍ അധികൃതര്‍ സ്‌ട്രോയും സിപ്പറും നല്‍കിയ കാര്യം സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകന്‍ അറിയിച്ചത്‌. സിപ്പറും സ്‌ട്രോയും മാത്രമല്ല വീല്‍ ചെയര്‍, വാക്കര്‍, വാക്കിംഗ്‌ സ്‌റ്റിക്ക്‌, രണ്ട്‌ സഹായികള്‍ തുടങ്ങിയ സൗകര്യങ്ങളും നല്‍കിയിട്ടുണ്ടെന്ന്‌ ജയില്‍ അധികൃതര്‍ അറിയിച്ചു. എന്‍ഐഎ പിടിച്ചെടുത്ത ബാഗ് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി.

ആരോഗ്യ പ്രശ്‌നങ്ങളും പ്രായവും പരിഗണിച്ച്‌ ജാമ്യം അനുവദിക്കണമെന്ന്‌ സ്റ്റാന്‍ സ്വാമിയുടെ ആവശ്യം എന്‍ഐഎ കോടതി നേരത്തെ തള്ളിയിരുന്നു. യുഎപിഎ അനുസരിച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ല എന്നായിരുന്നു കോടതി അറിയിച്ചത്‌. ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ മനുഷ്യാവകാശങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ സ്വാമിക്ക്‌ മാവോയിസ്‌റ്റ്‌ ബന്ധമുണ്ടെന്നാണ്‌ എന്‍ഐഎയുടെ ആരോപണം.

2018 ജനുവരി 1ന്‌ ദലിതര്‍ നടത്തിയ ഭീമ കൊറേഗാവ്‌ യുദ്ധ വിജയ അനുസ്‌മരണ ചടങ്ങില്‍ നടന്ന അക്രമത്തിന്‌ പ്രേരിപ്പിച്ചതായി ആരോപിച്ചാണ്‌ സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെ 16 മനുഷ്യാവകാശ പ്രവര്‍ത്തരെ യുഎപിഎ ചുമത്ത്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടച്ചത്‌. എന്നാല്‍ ദലിതര്‍ക്ക്‌ നേരെ നടന്ന അക്രമം നടത്തിയവരെയോ അതിന്‌ പ്രേരിപ്പിച്ചവരെയോ എന്‍ഐഎ അറസ്റ്റ്‌ ചെയ്‌തിട്ടില്ല.