Mon. Dec 23rd, 2024
Indian-American Gitanjali Rao named first-ever TIME ‘Kid of the Year’

ടൈം മാഗസിന്റെ ആദ്യ ‘കിഡ് ഓഫ് ദി ഇയർ’ എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ- അമേരിക്കൻ വംശജയയായ ഈ പതിനഞ്ചുകാരി ഗീതാഞ്ജലി റാവു.  സൈബർ ആക്രമണം മുതൽ കുടിവെള്ള മലിനീകരണം വരെയുള്ള പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തിയതാണ് ഈ കൊച്ചുമിടുക്കിയെ ഈ വലിയ ബഹുമതിയ്ക്ക് അർഹയാക്കിയത്.

ലോകം അതിനെ രൂപപ്പെടുത്തന്നവർക്കുള്ളതാണ്. ഇപ്പോൾ എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ലെങ്കിലും ഓരോ പുതിയ തലമുറയും ഇപ്പോൾ ഈ കുട്ടികളുടെ നേട്ടത്തേക്കാൾ കൂടുതൽ സംഭാവന ചെയ്യുമെന്ന് ഉറപ്പാണ്. ഇതാണ് ഏറ്റവും മികച്ച കാര്യം. ഗീതാഞ്ജലിയെ പുരസ്കാര ജേതാവായി പ്രഖ്യാപിച്ച് ടൈം മാഗസിൻ വ്യക്തമാക്കി.

ലോകത്തിലെ അയ്യായിരത്തോളം പ്രഗത്ഭരായ കുട്ടികളുടെ നോമിനേഷനിൽ  നിന്നാണ്  അമേരിക്കയിലെ കൊളറോഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജരായ ഭാരതിയുടെയും റാം റാവുവിന്റെ മകളായ ഗീതാഞ്ജലി റാവുവിനെ ടൈം തിരഞ്ഞെടുത്തത്.

ഈ പതിനഞ്ച് വയസ്സിനുള്ളിൽ ഗീതാഞ്ജലി സ്വന്തമാക്കിയ നേട്ടങ്ങൾ ആരെയും വിസ്‍മയിപ്പിക്കുന്നതാണ്. സൈബർ ബുള്ളിയിങ്ങിനെ തടയുന്നതിനായി സ്വന്തമായി ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചു. ഒൻപതാം വയസിൽ തന്നെ തന്റെ സ്വന്തം ബുക്ക് ‘ബേബി ബ്രദർ വണ്ടേഴ്സ്’ പബ്ലിഷ് ചെയ്തു. ശാസ്ത്രലോകത്തെ പ്രമുഖരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫോബ്‌സിന്റെ 30 അണ്ടർ 30 ലിസ്റ്റിൽ ഇടം നേടി. കൂടാതെ ഇതുവരെ മൂന്ന് റ്റെഡ് എക്‌സിലും സംസാരിച്ചിട്ടുണ്ട്. 

ഹോളിവുഡിലെ സൂപ്പർ താരം ആഞ്ജലീന ജോളി ഗീതാഞ്ജലിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന്റെ വീഡിയോയും ടൈം പുറത്തുവിട്ടിരുന്നു. “നിരീക്ഷണം, ബോധവത്കരണം, പഠനം, നിർമാണം, ജനങ്ങളിലേക്ക് എത്തിക്കുക” , തന്റെ രീതിയെ കുറിച്ച് ആഞ്ജലീനയുമായുള്ള അഭിമുഖത്തിൽ ഗീതാഞ്ജലി പറഞ്ഞത് ഇങ്ങനെയാണ്.

ശാസ്ത്രത്തോടുള്ള താത്പര്യത്തെ കുറിച്ചുള്ള ആഞ്ജലീനയുടെ ചോദ്യത്തിന് ഗീതാഞ്ജലിയുടെ മറുപടി ഇങ്ങനെയായിരുന്നു, “മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതാണ് ഓരോ ദിവസവും എന്റെ ലക്ഷ്യം. ആരെയെങ്കിലും സന്തോഷിപ്പിക്കുക.” 

താൻ രണ്ടാം ക്ലാസ്സിലോ മറ്റോ തന്നെ  സാമൂഹ്യമാറ്റം സൃഷ്ടിക്കാൻ ശാസ്ത്രവും സാങ്കേതികവിദ്യയും എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിച്ചു തുടങ്ങിയിരുന്നുവെന്ന് ഗീതാഞ്ജലി പറയുന്നു.  ഡെൻവർ വാട്ടർ ക്വാളിറ്റി റിസർച്ച് ലാബിൽ കാർബൺ നാനോട്യൂബ് സെൻസർ സാങ്കേതികവിദ്യയെക്കുറിച്ച് ഗവേഷണം  നടത്താൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഗീതാഞ്ജലി മാതാപിതാക്കളോട് പറഞ്ഞത് പത്ത് വയസുള്ളപ്പോഴാണത്രെ. 

ശാസ്ത്രീയ പരിജ്ഞാനം മാത്രമല്ല കൃത്യമായ രാഷ്ട്രീയ സാമൂഹിക വീക്ഷണവും ഈ പതിനഞ്ചുകാരിക്ക് ഉണ്ട്.  “ഒരു മഹാമാരിക്ക് നടുവിലാണ് നാമിപ്പോൾ, അതേസമയം, കാലങ്ങളായി തുടരുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ നേരിടണം. കാലാവസ്ഥാ വ്യതിയാനം, സൈബർ ബുള്ളിയിങ് പോലുള്ള പ്രശ്നങ്ങൾ ഞങ്ങൾ ഉണ്ടാക്കിയതല്ല, പക്ഷേ അതൊക്കെ പരിഹരിക്കേണ്ടത് ഞങ്ങളാണ് “, ഗീതാഞ്ജലി പറയുന്നു.  സ്ഥിരം കണ്ടുപരിചയമുള്ള ശാസ്ത്രജ്ഞയല്ല താനെന്നും ഗീതാഞ്ജലി കൂട്ടിച്ചേർത്തു.  ടിവിയിൽ താൻ കാണുന്ന ശാസ്ത്രജ്ഞരെല്ലാം വെളുത്ത തൊലിയുള്ളവരാണ്. ലിംഗം, പ്രായം, തൊലിയുടെ നിറം എന്നിവ നോക്കി ആളുകളുടെ റോളുകൾ തീരുമാനിക്കുന്നതാണ് തനിക്ക് ഏറ്റവും വിചിത്രമായി തോന്നുന്നതെന്നും ഗീതാഞ്ജലി പറഞ്ഞു. 

“എനിക്ക് സാധിക്കുമെങ്കിൽ, ഇതൊക്കെ ആർക്കും പറ്റും” തന്റെ വലിയ നേട്ടങ്ങളെ കുറിച്ച് ഗീതാഞ്ജലി പറഞ്ഞതിങ്ങനെയാണ്. 

 

By Arya MR