Mon. Dec 23rd, 2024
Farmer leaders in Delhi C: The Print

ന്യൂഡെല്‍ഹി: കേരളത്തില്‍ കടുത്ത ശത്രുതയിലാണ്‌ സിപിഎമ്മും പാര്‍ട്ടി വിട്ട വിമതരുടെ പാര്‍ട്ടി ആര്‍എംപിഐയും. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയാണ്‌ രണ്ട്‌ കൂട്ടരും തമ്മിലുള്ള ശത്രുത വര്‍ധിച്ചത്‌. എന്നാല്‍ ഡെല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ സിപിഎമ്മിന്റെയും ആര്‍എംപിഐയുടെയും നേതാക്കള്‍ ഒരുമിച്ചാണ്‌. പാര്‍ട്ടി വിട്ട വി ബി ചെറിയാന്റെയും പഞ്ചാബില്‍ സിപിഎം വിട്ടവരുടെയും നേതൃത്വത്തില്‍ രൂപീകരിച്ച എംസിപിഐയുവും വിവിധ നക്‌സലൈറ്റ്‌ ഗ്രൂപ്പുകളുടെ നേതാക്കളും സിപിഐ, സിപിഎം നേതാക്കള്‍ക്കൊപ്പമുണ്ട്‌.

ഡെല്‍ഹിയില്‍ എട്ടു ദിവസമായി തുടരുന്ന കര്‍ഷക സമരത്തിന്‌ നേതൃത്വം നല്‍കുന്ന 35 കര്‍ഷക സംഘടന നേതാക്കളാണ്‌ കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്‌‌. പഞ്ചാബിലും ഹരിയാനയിലും പ്രത്യക്ഷ രാഷ്ട്രീയമില്ലാതെ പ്രവര്‍ത്തിക്കുന്ന ഭാരതീയ കിസാന്‍ യൂണിയന്റെ വിവിധ ഗ്രൂപ്പുകളാണ്‌ ഇതിലെ പ്രധാനപ്പെട്ട വിഭാഗങ്ങള്‍. സമരത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെയും ഗ്രൂപ്പുകളുടെയും നേതൃത്വത്തിലുള്ള കര്‍ഷക സംഘടനകള്‍ക്കും നിര്‍ണായക പങ്കുണ്ട്‌.

സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗമായ ഹനന്‍ മുള്ള നേതൃത്വം നല്‍കുന്ന അഖിലേന്ത്യ കിസാന്‍ സഭ സമരത്തിലുള്ള പ്രധാന സംഘടനകളില്‍ ഒന്നാണ്‌. ഹനന്‍മൊള്ളക്കൊപ്പം മേജര്‍ സിംഗ്‌ പുന്നവാലും സംഘടന പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. സിപിഐ നേതൃത്വത്തിലുള്ള പഞ്ചാബിലെ കര്‍ഷക സംഘടനയായ കുല്‍ഹിന്ദ്‌ കിസാന്‍ സഭയും സമരത്തിലുണ്ട്‌. ബല്‍ദേവ്‌ സിംഗ്‌ നിഹല്‍ഗാറാണ്‌ സംഘടനയെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്‌.

അതേ സമയം കേരളത്തില്‍ സിപിഎമ്മിന്‍റെ ശത്രുക്കളായ ആര്‍എംപിഐ നേതൃത്വത്തിലുള്ള കര്‍ഷക സംഘടനകളും നേതാക്കളും സമരത്തിലുണ്ട്‌. പഞ്ചാബില്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന കര്‍ഷക സംഘടനയായ ജംഹൂരി കിസാന്‍ സഭ സമരത്തില്‍ സജീവമായുണ്ട്.‌ സംഘടനയുടെ നേതാക്കളായ കുല്‍വന്ത്‌ സിംഗമ സന്ധുവും പ്രേംസിംഗ് ഭംഗുവും ആര്‍എംപിഐ നേതാക്കളാണ്‌.

കേരളത്തില്‍ സിപിഎം വിട്ട വിബി ചെറിയാനും പഞ്ചാബിലെ വിമത സിപിഎമ്മുകാരുമായി ചേര്‍ന്ന്‌ രൂപീകരിച്ച എംസിപിഐ (യു) നേതൃത്വം നല്‍കുന്ന കുല്‍ഹിന്ദ്‌ കിസാന്‍ ഫെഡറേഷനും കിസാന്‍ സഭക്കൊപ്പം സമരത്തിലുണ്ട്‌. പാര്‍ട്ടിയുടെ കര്‍ഷക നേതാക്കളായ പ്രേംസിംഗ്‌ ഭംഗുവും കിരണ്‍ജിത്ത്‌ സെഖോനും ഹനന്‍ മുള്ളക്കൊപ്പം സമരത്തിലും ചര്‍ച്ചയിലും പങ്കെടുക്കുന്നുണ്ട്‌.

ഇവരെ കൂടാതെ പാര്‍ലമെന്ററി പാത സ്വീകരിച്ച നക്‌സലൈറ്റ്‌ സംഘടനകളായ സിപിഐ എംഎല്‍ ലിബറേഷന്റെയും സിപിഐ എംഎല്‍ ന്യൂ ഡെമോക്രസിയുടെയും കര്‍ഷക സംഘടനകളും സമര നേതൃത്വത്തിലുണ്ട്‌. മാള്‍വ മേഖലയില്‍ സജീവമായ ലിബറേഷന്റെ കര്‍ഷക സംഘടനയായ പഞ്ചാബ്‌ കിസാന്‍ യൂണിയനെ പ്രതിനിധീകരിച്ച്‌ റുല്‍ദു സിംഗ്‌ മാന്‍സയാണ്‌ കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്‌. സിപിഐ എംഎല്‍ ന്യൂ ഡെമോക്രസിയുടെ കര്‍ഷക സംഘടനയായ കിര്‍ത്തി കിസാന്‍ യൂണിയനെ പ്രതിനിധീകരിച്ച്‌ നിര്‍ഭയ്‌ സിംഗ്‌ ദുധികെയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്‌.

ചര്‍ച്ചിയില്‍ പങ്കെടുക്കുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ (ക്രാന്തികാരി) നേതാവായ സുര്‍ജിത്ത്‌ സിംഗ്‌ ഫൂലിനെ 2009ല്‍ മാവോയിസ്‌റ്റാണ്‌ എന്നാരോപിച്ച്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടച്ചിരുന്നു. ബികെയു, ബികെയു (ഉഗ്രഹാന്‍), ബികെയു(ഏകത- ദകോണ്ട), ബികെയു(സിന്ദുപൂര്‍), ബികെയു ഖ്വാദിയന്‍, ബികെയു (രജേവാള്‍), ബികെയും ചദുനി, ബികെയു (മാന്‍), ബികെയു (ലഖോ മാള്‍) ക്രാന്തികാരി കിസാന്‍ യൂണിയന്‍, കിസാന്‍ സംഘര്‍ഷ്‌ സമിതി, ജയ്‌ കിസാന്‍ ആന്ദോളന്‍, കിസാന്‍ മസ്‌ദൂര്‍ സംഘര്‍ഷ്‌ സമിതി, ആസാദ്‌ കിസാന്‍ സംഘര്‍ഷ്‌ സമിതി, ഭാരതീയ കിസാന്‍ മഞ്ച്, ഇന്ത്യന്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍, ദൊവാബ കിസാന്‍ സമിതി,  ദൊവാബ കിസാന്‍ സംഘര്‍ഷ് സമിതി, ഗണ സംഘര്‍ഷ് സമിതി, കിസാന്‍ ബച്ചാവോ മാര്‍ച്ച്,  ആസാദ് കിസാന്‍ സമിതി, രാഷ്ട്രീയ മസ്ദൂര്‍ കിസാന്‍ സംഘ്, തുടങ്ങിയ സംഘടനകളുടെ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്‌. ഇതില്‍ ചില സംഘടനകള്‍ക്ക് കോണ്‍ഗ്രസിനോടും ആം ആദ്മി പാര്‍ട്ടിയോടും ആഭിമുഖ്യമുണ്ട്. ചിലര്‍ അകാലിദള്‍ പാര്‍ട്ടിയുടെ പിന്തുണയുള്ളവരാണ്.

പല രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ചും രാഷ്ട്രീയേതരമായും പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘടനകളുടെ മഴവില്‍ സഖ്യമാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. എങ്കിലും നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തില്‍ ഇവര്‍ ഒരുമിച്ചാണ്.