നല്ല സുഗന്ധമുള്ള പെര്‍ഫ്യൂം കെെവശം വയ്ക്കുന്നത് പലരുടെയും ഹോബിയായിരിക്കും. ആഡംബര പെര്‍ഫ്യൂം തേടിപ്പിടിച്ച് പോകുന്നവരുമുണ്ട്. ലോകത്തെ തന്നെ ഏറ്റവും വില പിടിപ്പുള്ള ആഡംബര പെര്‍ഫ്യൂം രൂപപ്പെട്ട് വരുന്നത് തിമിംഗലത്തിന്‍റെ ഛര്‍ദ്ദിയില്‍ നിന്നാണ്. ആദ്യം ഇക്കാര്യം കേള്‍ക്കുന്നവര്‍ അല്‍പ്പമൊന്ന് അമ്പരക്കും. ടോം ഫോർഡ്, ഷനേല്‍, ഡേവിഡോഫ് തുടങ്ങിയ വൻ കിട ബ്രാൻഡുകളുടെ ആംബര്‍ പെർഫ്യൂമുകൾ ലോകത്തെ തന്നെ ഏറ്റവും വില പിടിപ്പുള്ള പെർഫ്യൂം ഗണത്തിലാണ് വരുന്നത്.
സ്പേം തിമിംഗലങ്ങളുടെ ദഹനേന്ദ്രിയവ്യവസ്ഥയിൽ മെഴുകുപോലെ രൂപപ്പെടുന്ന ഒരു ഖരവസ്തുവാണ് തിമിംഗല ഛർദ്ദി അഥവാ ആംബര്‍ ഗ്രീസ്. കണ്ടാല്‍ പാറ പോലെ തോന്നുന്ന ഈ ഖരവസ്തുചാരനിറത്തിലുള്ളതും തീപിടിക്കുന്നതുമാണ്. എണ്ണത്തിമിംഗലങ്ങളുടെ കുടലിൽ ഒരു പിത്തസ്രവമായി ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുവാണ് ഇത്. കടലിൽ പ്ലവാവസ്ഥയിലും കടൽത്തീരത്തെ മണലിൽ അടിഞ്ഞും ആംബർഗ്രീസ് കാണപ്പെടാറുണ്ട്.
ആഡംബര പെർഫ്യൂം വ്യവസായത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ ആംബർഗ്രീസ് ‘ഒഴുകുന്ന സ്വര്‍ണ്ണം’ എന്നാണ് അറിയപ്പെടുന്നത്. ഇത് വളരെ അപൂർവ്വമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. പെർഫ്യൂം സുഗന്ധം കൂടുതൽ നേരം നിലനിർത്താൻ ആണ് ആംബർഗ്രീസ് എന്ന ഈ അപൂർവ്വ പദാർത്ഥം ഉപയോഗിക്കുന്നത്. എണ്ണത്തിമിംഗലങ്ങള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളായതിനാല്‍ ആംബര്‍ഗ്രീസ്കെെവശം വെയ്ക്കുന്നത് കുറ്റകരവും കൂടിയാണ്.
തിമിംഗലങ്ങളുടെ കുടലിലാണ് ആംബർഗ്രിസ് ഉത്പാദിപ്പിക്കുന്നത്. ഭക്ഷണത്തിനൊപ്പം അറിയാതെ ഉള്ളിലാവുന്ന കാഠിന്യവും മൂർച്ചയുമുള്ള വസ്തുക്കളുടെ കുടലിലൂടെയുള്ള നീക്കം എളുപ്പമാക്കാനാണിത്. അതിനാൽ കട്ടിയുള്ളതും മൂർച്ചയുള്ളതുമായ വസ്തുക്കൾ തിമിംഗലങ്ങളുടെ കുടലിന് കേടുപാടുകൾ വരുത്തുന്നില്ല. സാധരണ ഗതിയിൽ ആമ്പർ ഗ്രീസ് മലത്തോടൊപ്പം ആണ് ഈ തിമിംഗലങ്ങൾ പുറത്ത് വിടുക, അതിനപ്പുറം രൂപപ്പെടുന്ന വലിയ ആമ്പർ ഗ്രീസിനെ ഛര്‍ദ്ദിച്ചും പുറത്തേക്ക് കളയുന്നു.
കൊറോണക്കാലത്തെ ദുരിതത്തിനിടയില്‍ തായ്ലന്റിലെ മത്സ്യതൊഴിലാളിയായ നാരിസ് സുവന്നസാങിനെയും കഴിഞ്ഞ ദിവസം കടലമ്മ ഈ ഒഴുകുന്ന സ്വര്‍ണ്ണം നല്‍കി അനുഗ്രഹിച്ചിരുന്നു. 60കാരനായ നാരിസ് സുവന്നസാങ് കടൽതീരത്ത് കൂടി നടക്കുമ്പോഴാണ് ഒരു വസ്തുകാലിൽ തട്ടുന്നത്. കണ്ട് പരിചയമില്ലാത്ത നല്ല ഭാരമുള്ള വസ്തു ആയതിനാല്‍ തന്നെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആ വസ്തു മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കോടികള്‍ വിലമതിക്കുന്ന തിമിംഗലത്തിന്റെ ഛര്‍ദ്ദിയാണെന്ന് മനസ്സിലായത്.
100 കിലോഗ്രാം തൂക്കമുണ്ടായിരുന്നു ഈ ആംബര്‍ഗ്രീസിന്. ലോകത്ത് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അംബര്‍ഗ്രിസാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. ഒരു ആയുസ്സു മുഴുവന്‍ സമ്പാദിച്ചാലും കിട്ടാത്ത അപൂര്‍വ്വ നിധി തന്നെയാണ് ഈ മത്സ്യത്തൊഴിലാളിയെ തേടിയെത്തിയത്. ആഡംബര പെര്‍ഫ്യൂം ഉണ്ടാക്കാന്‍ ആംബര്‍ഗ്രീസിനായി കാത്തിരിക്കുന്ന ബിസിനസ് വമ്പന്മാര്‍ 23കോടി രൂപയാണ് ഈ തിമിംഗല ഛര്‍ദ്ദിയ്ക്ക് വിലയിട്ടിരിക്കുന്നത്.