Mon. Dec 23rd, 2024
mays abu Ghosh released after 15 months from refugee camp

 

15 മാസത്തെ ക്രൂര പീഡനങ്ങൾക്കൊടുവിൽ പലസ്തീനിലെ വിദ്യാര്‍ഥിനി മെയ്സ് അബു ഘോഷ് ജയിൽ മോചിതയായി. സഹോദരനെ കൊന്ന ഇസ്രയേൽ ക്രൂരതക്കെതിരെ പ്രതിഷേധിച്ചതിനാണ് ബിർസീറ്റ് സർവകലാശാലയിലെ ജേണലിസം വിദ്യാർത്ഥിനി മെയ്‌സിനെ അറസ്റ്റ് ചെയ്തത്.

2016 ജനുവരിയിലാണ് മെയ്‌സിന്‍റെ സഹോദരൻ ഹുസൈനെ ആക്രമണം നടത്തിയെന്നാരോപിച്ച് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇവരുടെ കുടുംബവീട് തകര്‍ത്തു. 2019 ആഗസ്തില്‍, അബു ഷോഷിന്റെ വീട്ടില്‍ അതിരാവിലെ ഡോഗ് സ്‌ക്വാഡുമായെത്തിയ ഇസ്രായേല്‍ സേന റെയ്ഡിന് ശേഷം മെയ്‌സിനെ ഒരു പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി. ലാപ്‌ടോപ്പും ഫോണും സ്വിച്ച് ഓഫ് ചെയ്യാന്‍ ആവശ്യപ്പെടും വിസമ്മതിച്ചതിനെ തുടര്‍ന്ന് കണ്ണുകെട്ടി കൈവിലങ്ങിട്ട് അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

ഇസ്രയേൽ അധിനിവേശത്തിനെതിരായ വിദ്യാർത്ഥി പ്രവർത്തനങ്ങളിൽ പങ്കെടുക്കൽ, പലസ്തീൻ  അവകാശം ഉയർത്തിപ്പിടിക്കുന്നകുമായി ബന്ധപ്പെട്ട കോൺഫറൻസിൽ പങ്കെടുക്കൽ, ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട വാർത്താ ഏജൻസിക്ക് സംഭാവന നൽകൽ എന്നീ കുറ്റങൾ ചുമത്തിയാണ് 22 കാരിയായ മെയ്‌സിനെ തടങ്ങലിലാക്കിയത്.

മെയ്‌സിന് പുറമെ 17 കാരനായ സഹോദരന്‍ സുലൈമാനെയും അറസ്റ്റ് ചെയ്തു. നാലുമാസം വിചാരണയില്ലാതെ തടവിലടയ്ക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. അങ്ങനെ മാസങ്ങളോളം മെയ്‌സിന്റെ കുടുംബവും ഇസ്രായേലിന്റെ ക്രൂര മനോഭാവങ്ങൾക്ക് ഇരയായി.

ഇസ്രയേൽ സേനയുടെ ചോദ്യം ചെയ്യലിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾ നേരിട്ടതായി മെയ്‌സ് പറയുന്നു. മാനസികമായി തകര്‍ന്ന നിലയിലോ തളര്‍ന്ന വിധത്തിലോ ആയിരിക്കും വീട്ടിലേക്ക് പോവുകയെന്നു ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിന് വിധേയരായ മറ്റ് തടവുകാരുടെ നിലവിളികളും കരച്ചിലും കേട്ടതായും ഇസ്രായേൽ സൈനികർ അശ്ലീലച്ചുവയോടെ സംസാരിച്ചതായും മുഖത്ത് പല തവണ അടിച്ചതായും പറഞ്ഞു. ജറുസലേമിലെ കുപ്രസിദ്ധമായ മസ്‌കോബിയെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ ഒരു മാസത്തിലേറെയായി താൻ അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനത്തെക്കുറിച്ച്‌ അബു ഘോഷ് പറഞ്ഞതായി വിവിധ മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കി.

Mays Abu Ghosh released after 15 months in Israel prison
Pic Credits: Twitter; Mays Abu Ghosh

ഇത്രയധികം ക്രൂരതകൾ അനുഭവിച്ചിട്ടും അതൊന്നും കണക്കിലെടുക്കാതെ 600 ഡോളര്‍ പിഴ ചുമത്തിയാണ് വെസ്റ്റ് ബാങ്ക് നഗരമായ ജെനിന് വടക്ക് ജലമെ ചെക്ക് പോയിന്റിലെ ഡാമണ്‍ ജയിലില്‍ നിന്ന് മെയ്‌സിനെ മോചിപ്പിച്ചത്. എന്നാൽ ഒട്ടും തളരാതെ പഠനവുമായി മുന്നോട്ട് പോകാനാണ് മെയ്‌സിന്റെ തീരുമാനം. പഠനം പൂര്‍ത്തിയാക്കി മാധ്യമ പരിശീലനം തുടരണമെന്ന് അവൾ പറയുന്നു. 

മെയ്‌സിന്റെ മോചനത്തിൽ സന്തോഷിക്കുകയാണ് ഇപ്പോൾ ലോകം. അവളുടെ ധീരതയെയും ദൃഢനിശ്ചയത്തെയും പ്രശംസിച്ച് മുൻനിര താരങ്ങൾ അടക്കം രംഗത്തെത്തി. 15 മാസം മെയ്‌സ് നേരിട്ട ക്രൂരപീഡനങ്ങളെ കുറിച്ച് ‘അഡ്ഡമീർ‘ എന്ന മനുഷ്യാവകാശ സംഘടന അവരുടെ വെബ്‌സൈറ്റിൽ എഴുതിയ ലേഖനം പങ്കുവെച്ചാണ് പ്രശംസ.

https://twitter.com/LinahAlsaafin/status/1333760209362313216

മെയ്‌സിനെ പോലെത്തന്നെ മാസങ്ങളും വർഷങ്ങളുമായി ഇസ്രയേൽ ജയിലിൽ കഴിയുന്ന നിരവധി സ്ത്രീകളും കുട്ടികളുമുണ്ട്. നിലവിലെ റിപോർട്ടുകൾ അനുസരിച്ച് 40 പലസ്തീന്‍ സ്ത്രീകളെ ഇസ്രായേല്‍ തടവിലടച്ചിട്ടുണ്ട്. അകെ 4,500 പേരാണ് ജയിലിലുള്ളത്. അതിൽ 170 പ്രായപൂര്‍ത്തിയാകാത്തവരാണ്. ദാമോന്‍ ജയിലിലുള്ള ഏഴ് തടവുകാര്‍ യൂനിവേഴ്‌സിറ്റി കോഴ്‌സുകള്‍ ചെയ്യുന്നതായും പറയുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam