Sat. Apr 20th, 2024
Justice Karnan
ചെന്നൈ:

മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന സിഎസ് കര്‍ണന്‍ അറസ്റ്റില്‍. ജഡ്ജിമാരെയും കോടതി ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവിട്ട കേസിലാണ് സിഎസ് കര്‍ണനെ അറസ്റ്റുചെയ്തത്. ഒക്ടോബർ 27-ന് മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയിൽ കർണനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരെല്ലാം ചേർന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്ക് ജസ്റ്റിസ് കർണനെതിരെ വിശദമായ പരാതി നൽകുകയും ചെയ്തു. സുപ്രിംകോടതിയിലേയും ഹൈക്കോടതിയിലേയും ചില ജ‍‍ഡ്ജിമാർക്കെതിരെ പരാമർശം നടത്തുന്ന കർണന്റെ ഒരു വിഡിയോയും അഭിഭാഷകർ പരാതിക്കൊപ്പം നൽകിയിരുന്നു. ചില വനിതാ ഉദ്യോ​ഗസ്ഥരെ ജ‍ഡ്‍ജിമാർ ലൈംഗികപീഡനത്തിനിരയാക്കിയെന്ന പരാമർശം അടങ്ങുന്നതായിരുന്നു വിഡിയോ.

2017 മെയ് മാസത്തിൽ ജുഡീഷ്യറിക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയതിന്‍റെ പേരിൽ ആറ് മാസത്തെ തടവുശിക്ഷ സുപ്രിംകോടതി ജസ്റ്റിസ് കർണന് വിധിച്ചിരുന്നു. രാജ്യത്ത് തന്നെ ഇത്തരത്തിൽ ശിക്ഷയ്ക്ക് വിധേയനാകുന്ന ആദ്യത്തെ ന്യായാധിപനായിരുന്നു ജസ്റ്റിസ് കർണൻ. മദ്രാസ് ഹൈക്കോടതിയിലും കൊല്‍ക്കത്ത ഹൈക്കോടതിയിലും കര്‍ണന്‍ സേവനമനുഷ്ഠിച്ചിരുന്നു.