Mon. Dec 23rd, 2024
മകര നക്ഷത്രം

ക്രിസ്മസ് നക്ഷത്രങ്ങളിലും വര്‍ഗീയ വിഷം ചീറ്റുകയാണ് ഹിന്ദുത്വവാദികള്‍. ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രത്തിന് പകരം ‘മകരനക്ഷത്രം’ തൂക്കാന്‍ ആഹ്വാനവുമായി എത്തിയിരിക്കുകയാണ് തീവ്ര ഹിന്ദുത്വവാദികള്‍.  സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇവരുടെ ആഹ്വാനം. വിവിധ ഹിന്ദുത്വ പ്രൊഫൈലുകളും ഫേസ്ബുക്ക് ഗ്രൂപ്പുകളുമാണ് ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

അയ്യപ്പന്‍റെ ഫോട്ടോ പതിച്ചുള്ള മകര നക്ഷത്രത്തിന്‍റെ ചിത്രവും ഇത് വാങ്ങുന്നതിനായി ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പറും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. ഗോപകുമാര്‍ മാലിയില്‍ എന്ന ഫെയ്സ്ബുക്ക് പ്രൊഫെെലില്‍  മകര നക്ഷത്രം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. വാട്​സാപ്പിലൂടെയും മകരനക്ഷത്രം ഓർഡർ ചെയ്യാൻ അവസര​മൊരുക്കുന്നുണ്ട് പ്രരണക്കാര്‍. ”ഹിന്ദു ഭവനങ്ങളിൽ ക്രിസ്തുമസ് സ്റ്റാറിനു പകരം മകരനക്ഷത്രം ഉയരട്ടെ. ആവശ്യക്കാർ കോൺടാക്ട് ചെയ്യുക”എന്നായിരുന്നു ഇ ഫെയ്സ്ബുക്ക് പ്രൊഫെെലില്‍ കുറിച്ചത്. 

കാവിഭാരതം, അഘോരി തുടങ്ങിയ വിവിധ സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലും മകര നക്ഷത്രം വീടുകളില്‍ തൂക്കിയിടാനുള്ള പ്രാചരണം നടക്കുന്നുണ്ട്. ‘ഇത് എന്റെ സംരംഭം അല്ല ഒരു ഹിന്ദു സഹോദരന് വേണ്ടി നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്.ഈ മകരവിളക്ക് കാലത്ത് (ക്രിസ്തുമസ് കാലത്ത്) നമ്മുടെ വീടുകളില്‍ ക്രിസ്മസ് നക്ഷത്രങ്ങള്‍ക്ക് പകരം, ഉയരട്ടെ മകരനക്ഷത്രങ്ങള്‍’, എന്നാണ് ഇത്തരം സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശം.

ഹിന്ദു ഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രം തൂക്കരുതെന്ന ആഹ്വാനത്തെ അനുകൂലിച്ചും ശക്തമായി വിമര്‍ശിച്ചും പരിഹസിച്ചും പോസ്റ്റിന് താഴെ നിരവധി പേര്‍ ഇതിനേടൊകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദുക്കളുടെ വീട്ടിൽ ക്രിസ്മസ് അപ്പൂപ്പന് പകരം ക്ഷേത്രം ശാന്തി വരട്ടെ അയ്യപ്പന്‍ വരട്ടെയെന്നൊക്കെ ചിലര്‍ പരിഹസിക്കുന്നു.

എന്നാല്‍, ഏതെങ്കിലും ക്രിസ്ത്യാനിയോ മുസൽമാനോ കാർത്തിക വിളക്കിന് ദീപം തെളിയിച്ചു വച്ചിരുന്നോ? എന്നാണ് മകര നക്ഷത്രത്തെ പിന്തുണയ്ക്കുന്നവര്‍ ചേദിക്കുന്നത്. ക്രിസ്ത്യാനിയോ മുസല്‍മാനോ വിഷുക്കണി വയ്ക്കാറുണ്ടോ? തിരുവോണനാളിൽ പൂക്കളമിട്ട് തൃക്കാക്കരയപ്പനെ വച്ച് അടയും പഴവും നിവേദിക്കാറുണ്ടോ? എന്നും ഹിന്തുത്വവാദികള്‍ മകര നക്ഷത്രത്തെ ന്യായീകരിച്ച് ചോദിക്കുന്നു. പക്ഷേ  ‘ഇത് കേരളമാണ്, ഇവിടെ റംസാനും വിഷുവും, ക്രിസ്മസും, ഓണവും എല്ലാം വേണം, ഇതിവിടെ ചിലവാകില്ല’ എന്ന് പറഞ്ഞ് സംഘപരിവാരങ്ങളുടെ വായടപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം.

 

By Binsha Das

Digital Journalist at Woke Malayalam