Mon. Dec 23rd, 2024
Justice Madan Lokur, Former Supreme Court Judge . Pic C: Scroll.in

ന്യൂഡെല്‍ഹി: ഉത്തര്‍ പ്രദേശില്‍ ‘ലൗ ജിഹാദ്’ തടയാനെന്ന പേരില്‍ യോഗി ആദിത്യനാഥ്‌ സര്‍ക്കാര്‍ കൊണ്ടുവന്ന മത പരിവര്‍ത്തന നിയന്ത്രണ നിയമത്തെ വിമര്‍ശിച്ച്‌ സുപ്രീം കോടതി മുന്‍ ജഡ്‌ജി ജസ്‌റ്റിസ്‌ മദന്‍ ലോകൂര്‍. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും അന്തസിനെയും പിന്തള്ളുന്നതാണ്‌ നിയമമെന്ന്‌ അദ്ദേഹം പറഞ്ഞു.

പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക്‌ തന്റെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണമായ അവകാശത്തില്‍ കൈ കടത്താന്‍ സംസ്ഥാനങ്ങള്‍ക്ക്‌ അധികാരമില്ലെന്ന സുപ്രീം കോടതിയുടെ മുന്‍ വിധികള്‍ക്ക്‌ എന്ത്‌ സംഭവിക്കുമെന്ന്‌ അദ്ദേഹം ചോദിച്ചു. ഹാദിയ കേസില്‍ ഉള്‍പ്പെടെയുള്ള സുപ്രിം കോടതി വിധികള്‍ ഉദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം ഇഷ്ടപ്രകാരമാണ്‌ മുസ്ലിം യുവാവിനെ വിവാഹം ചെയ്‌തതെന്ന്‌ ഹാദിയ പറഞ്ഞിട്ടും കേരള ഹൈക്കോടതി ആ വിവാഹം അസാധുവാക്കി. 2018 മാര്‍ച്ചില്‍ സുപ്രീം കോടതി ഈ വിധി റദ്ദാക്കി. പരസ്‌പര സമ്മതമുള്ള ബന്ധങ്ങളില്‍ കോടതികള്‍ക്ക്‌ ഇടപെടാന്‍ കഴിയുമോ എന്ന ചോദ്യമാണ്‌ സുപ്രീം കോടതി അന്ന്‌ ഉന്നയിച്ചത്‌.

ലൗ ജിഹാദിനെക്കുറിച്ച്‌ കൃത്യമായ നിര്‍വചനങ്ങള്‍ ആര്‍ക്കുമില്ല. ഒരു മുഖ്യമന്ത്രി പറയുന്നത്‌ “ജിഹാദികള്‍ തങ്ങളുടെ യഥാര്‍ത്ഥ പേരുകളും സ്വത്വവും മറച്ചുവെച്ച്‌ നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും അന്തസും മാന്യതയും കൊണ്ട്‌ കളിക്കുകയാണ്‌” എന്നാണ്‌. മറ്റൊരു മുഖ്യമന്ത്രി പറയുന്നത്‌ “ജിഹാദികള്‍ അവരുടെ മാര്‍ഗത്തില്‍ നിന്ന്‌ പിന്തിരിഞ്ഞില്ലെങ്കില്‍ ശവക്കല്ലറയിലേക്കായിരിക്കും അവരുടെ യാത്ര” എന്നാണ്‌.

ഇതെല്ലാം ഓര്‍മിപ്പിക്കുന്നത്‌ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തിരിച്ചുവരുന്നതിനെയാണ്‌. എവിടെയാണ്‌ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം? നിര്‍ബന്ധിത വിവാഹത്തിന്റെ നിര്‍വചനത്തില്‍ വരുന്ന ബാലിക വിവാഹത്തിനെതിരെ ഇവര്‍ എന്തുകൊണ്ട്‌ യുദ്ധം പ്രഖ്യാപിക്കുന്നില്ല എന്നും ജസ്റ്റിസ്‌ ലോകുര്‍ ചോദിച്ചു. ഡെല്‍ഹിയില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍ പുറത്തിറക്കിയ നിയമവിരുദ്ധ മത പരിവര്‍ത്തന ഓര്‍ഡിന്‍സ്‌ ഗവര്‍ണര്‍ ഒപ്പുവെച്ച്‌ നിയമമായ സാഹചര്യത്തിലാണ്‌ ജസ്റ്റിസ്‌ ലോകൂറിന്റെ പ്രതികരണം. വിവാഹത്തിന്‌ വേണ്ടിയുള്ള മത പരിവര്‍ത്തനത്തിന്‌ 10 വര്‍ഷം വരെ തടവ്‌ ശിക്ഷയും പിഴയും ലഭിക്കാവുന്ന നിയമമാണ്‌ യുപിയില്‍ നടപ്പായിരിക്കുന്നത്‌.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്‌, കര്‍ണാടക, ഹരിയാന, അസം തുടങ്ങിയ സംസ്ഥാനങ്ങളും സമാനമായ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്‌. അതേ സമയം എന്‍ഐഎയുടെ അന്വേഷണത്തില്‍ ‘ലൗ ജിഹാദ്‌’ എവിടെയും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ്‌ ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്‌. ‘ലൗ ജിഹാദി’നെക്കുറിച്ചുള്ള കണക്കുകള്‍ ലഭ്യമല്ലെന്ന്‌ ദേശീയ വനിത കമ്മീഷനും പറഞ്ഞിരുന്നു.