Mon. Nov 25th, 2024
തിരുവനന്തപുരം:

അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്നാണ് സൂചന.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരും. കൊച്ചി, പറവൂര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നീ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

“മഹ” ചുഴലിക്കാറ്റ് ഉച്ചയ്ക്ക് മുന്‍പ് ശക്തിപ്രാപിക്കും. ശനിയാഴ്ച ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

ശക്തമായ തിരമാലകള്‍ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് ശനിയാഴ്ച വരെ മീന്‍പിടിത്തം പൂര്‍ണ്ണമായും നിരോധിച്ചു. കടലില്‍ പോയ മത്സ്യതൊഴിലാളികള്‍ ഉടന്‍ മടങ്ങിയെത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. എം.ജി സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.