Wed. Jan 22nd, 2025
ന്യൂ ഡല്‍ഹി:

നോട്ടുനിരോധനത്തിനു ശേഷം, കള്ളപ്പണത്തിനെതിരെ രണ്ടാമത്തെ വലിയ നീക്കത്തിനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍. കള്ളപ്പണം തടയുന്നതിനുവേണ്ടി കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന് പരിധി നിശ്ചയിക്കുന്ന പുതിയ പദ്ധതി പ്രബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണമുപയോഗിച്ചു കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്.

നിയമം പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിശ്ചിത പരിധിയിൽ കൂടുതൽ കൈവശം വയ്ക്കുന്ന സ്വർണം സംബന്ധിച്ച എല്ലാ വിവരങ്ങളും സമർപ്പിക്കുന്ന രീതിയിലാണു നിയമം കൊണ്ടുവരിക. പദ്ധതിയിലൂടെ നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കിൽപ്പെടുത്താത്ത സ്വർണം വെളിപ്പെടുത്താനും, വെളിപ്പെടുത്തിയ സ്വർണത്തിന്‍റെ മൂല്യത്തിനനുസരിച്ച് നികുതി നൽകാനും വ്യക്തികളെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പദ്ധതി പ്രകാരം കൈവശം വയ്ക്കാവുന്ന സ്വർണത്തിന്‍റെ നിയന്ത്രണ പരിധി നിശ്ചയിക്കും. നോട്ടുനിരോധനത്തിനു ശേഷം കള്ളപ്പണം തടയാനുള്ള ശക്തമായ നടപടിയായാണ് കേന്ദ്രസർക്കാർ ഇതിനെ കാണുന്നത്.

നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കിൽപ്പെടുത്താത്ത സ്വർണം കൈവശംവയ്ക്കുന്നവരിൽ നിന്നു കനത്ത പിഴ ഈടാക്കും. സര്‍ക്കാര്‍ അംഗീകൃതമായ മൂല്യനിര്‍ണ്ണയ സംവിധാനത്തിലൂടെയായിരിക്കും സ്വര്‍ണ്ണത്തിന്‍റെ മൂല്യം നിജപ്പെടുത്തുക.

വിവാഹിതരായ സ്ത്രീകള്‍ കൈവശം വച്ചിരിക്കുന്ന നിശ്ചിത തുകയ്ക്ക് താഴെയുള്ള സ്വർണ്ണാഭരണങ്ങൾ പദ്ധതിയിൽ നിന്ന് ഒഴിവാക്കും. കുറച്ചുകാലം ഗോൾഡ് ആംനെസ്റ്റി സ്കീം, ആദായനികുതി ആംനെസ്റ്റി സ്കീമിനൊപ്പമായിരിക്കും.

പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ രണ്ടാം വാരം മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചെങ്കിലും, ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.

ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി ചേർന്ന് ‘ഗോൾഡ് ബോർഡ്’ രൂപീകരിക്കുകയും, പുതിയ പദ്ധതിക്കൊപ്പം നിലവിലുള്ള സോവറിൻ ഗോൾഡ് ബോണ്ട് സ്കീം നവീകരിക്കുകയും ചെയ്യും.

സോവറിൻ ബോണ്ട് സ്കീം പ്രകാരം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (എച്ച്‌യുഎഫ്) നാല് കിലോ വരെ സ്വർണം വാങ്ങാം. പദ്ധതി പ്രകാരം 20 കിലോ സ്വർണം വാങ്ങാൻ ട്രസ്റ്റുകൾക്ക് അനുമതിയുണ്ട്. കൂടാതെ 2.5 ശതമാനം വാർഷിക കൂപ്പണും ഉണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ വിപണി മൂല്യത്തിൽ സ്വർണം വീണ്ടെടുക്കുകയും ചെയ്യാം.

ധനകാര്യ വകുപ്പും റവന്യു വകുപ്പും സംയുക്തമായാണ് പുതിയ പദ്ധതി തയാറാക്കിതെന്നാണ് റിപ്പോർട്ടുകള്‍.