Fri. Nov 22nd, 2024
തിരുവനന്തപുരം:

പാലക്കാട് അഗളിയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ശൂന്യവേളയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തെന്നും ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റുകള്‍ക്കു വല്ലാത്ത പരിവേഷം ചാര്‍ത്തരുത്, അവര്‍ ‘അയ്യാ അല്‍പ്പം അരി താ’ എന്നു പറയുന്നവര്‍ മാത്രമല്ല, സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ തുറന്ന മനസ്സോടെ അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“നിരോധിത സംഘടനയില്‍പ്പെട്ടവരെ എല്ലാം വെടിവെച്ചുകൊല്ലല്‍ സര്‍ക്കാര്‍ നയമല്ല. മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വനമേഖലയിലേക്കു പോയപ്പോള്‍ വീണ്ടും മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. കോടതി നിര്‍ദ്ദേശം സ്വീകരിച്ച്, ഇത്തരം സംഭവങ്ങളില്‍ അനുശാസിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടന്നത് നാടകീയ സംഭവങ്ങളാണെന്നും വ്യാജ ഏറ്റുമുട്ടലാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ശൂന്യവേളയായിരുന്നു മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

കാണുന്ന മാത്രയില്‍ വെടിവെച്ച് കൊല്ലുന്നതാണോ ഇടതുനയമെന്നും കൊല്ലപ്പെട്ടവര്‍ക്ക് ഒരു വശത്ത് മാത്രമേ പരിക്കുള്ളൂ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ലീഗ് എംഎല്‍എ  ഷംസുദ്ദീന്‍ ആരോപിച്ചു.

അതേസമയം, അഗളിമലയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്ന് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകന്‍ വെളിപ്പെടുത്തി. ആദിവാസികളെ ദൂതന്മാരാക്കി ചര്‍ച്ചകള്‍ നടന്നിരുന്നെന്നും, അഗളി മുന്‍ എഎസ്പിയാണു ചര്‍ച്ചകള്‍ നടത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ആദിവാസി പ്രവര്‍ത്തകര്‍ മുഖേന പൊലീസിനെ അറിയിച്ചിരുന്നെന്നും എന്നാല്‍ കീഴടങ്ങല്‍ ധാരണ തെറ്റിച്ചത് പൊലീസാണെന്നും ആദിവാസി പ്രവര്‍ത്തകയും മധ്യസ്ഥയുമായ ശിവാനി വ്യക്തമാക്കി.

“ഇവര്‍ ഊരിലുള്ളവരെ സമീപിക്കുമ്പോള്‍ തോക്കുമായി വന്ന് ഭീഷണിപ്പെടുത്തുകയോ അവിടുത്തെ ആദിവാസികളെ ചൂഷണം ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. അവരെ വെടിവെച്ചുകൊന്ന നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ ആവില്ല. പൊലീസുമായി നേരിട്ട് സംസാരിക്കാന്‍ അവര്‍ സന്നദ്ധരായിരുന്നു. അതിനുള്ള സൗകര്യം പൊലീസ് ഒരുക്കിയിയില്ല. അതാണ് ഏറ്റവും വലിയ വീഴ്ച ”  ശിവാനി പറഞ്ഞു.

കേരള പോലീസിന്‍റെ തണ്ടര്‍ ബോള്‍ട്ട് സംഘം മാവോയിസ്റ്റുകളെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയതിനെ വിമര്‍ശിച്ച് ജസ്റ്റിസ് കമാല്‍ പാഷയടക്കം നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐഎമ്മില്‍ നിന്ന് യുവ നേതാക്കള്‍ രാജി വച്ചതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.