Fri. Mar 29th, 2024

കൊച്ചി:

രാവിലെ 7.25 നു ആലപ്പുഴയില്‍ നിന്ന് ഓടിക്കൊണ്ടിരിക്കുന്ന ആലപ്പുഴ- എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കിയതിലുള്ള ആശങ്ക സോഷ്യല്‍ മീഡിയയിലൂടെ പങ്കു വയ്ക്കുകയാണ് യാത്രക്കാര്‍

പതിനാറു ബോഗിയുള്ള പാസഞ്ചര്‍ റദ്ദാക്കി, പകരം വെറും പത്ത് ബോഗിയുള്ള മെമു സര്‍വീസ് ആരംഭിച്ചത് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. യാത്രക്കാരെ കുത്തി നിറച്ച് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന മെമുവിലെ ദുരിത യാത്രയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത് ദിനു ശിവദാസ് എന്ന യാത്രക്കാരനാണ്.

ദിനുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, ” രാവിലെ 7.25 നു ആലപ്പുഴയിൽ നിന്ന് 16 ബോഗിയുമായി ഓടിക്കൊണ്ടിരുന്ന ആലപ്പുഴ എറണാകുളം പാസഞ്ചർ ട്രെയിനിന് പകരം ഇപ്പോൾ 10 ബോഗി ഉള്ള മെമു ആക്കിയിരിക്കുന്നു. അതിൽത്തന്നെ 2 ലേഡീസ് ബോഗിയും കഴിഞ്ഞാൽ ബാക്കി വരുന്ന കോച്ചുകളിലായി 16 ബോഗിയിൽ കയറിയിരുന്ന യാത്രക്കാരെ കുത്തി നിറച്ചു എറണാകുളത്തേക്കു കൊണ്ടുപോകുന്നു.

പഴയ പാസഞ്ചർ ട്രെയിൻ ഒഴിവാക്കി പകരം എല്ലായിടത്തും മെമു ആക്കും എന്ന് റെയിൽവേ അവകാശപ്പെടുന്നുണ്ട്. അതിനായി ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്ന ആലപ്പുഴ എറണാകുളം പാസഞ്ചർ തന്നെ പരീക്ഷണത്തിന് തിരഞ്ഞെടുത്തത് ലജ്ജാവഹം” -ദിനു ഫേസ്ബുക്കില്‍ കുറിച്ചു.

ഈ റൂട്ടില്‍ നിന്നും എറണാകുളത്തുള്ള തൊഴിലിടങ്ങളിലേക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിച്ചേരാന്‍ ആലപ്പുഴ എറണാകുളം പാസഞ്ചർ ട്രെയിനാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്.അതിനാല്‍ പത്ത് ബോഗികള്‍ മാത്രമുള്ള മെമുവില്‍ ഈ യാത്ര ദുസ്സഹമാകുമെന്നതില്‍ സംശയമില്ല.