Mon. Dec 23rd, 2024
ലെബനന്‍:

 

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ രാജി പ്രഖ്യാപിച്ച് ലെബനന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരി. രാജ്യവ്യാപകമായി പ്രക്ഷോഭം 13-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് പ്രധാനമന്ത്രി പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിച്ചത്.

പ്രക്ഷോഭകരുടെ പ്രധാന ആവശ്യമായ രാജിക്ക് താന്‍ തയ്യാറാണെന്നും പ്രസിഡന്റ്  മൈക്കല്‍ ഔണിന് രാജിക്കത്ത് അടുത്ത ദിവസം നല്‍കുമെന്നും സാദ് ഹരീരി അറിയിച്ചു. രാജ്യത്ത് തുടരുന്ന അനിശ്ചിതാവസ്ഥ അവസാനിപ്പിക്കാന്‍ കൂടിയാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്.

മാറ്റം ആവശ്യപ്പെട്ട് മുറവിളിക്കൂട്ടുന്ന ആയിരക്കണക്കിന് ലെബനൻ ജനതയുടെ ആവശ്യത്തിനുള്ള മറുപടിയായാണ് തന്റെ രാജിയെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി സാദ് ഹരീരി ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ പറഞ്ഞു.

വാട്‌സ് ആപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കമാണ്  ജനങ്ങളെ ചൊടിപ്പിച്ചത്. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ പതിനായിരങ്ങളാണ് തെരുവിലറങ്ങി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചത്. നികുതി പിൻവലിച്ചെങ്കിലും ജനങ്ങൾ പ്രതിഷേധം തുടരുകയായിരുന്നു.

എന്നാല്‍, കുറേ വര്‍ഷങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും അഴിമതിയും സര്‍ക്കാരിലുള്ള വിശ്വാസമില്ലായ്മയും ഉള്‍പ്പെടെ ഒട്ടേറെ കാരണങ്ങള്‍കൊണ്ടാണ് സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം കടുക്കാന്‍ കാരണമായത്.

അതേസമയം, പ്രക്ഷോഭം ശക്തമായതോടെ ഹരീരിയുടെ സര്‍ക്കാരിനെ പിന്തുണച്ച് ഹിസ്‌ബൊള്ള നേതാവ് ഹസ്സന്‍ നസ്‌റുള്ള രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ രാജി വയ്ക്കുന്നത് രാജ്യത്തെ തകര്‍ക്കുമെന്നായിരുന്നു ഇദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

എന്നാല്‍, സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു പ്രക്ഷോഭകര്‍. മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോഴാണ് അദ്ദേഹം രാജിവെയ്ക്കാന്‍ തീരുമാനിച്ചത്.

By Binsha Das

Digital Journalist at Woke Malayalam