Thu. Apr 18th, 2024
കൊണ്ടോട്ടി:

പൊതുവിദ്യാഭ്യാസം ആദിവാസി ഗോത്ര സമൂഹങ്ങളുടെ പുരോഗതിക്ക് പര്യാപ്തമല്ലെന്നു സംവിധായിക ലീല സന്തോഷ്. എസ്ഐഒ യും ക്യാമ്പസ് അലൈവ് ഓൺലൈൻ മാഗസിനും സംയുക്തമായി കൊണ്ടോട്ടി മിനി ഊട്ടിയിൽ സംഘടിപ്പിച്ച ഫിലിം പഠന ക്യാമ്പ് ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അവർ.

ബദൽ വിദ്യാഭ്യാസ മേഖലയുടെ കടന്നുവന്നതിനാലാണ് സിനിമ എന്ന ജനകീയമായ മാധ്യമത്തിലേക്ക് എനിക്ക് പ്രവേശിക്കാനായത്. നിലവിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി ഒരു ആദിവാസിക്ക് വളർച്ച പ്രയാസകാരമാണ്. ഗോത്ര മനുഷ്യരെയും സ്ത്രീകളെയും കുറിച്ച പലതരം മുൻവിധികൾ മലയാള സിനിമയിൽ പ്രതിഫലിക്കുന്നുണ്ട്. അതിനെ തിരുത്തുക എന്ന ആഗ്രഹത്തോടെയാണ് സിനിമ മേഖലയിലേക്ക് കടന്നുവന്നത് – ആദിവാസി വിഭാഗത്തിലെ രാജ്യത്തെ ആദ്യ സംവിധായികയായ ലീല കൂട്ടിച്ചേർത്തു. എസ്ഐഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി ലീല സന്തോഷിന് ഉപഹാരം നൽകി.

ക്യാമ്പിൽ വ്യത്യസ്ത സെഷനുകളിലായി സംവിധായകൻ സകരിയ്യ, സംഗീതജ്ഞനും എഴുത്തുകാരനുമായ എ.എസ് അജിത് കുമാർ, തിരക്കഥാകൃത്ത് ഹുദൈഫ റഹ്മാൻ, അദർ ബുക്സ് എഡിറ്റർ എം. നൗഷാദ്, ഡോ. വി. ഹിക്മത്തുല്ല, ഡോ.ഷെയ്മ. പി, ഡോ. ഷഫീഖ് വളാഞ്ചേരി, ഷിയാസ് പെരുമാതുറ തുടങ്ങിയവർ സംസാരിച്ചു. എസ്ഐഒ സംവേദനവേദി കൺവീനർ മുഹമ്മദ് ശഫീഖ് അധ്യക്ഷത വഹിച്ചു. 2019 ഡിസംബർ 27, 28, 29 തിയ്യതികളിൽ കോഴിക്കോട് ബീച്ചിൽ വെച്ച് നടത്തപ്പെടുന്ന ‘ഫെസ്റ്റിവൽ ഓഫ് ഐഡിയാസ് ആൻറ് റസിസ്റ്റൻസി’ന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.