Tue. Nov 5th, 2024
ബാഗ്ദാദ്:

ഇറാഖിൽ സർക്കാരിനെതിരായ പ്രക്ഷോഭം കത്തിക്കാളുന്നു. തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനങ്ങളുടെ അഭാവം എന്നിവയ്ക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിന്ൽനിടയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നതായും 3,600 ലധികം പേർക്ക് പരിക്കേറ്റതായും ഇറാഖ് അധികൃതർ അറിയിച്ചു.

ഈ മാസം 25 മുതൽ 27 വരെ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 74 പേർ കൊല്ലപ്പെട്ടുവെന്ന് ഇറാഖി മനുഷ്യാവകാശ കമ്മീഷൻ അംഗം അലി അൽ ബയാതി പ്രസ്താവനയിൽ പറഞ്ഞതായി എഫെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധിപേര്‍ മരിച്ചത് വെടിവെയ്പ്പിലാണെന്നും ബയാതി പറ‍ഞ്ഞു. അതേസമയം, പ്രക്ഷോഭകരും തിരിച്ച് വെടിയുതി ര്‍ത്തിരുന്നെന്നും, നിരവധി സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റതായും ബയാതി പറഞ്ഞു.

കണ്ണീർ വാതകം മൂലം 3,654 പ്രതിഷേധക്കാര്‍ക്കും സുരക്ഷാ അംഗങ്ങൾക്കും പരിക്കേറ്റതായും ഭൂരിഭാഗം പേരും ആശുപത്രികൾ വിട്ടുപോയതായും അൽ ബയാത്തി വ്യക്തമാക്കി.

തലസ്‌ഥാനമായ ബാഗ്‌ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രക്ഷോഭകര്‍ക്ക് നേരെ സുരക്ഷാ സെെന്യം കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. ഈ കണ്ണീര്‍ വാതക പ്രയോഗത്തിലും വെടിവെയ്പ്പിലുമാണ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടത്. ബാഗ്‌ദാദിലെ തഹ്‌രിര്‍ സ്‌ക്വയര്‍ ഉള്‍പ്പെടെയുള്ളയിടങ്ങളിലെ പ്രതിഷേധക്കാരുടെ ടെന്റുകള്‍ പോലീസ്‌ നീക്കം ചെയ്‌തു.

പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തഹ്‌രീര്‍ സ്‌ക്വയറില്‍ പതിനായിരത്തോളം പേരാണ് ഒത്തുകൂടിയത്.

By Binsha Das

Digital Journalist at Woke Malayalam