screen-grab, copy rights: facebook
Reading Time: 4 minutes
കൊച്ചി:

സ്ത്രീ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ ഭരിക്കുന്ന കേരളം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഉത്തരേന്ത്യന്‍ കാലാവസ്ഥയ്ക്ക് മാത്രം ചേര്‍ന്നതാണെന്ന് വിശ്വസിക്കുന്ന മലയാളി അടങ്ങുന്ന കേരളം. നിയമ-നീതി ന്യായ വ്യവസ്ഥ സാധാരണക്കാരനു മുന്നില്‍ കൊഞ്ഞനം കുത്തുന്നത് പ്രാകൃതമായി കാണുന്ന കേരളം…നീളുന്ന വിശേഷണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയാണ്.

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള വാളയാറിലാണ് പതിമൂന്നും ഒന്‍പതും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ ദാരുണമായി മരണപ്പെട്ടത്. പട്ടികജാതി കുടുംബത്തില്‍പ്പെട്ട ദിവസക്കൂലി തൊഴിലാളികളുടെ കുട്ടികളാണവര്‍. അമ്പത്തിരണ്ടു ദിവസങ്ങളുടെ വ്യത്യാസത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടവര്‍. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പ്രകാരം ലൈംഗിക അതിക്രമത്തിനു പല തവണ വിധേയരായവര്‍. അവര്‍ മരിച്ചിട്ടു രണ്ടു കൊല്ലം കഴിഞ്ഞിരിക്കുന്നു.

ഇന്ന് കേരളം പ്രതിഷേധമഴിച്ചു വിട്ടിരിക്കുകയാണ്, ആ പിഞ്ചോമനകള്‍ക്ക് നിഷേധിക്കപ്പെട്ട നീതി തിരിച്ചു പിടിക്കാന്‍, ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പു മുട്ടുന്ന ആ മാതാപിതാക്കള്‍ക്ക് ആശ്വാസമേകാന്‍.

വാളയാറില്‍ സംഭവിച്ചതെന്താണ്? ചേച്ചിയുടെ മരണത്തിനു പിന്നിലെ കരങ്ങള്‍ കണ്ടെത്താന്‍ പോലീസിനു സാധിച്ചിരുന്നെങ്കില്‍ ഇളയ സഹോദരി ഇന്ന് നമ്മോടൊപ്പം ഉണ്ടാകുമായിരുന്നില്ലേ. ആ അച്ഛനമ്മമാരുടെ രണ്ടു പ്രതീക്ഷകളും ഒരു ചില്ലു കുടം പോലെ തകര്‍ന്നു പോയതിന്‍റെ ഉത്തരവാദിത്വം ആര്‍ക്ക്?

കേസ്സില്‍ പുനരന്വേഷണം സാധ്യമാക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. എന്നാല്‍, പൊലീസിന് സംഭവിച്ച വീഴ്ചകള്‍ക്ക് പരിഹാരം കാണുക എന്നിടത്ത് അവസാനിക്കാനുള്ളതാണോ ഈ സമ്മര്‍ദങ്ങള്‍?

അസ്വഭാവികത സ്വാഭാവികമാക്കിയ പോലീസ് ബുദ്ധി

2017 ജനുവരി 13 ന് വൈകീട്ട് 6 മണിയോടടുത്താണ് 11 വയസ്സുകാരിയായ മൂത്ത പെണ്‍കുട്ടിയെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കാണുന്നത്. സഹോദരിയായ 9 വയസ്സുകാരിയാണ് മൃതദേഹം ആദ്യമായി കണ്ടത്. സംഭവ സ്ഥലത്ത് നിന്നും മുഖംമൂടിയ രണ്ടുപേര്‍ ഓടിപ്പോകുന്നത് കണ്ടതായും അവരെ കണ്ട് ഭയന്ന താന്‍ ഒരു ഇലക്ട്രിക് പോസ്റ്റിന് പിറകില്‍ മറഞ്ഞ് നിന്നതായും ഒമ്പത് വയസ്സുകാരി അന്നു തന്നെ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞിരുന്നു.

പെണ്‍കുട്ടിയുടേത് കൊലപാതകമാണെന്ന് സംശയിക്കാവുന്ന ആദ്യത്തെ തെളിവാണിത്, എന്നാല്‍ പൊലീസ് ഈ മൊഴി കണക്കിലെടുത്തില്ല എന്നത് കേവല വീഴ്ചയായി കാണാവുന്നതല്ല.

വാളയാര്‍ പോലീസ് സ്റ്റേഷനിലെ അന്നത്തെ എസ്ഐ പിന്‍സണ്‍ പി ജോസഫ് തയ്യാറാക്കിയ പ്രാഥമികാന്വേഷണറിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ഏതോ “മനോവിഷമത്തില്‍ വീടിനുള്ളില്‍ കഴുക്കോലില്‍ ഷാളില്‍ കെട്ടിത്തൂങ്ങി മരണപ്പെട്ടു” എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.

വളരെ ദുരൂഹമായ സാഹചര്യത്തില്‍ ശരീരത്തില്‍ നിരവധി അടയാളങ്ങളോട്കൂടി മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു പെണ്‍കുട്ടി മനോവിഷമത്താല്‍ ആത്മഹത്യ ചെയ്തു എന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ എഴുതിവെക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത് എന്തായിരിക്കാം.

പെണ്‍കുട്ടി മരണപ്പെട്ടുവെന്ന് കരുതുന്നതിന്റെ ഏതാനും സമയം മുമ്പ് പോലും വളരെ സ്വാഭാവികമായി സമീപത്തുള്ളവരോട് സംസാരിച്ചുന്നു എന്നും അതിനാല്‍ ആത്മഹത്യയാവാന്‍ യാതൊരു സാദ്ധ്യതയുമില്ലെന്ന് പരിസരവാസികളില്‍ പലരും അന്ന് പൊലീസിനെ അറിയിച്ചിരുന്നു.

അസ്വാഭാവികമരണത്തിന് കേസ്സെടുത്ത പോലീസ്, ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിരുന്നിട്ടും കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ പോക്‌സോ നിയമപ്രകാരം കേസ്സെടുക്കാനോ, മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്താനോ പോലീസ് തയ്യാറായിരുന്നില്ല.

മരണത്തിന് മുമ്പ് പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആ വിവരം രക്ഷിതാക്കളെ അറിയിച്ചില്ല എന്ന് മാത്രമല്ല, സംഭവം ആത്മഹത്യ തന്നെയാണെന്നായിരുന്നു പൊലീസുകാര്‍ അവരോട് പറഞ്ഞിരുന്നത്.

മാര്‍ച്ച് മാസത്തില്‍ ഇളയപെണ്‍കുട്ടി കൂടി സമാനമായ രീതിയില്‍ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മൂത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്ന വിവരം പുറത്തറിയുന്നത്. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഇളയ മകളെയെങ്കിലും സംരക്ഷിക്കാമായിരുന്നുവെന്ന് കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പല തവണ പറഞ്ഞിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ മൂത്ത പെണ്‍കുട്ടിയുടെ കൊലപാതകത്തിന് സാക്ഷി കൂടിയായ ഇളയ പെണ്‍കുട്ടി പിന്നീട് കൊല്ലപ്പെട്ടതില്‍ പൊലീസിന്റെ പ്രവൃത്തികള്‍ക്കും പങ്കില്ലേ?

കെടുകാര്യസ്ഥത വിവാദമായപ്പോള്‍, കേസ്

രണ്ടാമത്തെ പെണ്‍കുട്ടി മരണപ്പെട്ടപ്പോഴും അതും ആത്മഹത്യയാണെന്നായിരുന്നു പോലീസുകാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, രണ്ട് പെണ്‍കുട്ടികളും മരണപ്പെട്ടതായി കണ്ടെത്തിയത് ആ കുടുബം തമസിച്ചിരുന്ന ശെല്‍വപുരത്തെ ഒരു ഒറ്റമുറി വീട്ടിലാണ്. മുതിര്‍ന്ന ആളുകള്‍ക്ക് പൊലും കൈ ഉയര്‍ത്തിയാല്‍ എത്താന്‍ പ്രയാസമുള്ള അത്രയും ഉയരത്തിലാണ് വീടിന്റെ കഴുക്കോലുള്ളത്.

സംഭവം നടക്കുമ്പോള്‍ വീടിനകത്ത് ഒരു കട്ടിലോ കസേരയോ ഒന്നുമുണ്ടായിരുന്നില്ല എന്നിരിക്കെ കുട്ടികള്‍ക്ക് സ്വയം തൂങ്ങാന്‍ കഴിയില്ല എന്നത് പ്രാഥമിക നോട്ടത്തില്‍ ഏതൊരാള്‍ക്കും നിഷ്പ്രയാസം മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.

എന്നാല്‍ 9 വയസ്സുള്ള ഒരു കുട്ടി എങ്ങിനെ ആത്മഹത്യ ചെയ്യുമന്നതും നാല് അടിയില്‍ കൂടുതല്‍ ഉയരമില്ലാത്ത ഈ പെണ്‍കുട്ടികള്‍ എങ്ങിനെ കഴുക്കോലില്‍ സ്വയം തൂങ്ങുമെന്നതും വലിയ ചോദ്യങ്ങളായി ഉയര്‍ന്നു.

അതോടെ പൊലീസ് പോക്സോ കൂടി ചുമത്തി ബലാത്സംഗക്കേസ് ചാർജ്ജ് ചെയ്ത് അന്വേഷണം തുടങ്ങി. പ്രായപൂർത്തിയാകാത്ത ഒരാളടക്കം ഏഴുപേർ പ്രതിചേർക്കപ്പെട്ടു. പൊലീസ് സംശയിക്കുകയും ചോദ്യം ചെയ്യുകയുമൊക്കെ ചെയ്ത മൈനറായ വ്യക്തി കേസന്വേഷണത്തിനിടെ ആത്മഹത്യചെയ്‌തു.

മറ്റുള്ള പ്രതികളിൽ ഒന്നാം പ്രതി വി മധു, നാലാം പ്രതി കുട്ടിമധു എന്ന എം മധു എന്നിവർ മരണപ്പെട്ട കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കളായിരുന്നു. അതിനുപുറമെ രാജാക്കാട് സ്വദേശിയായ ഷിബു  രണ്ടാം പ്രതിയായും, ചേർത്തല സ്വദേശിയായ പ്രദീപ് മൂന്നാം പ്രതിയായും  പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

പ്രസ്തുത കേസിന്റെ വിചാരണയ്‌ക്കൊടുവിലാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ്‌ കോടതി (പോക്സോ) പ്രതികളായ പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. മൂന്നാം പ്രതിയായ പ്രദീപിനെ സെപ്റ്റംബർ 30 -ന്  ഇതേ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു.

വക്കാലത്തേറ്റെടുക്കാന്‍ ശിശുക്ഷേമ സമിതി, രക്ഷിക്കാന്‍ രാഷ്ട്രീയക്കാര്‍

കേസിന്റെ കാര്യത്തിലുണ്ടായ വീഴ്ചകളുടെ പേരിൽ പാലക്കാട് ശിശുക്ഷേമസമിതിയും വിമര്‍ശനങ്ങളേറ്റുവാങ്ങുന്നുണ്ട്. ആദ്യ മരണമുണ്ടായപ്പോൾ പ്രശ്നത്തിൽ ഇടപെടാനോ വേണ്ടത് ചെയ്യാനോ ശിശുക്ഷേമസമിതി മുതിർന്നിരുന്നില്ല.

മാത്രമല്ല, പോക്‌സോ കോടതിയില്‍ വിചാരണ തുടങ്ങിയപ്പോള്‍, മൂന്നാം പ്രതിയായ പ്രദീപ് കുമാറിനു വേണ്ടി പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍. രാജേഷ് ഹാജരായി. കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി നിലകൊള്ളേണ്ട ശിശുക്ഷേമസമിതിയുടെ തലപ്പത്തുള്ളവർ തന്നെ പ്രതികളുടെ വക്കാലത്തേറ്റെടുത്തുകൊണ്ട് കോടതിയിൽ പോകുന്നതിലെ വൈരുദ്ധ്യം അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

തങ്ങളുടെ മക്കളെ പ്രതികൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന് തങ്ങൾ തന്നെ ഒരിക്കൽ സാക്ഷിയായിട്ടുണ്ട് എന്ന് ആദ്യത്തെ കുട്ടിയുടെ മരണം നടന്നപ്പോൾ തന്നെ പൊലീസിന്  മൊഴികൊടുത്തിട്ടും അവർ വേണ്ടത്ര ഗൗരവത്തിലെടുക്കുകയുണ്ടായില്ല എന്ന് കുട്ടികളുടെ അച്ഛനമ്മമാർ പറഞ്ഞു.

അന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ ചില രാഷ്ട്രീയക്കാർ ഇടപെട്ട് മണിക്കൂറുകൾക്കകം ജാമ്യത്തിലിറക്കുകയായിരുന്നെന്നും കുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ പ്രതികളുടെ കൊടിയുടെ നിറം പിന്തുടര്‍ന്ന് വിവാദങ്ങല്‍ കനക്കുന്നുണ്ട്.

ഈ കുട്ടികൾ ലൈംഗികമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് വിചാരണയ്ക്കൊടുവിൽ കോടതിയ്ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കുറ്റം ചെയ്തത് പ്രതികൾ തന്നെയാണെന്നു സംശയാതീതമായി തെളിയിക്കാൻ പൊലീസിനും പ്രോസിക്യൂഷനും സാധിച്ചിട്ടില്ല എന്ന നിരീക്ഷണത്തോടെയാണ് സെഷൻസ് കോടതി പ്രതികളെ ഇപ്പോൾ വെറുതെ വിട്ടിരിക്കുന്നത്.

ഉള്ള സ്ഥലവും വീടുമൊക്കെ വിറ്റുപെറുക്കിയിട്ടാണെങ്കിലും കേസ് മേൽക്കോടതികളിൽ തുടർന്നും നടത്തുമെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ വിധിച്ചു കിട്ടും വരെ തങ്ങളുടെ പോരാട്ടങ്ങൾ തുടരുമെന്നും പെൺകുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു.

തുടക്കം മുതലേ അന്വേഷണത്തിലും മൊഴിയെടുക്കലിലും വീഴ്ച പറ്റിയെന്ന് സൂചനകളുണ്ടായിരുന്നെന്നും, മൊഴികളും സാഹചര്യത്തെളിവുകളും ദുർബലമായ കേസ് ഈ രീതിയിൽ ആകും എന്ന് അന്നേ സംശയം ഉണ്ടായിരുന്നു എന്നും വാളയാർ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന ജലജ മാധവന്‍ പറഞ്ഞു.

അന്വേഷണത്തിലുള്ള വീഴ്ചയും, ഉദ്യോഗസ്ഥരുടെ അനാസ്ഥയും കൂടുതല്‍ തെളിവുകളോടെ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

പോലീസ് വന്നാലും, സിബിഐ വന്നാലും ഇരകള്‍ക്ക് നീതി കിട്ടണം. പരസ്പരം പഴിചാരാനുള്ള അവസരമായി രാഷ്ട്രീയക്കാരും, ലൈക്കുകളും കമന്‍റുകളും വാരിക്കൂട്ടാനുള്ള ഒരു പോസ്റ്റായി സമൂഹവും ഈ കേസിനെ കാണാതിരിക്കുക…#justice for walayar sisters.

Advertisement