ജലന്ധർ:
പഞ്ചാബിലെ ജലന്ധറില്‍ പടക്കക്കെട്ടുകൾക്ക് തീ പിടിച്ച് സ്ഫോടനം ഉണ്ടായി. എന്നാല്‍ ഞായറാഴ്ച നടന്ന സ്‌ഫോടനത്തിൽ വന്‍ ദുരന്തം ആണ് ഒഴിവായത്. ജനവാസ മേഖലയില്‍ ഒഴിഞ്ഞ സ്ഥലത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കക്കെട്ടുകളാണ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കെല്ലാം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ആളപായമൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 15 വീടുകൾക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.
ദുരന്ത സ്ഥലത്തിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ ദൂരം വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടിരുന്നു.
ചൈനീസ് നിർമ്മിത പടക്കം 30 ബോക്സുകളിലായാണ് സൂക്ഷിച്ചിരുന്നത്. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
നേരത്തെ, രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഗുരുദാസ്പൂർ ജില്ലയിലെ ജനവാസമേഖലയില്‍ അനധികൃത പടക്ക നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ 21 പേർ കൊല്ലപ്പെടുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.