ദില്ലി:
ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രോത്സാഹജനകമെന്നു കോൺഗ്രസ്. പ്രതിപക്ഷത്തിന്റെ ശബ്ദം സർക്കാർ അടിച്ചമർത്തുന്നതിനെ ജനങ്ങൾ ഇപ്പോൾ ചോദ്യം ചെയ്യുകയാണെന്നു കോൺഗ്രസ് പറഞ്ഞു. കോൺഗ്രസിനും രാജ്യത്തിനും ഇത് പ്രോത്സാഹജനകമായ ഫലമാണെന്നാണ് കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞത് .
”പ്രതിപക്ഷത്തിന്റെ ശബ്ദം തകർക്കാൻ സർക്കാർ ശ്രമിക്കുകയാണെങ്കിൽ, അത് ജനങ്ങൾ ചോദ്യം ചെയ്യുകയാണ്, മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടു. ”- അദ്ദേഹം വ്യക്തമാക്കി.
ഹരിയാനയിൽ ആകെയുള്ള 90 സീറ്റിൽ 34 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ മഹാരാഷ്ട്രയിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സഖ്യം 288 സീറ്റുകളിൽ 104 സീറ്റുകളിൽ മുന്നിലാണ്.
കോൺഗ്രസ് ബിജെപിയെപ്പോലെയല്ലെന്നും വേണുഗോപാൽ പറഞ്ഞു. “ഞങ്ങൾ ജനങ്ങളുടെ വിധി നേരിടുകയാണ്, അന്തിമ ഫലങ്ങൾ നമുക്ക് കാണാം , തീർച്ചയായും പാർട്ടി ശക്തമായി തിരിച്ചുവരും,” അദ്ദേഹം പറഞ്ഞു.
അതേസമയം, എക്സിറ്റ് പോൾ ഫലങ്ങൾ കാറ്റിൽ പറത്തുന്നതായിരുന്നു ഇരു സംസ്ഥാനങ്ങളിലെയും ലീഡ് നില. എക്സിറ്റ് പോളുകളിൽ ഇന്ത്യ ടുഡേ ഒഴികെയുള്ളവരെല്ലാം ബിജെപിയുടെ സമ്പൂർണ വിജയമാണ് ഇവിടെ പ്രവചിച്ചിരുന്നത്.