ഡൽഹി:
ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ 10 ദിവസം നീണ്ടു നിന്ന പ്രക്ഷോഭങ്ങൾ അവസാനിച്ചു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഇസ്രായേൽ പ്രതിനിധികളെ യൂണിവേഴ്സിറ്റി പരിസരത്തു നിന്നും മാറ്റിനിർത്തുമെന്നു സർവകലാശാല അധികാരികൾ ഉറപ്പു നൽകി. പ്രതിഷേധത്തിൽ പങ്കെടുത്ത അഞ്ച് വിദ്യാർത്ഥികൾക്കെതിരായ അച്ചടക്ക നടപടിയും സർവകലാശാല റദ്ദാക്കിയിട്ടുണ്ട്.
പ്രതിഷേധത്തിന്റെ പത്താം ദിവസം ആയിരത്തോളം വിദ്യാർത്ഥികൾ പണിമുടക്കിൽ പങ്കെടുത്തു. സർവകലാശാല മേധാവി വസീം അഹ്മദ് ഖാൻ ഒടുവിൽ വിദ്യാർത്ഥികളെ കണ്ട്, തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുകയായിരുന്നുവെന്നു യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സിനു പഠിക്കുന്ന ഷഹീൻ അബ്ദുല്ല പറഞ്ഞു
ഒക്ടോബർ 5, 6 തീയതികളിൽ ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ നടക്കാനിരുന്ന ആർക്കിടെക്ചർ ആന്റ് എക്കിസ്റ്റിക്സ് ഫാക്കൽറ്റി സംഘടിപ്പിച്ച ‘ഗ്ലോബൽ ഹെൽത്ത് സെനിത്ത് സംഗമം’ 19 എന്ന അന്താരാഷ്ട്ര സെമിനാറിൽ ഇസ്രായേൽ പങ്കെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
പ്രതിഷേധിച്ച അഞ്ച് വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി അധികൃതർ അച്ചടക്ക നടപടിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ, വിദ്യാർത്ഥികൾ വിസിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുകയും അച്ചടക്ക നടപടി പിൻവലിക്കുകയുമായിരുന്നു.
അതേസമയം, പുറത്തുനിന്ന് യൂണിവേഴ്സിറ്റിയിൽ പ്രവേശിച്ച ഒരു സംഘം ആളുകളെ പ്രതിഷേധക്കാരായ വിദ്യാർത്ഥികൾ തടഞ്ഞതോടെ, ശാന്തമായ അന്തരീക്ഷം അക്രമാസക്തമായിരുന്നു. പ്രതിഷേധ സ്ഥലത്ത് ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തു നിന്ന് പ്രവേശിച്ച സംഘത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നു വിദ്യാർഥികൾ ആരോപിച്ചു.
സംഘം പ്രതിഷേധക്കാരായ വിദ്യാർത്ഥിനികളെ ആക്രമിച്ചു. വിദ്യാർത്ഥിനികളെ ബെൽറ്റ് ഉപയോഗിച്ച് ആക്രമിക്കുകയും വലിച്ചിഴയ്ക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. പൂച്ചെട്ടിയും സ്റ്റിക്കുകളും ആക്രമിക്കാൻ ഉപയോഗിച്ചിരുന്നതായി ആക്രമണത്തിനിരയായ ലദീദ എന്ന വിദ്യാർത്ഥിനി ഫേസ്ബുക്കിൽ കുറിച്ചു.