Wed. May 8th, 2024
തിരുവനന്തപുരം:

എറണാകുളം നിയമസഭാ മണ്ഡലം നിലനിർത്തി വീണ്ടും കോൺഗ്രസ്. എതിരാളിയായ സിപിഐ-എം പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി മനു റോയിയെ 4,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കോൺഗ്രസ് സ്ഥാനാർഥി ടി ജെ വിനോദ് യുഡിഎഫിന്റെ പൊന്നാപുരം കോട്ടയായ എറണാകുളം നിയമസഭാ മണ്ഡലത്തിൽ വിജയിച്ചത്.

കുറച്ചുകാലമായി എറണാകുളം കോൺഗ്രസ്സിന്റെ ശക്തികേന്ദ്രമാണെങ്കിലും, ഭൂരിപക്ഷം 21,000 ൽ നിന്ന് ഇത്തവണ 4,000 ആയി കുറഞ്ഞു. എറണാകുളത്തിന്റെ ചരിത്രത്തിൽ യു ഡി എഫ് നേടുന്ന ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. 2016 ല്‍ 57,819 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹൈബി ഈഡന് ലഭിച്ചിരുന്നത്.

എന്നാൽ പോളിംഗ് ദിനത്തിലുണ്ടായ കനത്ത മഴയാണ് ഭൂരിപക്ഷം കുറയാൻ കാരണമെന്നും, “എന്റെ വിജയം എന്റെ വോട്ടർമാർക്ക് സമർപ്പിക്കുന്നു,” എന്നും ടി ജെ വിനോദ് പറഞ്ഞു. തിരഞ്ഞെടുപ്പ് ദിനമായ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിൽ 57.90 ശതമാനം പോളിംഗ് മാത്രമാണ് എറണാകുളത്ത് രേഖപ്പെടുത്തിയിരുന്നത്.

എല്ലാ റൗണ്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന് 37891 വോട്ടുകളും. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി മനു റോയ്ക്ക് 34141വോട്ടുകളും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന് 13351 വോട്ടുകളുമാണ് ലഭിച്ചത്.

1982ൽ കളമശ്ശേരി സെന്റ് പോൾസ് കോളേജ് വിദ്യാർത്ഥിയായിരിക്കെ കെഎസ്‌യുവിലൂടെയാണ് ടിജെ വിനോദ് പൊതുരംഗത്ത് എത്തുന്നത്. തുടർന്ന്, 2002 ൽ കൊച്ചിയുടെ ഡെപ്യൂട്ടി മേയറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി കോർപ്പറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ആർച്ചറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കേരള ഒളിമ്പിക് അസോസിയേഷൻ എക്‌സിക്യൂട്ടിവ് മെമ്പർ എന്നീ നിലകളിലും ടി ജെ വിനോദ് പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും, കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുമാണ്.