Fri. Apr 26th, 2024
പനമരം:

 
കഴിഞ്ഞ പ്രളയ കാലത്തു നാശം വിതച്ച വയനാട്ടിലെ ആദിവാസി കോളനിയിൽ വീട് വെച്ചു നല്കാമെന്നുള്ള വാഗ്ദാനം ചെയ്‌തു മഞ്ജു വാര്യർ ഫൗണ്ടേഷൻ തങ്ങളെ ചതിച്ചതായി ആദിവാസി ദളിത് സംഘടനകൾ ആരോപിച്ചു. പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസികോളനിയിലെ 57 കുടുംബങ്ങളുടെ പുനരധിവാസമായിരുന്നു 2017 ലെ പ്രളയ കാലത്തു മഞ്ജുവാര്യർ സ്വയം ഏറ്റെടുത്ത്. കോളനിയിലെത്തിയുള്ള വാഗ്ദാനം കൂടാതെ പഞ്ചായത്തു ജില്ലാ ഭരണകൂടത്തിനും താൻ ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിരുന്നു.

മഞ്ജു വാരിയർ ഫൗണ്ടേഷന്റെ വാഗ്ദാനത്തിനു അനുമതി നൽകിയ ഭരണകൂടം അവരുടെ വാക്കിൽ വിശ്വസിച്ചു മറ്റു മേഖലകളിലെ പുനരധിവാസത്തിന് കൂടുതൽ പ്രാധാന്യം നൽകി. എന്നാൽ 2019 ലെ പ്രളയം ഉണ്ടായപ്പോഴും മഞ്ജു വാര്യർ ഫൗണ്ടേഷന്റെ ആരും തന്നെ ഈ മേഖലയിലേക്ക് തിരഞ്ഞു പോലും നോക്കിയില്ല. ഫൗണ്ടേഷന്റെ വാക്കിന്റെ പുറത്തു സർക്കാർ സഹായങ്ങളും കോളനി നിവാസികൾക്ക്‌ ലഭിച്ചതുമില്ല.

ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ മുൻ നിർത്തി, പ്രമുഖ ജൂവല്ലറിയുടെ ബ്രാൻഡ് അംബാസിഡറായ മഞ്ജു വാര്യർ ധനസമാഹരണം നടത്തിയിരിക്കാമെന്നു ആദിവാസി സംഘടനകൾ ആരോപിക്കുന്നു. ആദിവാസി ക്ഷേമത്തിന് വേണ്ടി സമാഹരിച്ച ധനം അവർക്കു വേണ്ടിത്തന്നെ വിനിയോഗിച്ചില്ലെങ്കിൽ സർക്കാർ അനധികൃതമായി ശേഖരിച്ച ധനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കൊടുത്ത വാഗ്ദാനങ്ങൾ രണ്ടു വർഷമായും നടത്താത്തതിൽ പ്രതിഷേധിച്ച് പനമരം 9-ആം വാർഡ് മെമ്പർ എം എ തോമസ് നിയമ നടപടിക്കൊരുങ്ങുകയും വയനാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയ്ക്കു പരാതി നൽകുകയും ചെയ്തിരുന്നു. “തനിക്കു ഒറ്റയ്ക്ക് പദ്ധതി മുന്നോട്ടു കൊണ്ടുപോകുവാൻ ബുദ്ധിമുട്ടുണ്ടെന്നും, നിലവിൽ മൂന്നു ലക്ഷത്തിഅമ്പതിനായിരം രൂപ ചിലവാക്കി കഴിഞ്ഞെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഇനി 10 ലക്ഷം രൂപ കൂടിയേ തങ്ങൾക്കു നൽകുവാൻ സാധിക്ക്കുവെന്നും, നേരിട്ട് ഹാജർ ആകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും,” ഈ പരാതിക്കു മറുപടിയായി മഞ്ജു വാര്യർ നൽകിയ സത്യവാങ് മൂലത്തിൽ പറഞ്ഞു.

ഫൗണ്ടേഷൻ പ്രഖ്യാപിച്ച പദ്ധതിക്ക് ഏകദേശം രണ്ടര കോടിയോളം രൂപ ചിലവാകും. സിനിമ രംഗത്തു സജീവമായ മഞ്ജു വാര്യർക്ക് ഈ തുക സമാഹരിക്കാൻ വലിയ പ്രയാസമുള്ള കാര്യമല്ല. ഈ സാഹചര്യത്തിൽ സർക്കാർ ഈ പ്രശ്നത്തിലിടപെട്ടു ഒരു പരിഹാരം കാണുവാൻ മുന്നോട്ടു വരണം. ഇതിനു ഫൌണ്ടേഷൻ തയ്യാറാകുന്നില്ലെങ്കിൽ ഇതുവരെ സമാഹരിച്ച തുകയെ പറ്റി സർക്കാർ അന്വേഷിക്കണമെന്ന് ആദിവാസി സംഘടനകൾ ആവശ്യപ്പെട്ടു.

വയനാട്ടിൽ ആദിവാസി മേഖലയിൽ ദുരിതം തുടരുകയാണ്. സർക്കാരും സംഘടനകളും ചേർന്ന് ഏർപ്പെടുത്തിയ പല സഹായങ്ങളും ഇതുവരെ എത്തിയിട്ടില്ല. പലരുടെയും വീടുകൾ ഇപ്പോഴും വാസയോഗ്യമായിട്ടില്ല. ആദിവാസികൾക്ക് ആവശ്യത്തിലേറെ സഹായങ്ങൾ കിട്ടുന്നുണ്ടെന്നാണ് പുറമെ ഉള്ളവരുടെ വിശ്വാസം പക്ഷെ ഞങ്ങൾ തഴയപ്പെടുകയാണ്. മഞ്ജു വാര്യർ ഫൌണ്ടേഷൻ പോലെയുള്ള സംഘടനകൾ സഹായങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ അതിനുള്ള തുക സർക്കാർ നേരത്തെ തന്നെ ഈടാക്കണം. അല്ലെങ്കിൽ ഞങ്ങൾ വീണ്ടും വഞ്ചിക്കപ്പെടും. ആദിവാസികളുടെ ക്ഷേമത്തിനായി സർക്കാർ കൂടുതൽ ഇടപെടണം. മഞ്ജു വാര്യർ ഫൗണ്ടേഷൻ നിലപാടുകൾ മാറ്റിയില്ലെങ്കിൽ ആദിവാസി ദളിത് സംഘടനകൾ നിയമ നടപടിക്ക് തയ്യാറാകും. ആദിവാസി സംസ്ഥാന കോ-ഓർഡിനേറ്റർ എം ഗീതാനന്ദൻ, കേരള ദളിത് മഹാസഭ അദ്ധ്യക്ഷൻ സി എസ് മുരളി എന്നിവർ പറഞ്ഞു.