Tue. Nov 5th, 2024
ധാക്ക:

 
ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷനും താരങ്ങളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് താരങ്ങൾ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. തങ്ങളുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും അസോസിയേഷൻ അംഗീകരിച്ചതിനാലാണ് പണി മുടക്കിൽ നിന്നും താരങ്ങൾ പിന്മാറിയത്.

ശമ്പള ആവശ്യങ്ങൾ പരിഗണിക്കുന്നതുവരെ ഒരു ക്രിക്കറ്റ് മത്സരങ്ങളിലും പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബംഗ്ലാദേശിലെ മുൻനിര ക്രിക്കറ്റ് താരങ്ങൾ കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ പണിമുടക്കിയിരുന്നു.

മുൻ നിര താരങ്ങളായ ഷാകിബ് ഉൽ ഹസൻ, തമിം ഇക്ബാൽ, മുഷ്‌ഫിഖർ റഹിം എന്നിവർ ബിസിബി ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടത്തിയ യോഗത്തിൽ തങ്ങളുടെ 11 പോയിന്റ് ആവശ്യങ്ങൾ അവതരിപ്പിച്ചു.

ഒക്ടോബർ 21 ന് മുൻ നിര താരങ്ങളും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാരും ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച ധാക്കയുടെ ഒന്നാം ഡിവിഷൻ ലീഗിൽ നിന്നുള്ളവരെ പോലും ആകർഷിച്ചിരുന്നു.

ഉടനെ നടത്തുവാൻ ഇരിക്കുന്ന മൂന്നു ട്വന്റി ട്വന്റി മത്സരവും 2 ടെസ്റ്റ് മത്സരവുമുള്ള ഇന്ത്യൻ പരമ്പരയെ സമരം ബാധിക്കുമോ എന്ന് പോലും ഭയന്നിരുന്നു.

ബുധനാഴ്‌ച രാത്രി നടന്ന ചർച്ചയിൽ പരിഹാരമായെന്നും, താരങ്ങൾ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് തിരികെയെത്തുമെന്നും, ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്തു.

ഉടനെ തന്നെ ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കും. അടുത്ത ഞായറാഴ്ച നാഷണൽ ക്രിക്കറ്റ് ലീഗ് ആരംഭിക്കും,ഒക്ടോബർ 25 നു നടക്കുന്ന ഇന്ത്യൻ പര്യടനത്തിന് മുന്നേയുള്ള പരിശീലന ക്യാമ്പിൽ ദേശീയ താരങ്ങൾ പങ്കെടുക്കും.

ബുധനാഴ്ച ബിസിബി മേധാവി ഹസ്സനും ടീം ഡയറക്ടർ നെയ്മുർ റഹ്മാനും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സന്ദർശിച്ചിരുന്നു. ഹസീനയുടെ ഇടപെടലിനുശേഷം ബിസിബി അവരുടെ കടുത്ത നിലപാടിൽ നിന്ന് പിന്മാറുകയും കളിക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സമ്മതിക്കുകയും ചെയ്തു.

കളിക്കാർ തങ്ങളുടെ രണ്ടാവശ്യങ്ങൾ കൂടി ബുധനാഴ്ച അവതരിപ്പിച്ചിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് അറിയില്ലെന്നും നിലവിൽ അവർ മുന്നോട്ടു വെച്ച 11 ആവശ്യങ്ങൾ അംഗീകരിക്കുന്നതായും പറഞ്ഞു. ബിസിബി തങ്ങൾക്കു കിട്ടുന്ന വരുമാനത്തിന്റെ ഒരംശം താരങ്ങൾക്കു കൂടി നൽകുക, വനിതാ കളിക്കാർക്ക് തുല്യ വേതനം ഉറപ്പാക്കുക എന്നിവയായിരുന്നു അവർ അവസാനം വെച്ച രണ്ടു ആവശ്യങ്ങൾ.

“ഇതൊരു നല്ല തീരുമാനമാണ്. ഞങ്ങൾ മുന്നോട്ടു വെച്ച ആവശ്യങ്ങൾ ഉടനെ തന്നെ നടത്തുമെന്ന് ക്രിക്കറ്റ് ബോർഡ് ഉറപ്പു നൽകി കഴിഞ്ഞു. ആയതിനാൽ കളിക്കളത്തിലേക്കു ഞങ്ങൾ ഉടനെ തന്നെ ഇറങ്ങുന്നതാവും. പുതിയ ഭരണ സമിതിയ്ക്കായുള്ള തിരഞ്ഞെടുപ്പും ഉടനെയുണ്ടാവുമെന്നും അവർ പറഞ്ഞിട്ടുണ്ട്,” ബംഗ്ലാദേശ് ടീം ക്യാപ്റ്റൻ ഷാകിബ് ഉൽ ഹസൻ പറഞ്ഞു.

പ്രഖ്യാപനത്തിനു വന്നതിനു ശേഷം ബിസിബി അംഗങ്ങൾ താരങ്ങളെ നിശിതമായി വിമർശിച്ചു. ബിസിബിയോട് ഔദ്യോഗിഗമായി ഒന്നും ആവശ്യപ്പെട്ടില്ലന്നും, മാധ്യമങ്ങളെ കരുവാക്കിയാണ് അവർ ഇത് നേടിയെടുത്തതെന്നും. ബിസിബി അദ്ധ്യക്ഷൻ നാസമുൽ ഹസൻ ആരോപിച്ചു.